2024, മാർച്ച് 1, വെള്ളിയാഴ്‌ച

ചോദ്യപേപ്പര്‍ അച്ചടി പൂര്‍ത്തിയായില്ലെന്നത് വ്യാജ പ്രചാരണം; സംസ്ഥാനത്ത് ഹയര്‍സെക്കൻഡറി ചോദ്യപേപ്പര്‍ വിതരണം നടക്കുന്നത് രണ്ട് ഘട്ടമായി; വിദ്യാഭ്യാസ മന്ത്രി

 

സംസ്ഥാനത്ത് ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളും വിഎച്ച്‌എസ്‌ഇ പരീക്ഷകളും ഇന്ന് രാവിലെ ആരംഭിച്ചു. രാവിലെ 9. 30 മുതല്‍ 11. 45 വരെയാണ് പരീക്ഷ നടന്നത്.ഒന്നാം വർഷ വിദ്യാർഥികള്‍ക്ക് പാർട്ട് ടു ഭാഷാ വിഷയത്തിലും കമ്പ്യൂട്ടർ  സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പരീക്ഷയുമാണ് ആദ്യദിനം നടന്നത്. ഫിസിക്സ്, ആന്ത്രപ്പോളജി, സോഷ്യോളജി പരീക്ഷകളാണ് രണ്ടാം വർഷ വിദ്യാർത്ഥികള്‍ എഴുതിയത്.

അതേസമയം സംസ്ഥാനത്ത് ചോദ്യപേപ്പർ അച്ചടി പൂർത്തിയായില്ലെന്ന തരത്തിലുള്ള വ്യാജ പ്രചാരണം പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണെന്നും ഇത്തവണ സംസ്ഥാനത്തെ ചോദ്യപേപ്പർ വിതരണം 2 ഘട്ടമായാണ് നടത്തുന്നത് എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ചോദ്യപേപ്പർ അച്ചടി പൂർത്തിയായില്ലെന്നത് വ്യാജ പ്രചാരണം മാത്രമാണ് എന്നും ചോദ്യ കടലാസിന്റെ അച്ചടി പൂർത്തിയായിട്ടുണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇതിനുമുൻപും ചോദ്യപേപ്പർ വിതരണം രണ്ട് ഘട്ടങ്ങളായി നടത്തിയിട്ടുണ്ട് എന്നും 2021ല്‍ 9 തവണയായാണ് ചോദ്യപേപ്പർ വിതരണം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് 2022ല്‍ പരീക്ഷ തന്നെ നടത്തിയത്. പിഡി അക്കൗണ്ടില്‍ നിന്ന് പരീക്ഷ നടത്തിപ്പിനുള്ള പണം ചെലവഴിക്കാൻ ഉത്തരവ് നല്‍കിയിട്ടുണ്ട് എന്നും പരീക്ഷ അവസാനിച്ച ശേഷം അത് തിരിച്ചു നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി പരീക്ഷാ ചെലവ് സംബന്ധിച്ച അപേക്ഷ സമർപ്പിച്ച എല്ലാ സ്കൂളുകള്‍ക്കും 2023 മാർച്ചില്‍ നടന്ന പരീക്ഷ നടത്തിപ്പിന്റെ തുക നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.1994 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നതിനായി സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുള്ളത്. എംബസി മുഖേന വിദേശത്തുള്ള എട്ട് പരീക്ഷ സെന്ററുകളിലേക്കും മുഴുവൻ ചോദ്യപേപ്പറുകളും എത്തിച്ചതായും ഗള്‍ഫ് മേഖലയിലെ ചെലവ് പൂർണമായും ഗള്‍ഫ് സ്കൂളുകളാണ് വഹിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

0 comments: