കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ പരിഷ്‌കാരങ്ങളില്ലാത്തത് ഏറെക്കാലമായി ചര്‍ച്ചാവിഷയമാണ്.
പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ കേരളംവിട്ട് വിദേശങ്ങളിലേക്ക് പോകുന്നതിനാല്‍ സംസ്ഥാനത്തുതന്നെ മികച്ച വിദ്യാഭ്യാസത്തിന് അവസരമൊരുക്കണമെന്നും സര്‍വകലാശാലാ നയത്തില്‍ മാറ്റം വേണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുകയുണ്ടായി.നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി സംസ്ഥാനത്തെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുമായി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വെച്ച് നടത്തി മുഖാമുഖം പരിപാടിയില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് വിവരിച്ചു. ഈ മാറ്റങ്ങളില്‍ ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.
ബിരുദ പഠനത്തിനിടയില്‍ പാര്‍ട്ട് ടൈം ജോലി, കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഇലെക്റ്റീവുകള്‍, കേരളത്തിലെ ഏതൊരു യൂണിവേഴ്‌സിറ്റിയില്‍ നിന്നും മറ്റൊരു യൂണിവേഴ്‌സിറ്റിയിലേക്ക് ട്രാന്‍സ്ഫര്‍ തുടങ്ങിയ കാതലായ ചില പരിഷ്‌കാരങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ക്കിടയാക്കുമെന്ന് മുരളി തുമ്മാരുകുടി പറയുന്നു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുന്ന മാറ്റങ്ങള്‍
"ഇന്നലെ, ഫെബ്രുവരി 18, 2024, കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ച് കേരള മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചീഫ് സെക്രട്ടറിയും മിക്ക യൂണിവേഴ്‌സിറ്റികളുടെ വൈസ് ചാന്‍സലര്‍മാരും ഉണ്ടായിരുന്നു. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.നാല്പത് മിനുട്ടോളം മുഖ്യമന്ത്രി സംസാരിച്ചു. അതിന് ശേഷം അറുപത് വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ചോദിച്ചു. മൂന്നു മണിക്കൂറില്‍ കൂടുതല്‍ നീണ്ട ചടങ്ങായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുത്താന്‍ പോകുന്ന വലിയ ചില മാറ്റങ്ങളെ പറ്റി അദ്ദേഹം സംസാരിച്ചിരുന്നു. നമ്മുടെ മാധ്യമങ്ങള്‍ ഒന്നും അത് റിപ്പോര്‍ട്ട് ചെയ്തതായി കണ്ടില്ല.
എനിക്ക് ഏറ്റവും പ്രധാനമായി തോന്നിയ നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്.
1. കേരളത്തിലെ ഏതൊരു യൂണിവേഴ്‌സിറ്റിയില്‍ നിന്നും മറ്റൊരു യൂണിവേഴ്‌സിറ്റിയിലേക്ക് ട്രാന്‍സ്ഫര്‍ ലഭ്യമാകും.
2. കേരളത്തിലെ ഏതൊരു കോളേജില്‍ നിന്നും മറ്റൊരു കോളേജിലേക്കും ട്രാന്‍സ്ഫര്‍ സാധ്യമാകും.
3. ബിരുദ പഠനത്തിന് ഇപ്പോഴത്തെ പോലെ നിയന്ത്രിതമായ വിഷയങ്ങള്‍ അല്ല, കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഇലെക്റ്റീവുകള്‍ എടുക്കാനുള്ള അവസരം ഉണ്ടാകും. കണക്കും സംഗീതവും പഠിക്കാം, ഫിസിക്സും സൈക്കോളജിയും പഠിക്കാം.
4. ബിരുദപഠനത്തോടൊപ്പം എന്തെങ്കിലും തൊഴില്‍ പഠിക്കാം.
5. ബിരുദ പഠനത്തിനിടെ പാര്‍ട്ട് ടൈം ജോലി ചെയ്യാം. വേണമെങ്കില്‍ ഒരു സെമസ്റ്റര്‍ മൊത്തമായി മാറി നില്‍ക്കാം.
6. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നു വര്‍ഷത്തെ ബിരുദം രണ്ടര വര്‍ഷത്തില്‍ ചെയ്തു തീര്‍ക്കാം.
7. പഠിച്ചു കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും സമയബന്ധിതമായി ലഭിക്കും.
8. മുന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യാനായി Kerala Resources for Educational Administration and Planning (K-REAP) എന്നൊരു സംവിധാനം ഉണ്ടാകും.
ഈ കാര്യങ്ങളെല്ലാം ഞാന്‍ ഉള്‍പ്പടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതിയില്‍ താല്പര്യമുള്ളവര്‍ ഏറെ നാളുകളായി പറയുന്നതാണ്. പുതിയ വിദ്യാഭ്യാസ നയം ഇതിനുള്ള അവസരങ്ങള്‍ നല്‍കുന്നുമുണ്ട്. കേരളത്തില്‍ ഉള്ള സംസ്ഥാന സര്‍വ്വകലാശാലകള്‍ തമ്മില്‍ മാത്രമല്ല കേന്ദ്ര യൂണിവേഴ്‌സിറ്റി, ഐ.ഐ.ടി, ഐ.ഐ.എം, ഗവേഷണ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ ഒക്കെ ഇതിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍ തീര്‍ച്ചയായും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കുതിച്ചു ചാട്ടവും ഗുണകരമായ മാറ്റങ്ങളും ഉണ്ടാകും. നമ്മുടെ യൂണിവേഴ്‌സിറ്റികള്‍ക്കും ഓട്ടോണമസ് കോളേജുകള്‍ക്കും കേരളത്തിന് പുറത്തും വിദേശത്തും ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കാനുള്ള, സ്റ്റുഡന്റ്/ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച് നടത്താനുള്ള സഹായവും കൂടി കൊടുത്താല്‍ തീര്‍ച്ചയായും അത് വലിയ പ്രയോജനം ചെയ്യും. ഈ മാറ്റങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അഭിനന്ദനങ്ങള്‍, നന്ദി.
0 comments: