2024, ഫെബ്രുവരി 11, ഞായറാഴ്‌ച

അടുത്ത അധ്യയന വർഷംമുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോക്സോ നിയമം പഠിപ്പിക്കും

 

അടുത്ത അധ്യയന വർഷംമുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോക്സോ നിയമം പഠിപ്പിക്കും. ഇതിനായി 5,7 ക്ലാസുകളിലെ പാഠപുസ്‌തകങ്ങളിൽ പോക്സോ നിയമം ഉൾപ്പെടുത്തി. കേരള ഹൈക്കോടതിയുടെ തുടർച്ചയായ ഇടപെടലിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. അടുത്ത അധ്യയന വർഷത്തിലേക്ക് തയാറാക്കിയ പുസ്തകത്തിലാണ് പോക്സോ നിയമം ഉൾപ്പെടുത്തിയിട്ടുള്ളത്. പാഠപുസ്തകങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഈ മാസം 23ന് കോടതിയിൽ ഹാജരാക്കും.

പോക്സോ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പോക്സോ നിയമം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താമോ എന്ന ആശയം ഹൈക്കോടതി മുന്നോട്ട് വച്ചിരുന്നത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദേശമായിരുന്നു ഇത്. ഇതിന്റെ തുടർച്ചയായി വിദഗ്‌ധ സമിതിയെയും നിയോഗിച്ചു. വിദഗ്‌ധ സമിതിയുടെ ശുപാർശ അനുസരിച്ച് പോക്സോ നിയമം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് 2022ആഗസ്റ്റ് 26ന് ഹൈക്കോടതി ഉത്തരവിറക്കി. വിദഗ്‌ധ സമിതിയിലെ അഭിഭാഷകരായ അഡ്വ. എ.പാർവതി മേനോൻ, അഡ്വക്കേറ്റ് ജെ സന്ധ്യ എന്നിവരാണ് പോക്സോ നിയമം ഉൾപ്പെടുത്തിയുള്ള പാഠ ഭാഗങ്ങൾ തയറാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനെ സഹായിച്ചത്. കഥ സാഹചര്യങ്ങൾ അവതരിപ്പിച്ച് വിദ്യാർത്ഥികളിൽ നിയമത്തെകുറിച്ച് അവബോധം ഉണ്ടാക്കുന്ന രീതിയിലാണ് പാഠങ്ങൾ. രാജ്യത്ത് ആദ്യമായാണ് കുട്ടികൾക്കെതിരായ ലൈംഗീകാതിക്രമം ചെറുക്കുന്നതിനുള്ള പോക്സോ നിയമം സ്കൂളുകളിൽ പാഠ്യവിഷയമാകുന്നത്.

0 comments: