2024, മാർച്ച് 1, വെള്ളിയാഴ്‌ച

പ്ലസ്ടു കഴിഞ്ഞ് എങ്ങോട്ട്? എൻജിനീയറിങ്ങിലെ പുത്തൻ പ്രവണതകള്‍ അറിയാം

 

രാജ്യത്ത് എൻജിനീയറിങ് കോഴ്സുകള്‍ക്ക് ചേരാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു വരുന്നു. പ്ലസ് ടു സയൻസ് പൂർത്തിയാക്കിയ വിദ്യാർത്ഥികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട കോഴ്സ് എൻജിനീയറിങ് തന്നെയാണ്.

രാജ്യത്ത് പ്രതിവർഷം 6 ലക്ഷത്തിലധികം ബിടെക് ബിരുദധാരികളാണ് പഠിച്ചിറങ്ങുന്നത്. ചേരുന്നതിനു മുമ്പായി വിദ്യാർത്ഥിയുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, കോഴ്സിന്റെ പ്രസക്തി എന്നിവ പ്രത്യേകം വിലയിരുത്തണം. തീരെ താത്പര്യമില്ലാത്ത വിദ്യാർത്ഥികള്‍ എൻജിനീയറിങ്ങിന് ചേരുന്ന പ്രവണതയും രാജ്യത്ത് വർദ്ധിച്ചുവരുന്നു. ഇതിലൂടെ തൊഴില്‍ ലഭ്യത മികവ് കുറയാനിടവരുന്നു. ഫിസിക്സിലും മാത്തമാറ്റിക്സിലും താത്പര്യമുള്ള വിദ്യാർത്ഥികള്‍ മാത്രമേ എൻജിനീയറിങ് കോഴ്സുകള്‍ക്കു ചേരാവൂ. എൻജിനീയറിങ് ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കുമ്പോഴും  നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാർത്ഥിയുടെ കഴിവ് പ്രത്യേകം വിലയിരുത്തണം. തൊഴില്‍ നൈപുണ്യശേഷി ഏറ്റവും പ്രധാനപ്പെട്ടതാണ്. എൻജിനീയറിങ് തൊഴില്‍ മേഖലയില്‍ ലോകത്താകമാനം വലിയ മാറ്റങ്ങള്‍ പ്രകടമാണ്. ഈ മാറ്റങ്ങള്‍ക്കുതകുന്ന ബ്രാഞ്ച് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർത്ഥി തീരുമാനിക്കേണ്ടത് കോർ മേഖലയിലോ, സേവനമേഖലയിലോ പ്രവർത്തിക്കാൻ താല്പര്യമെങ്കില്‍ അതിനുതകുന്ന ബ്രാഞ്ച് എടുക്കാൻ ശ്രദ്ധിക്കണം. എൻജിനീയറിങ് കോളജുകളില്‍ കോഴ്സ് പാതിവഴിയില്‍ ഉപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, താല്പര്യമില്ലാത്ത വിദ്യാർത്ഥികളെ രക്ഷിതാക്കള്‍ നിർബന്ധിച്ചു കോഴ്സുകള്‍ക്ക് ചേർക്കുന്ന പ്രവണത തീർത്തും ഒഴിവാക്കേണ്ടതാണ്. പ്ലസ് ടു ബോർഡ് പരീക്ഷ കഴിയുന്നതോടുകൂടി നിരവധി പ്രവേശന പരീക്ഷകളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ജെ ഇ ഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ്, കീം, കുസാറ്റ്-കാറ്റ്, സി യു ഇ ടി, ബിറ്റ് സാറ്റ് എന്നിവ ഇവയില്‍പ്പെടുന്നു.

രാജ്യത്തെ എൻജിനീയറിങ് കോളജുകളുടെ എണ്ണം വർദ്ധിച്ചു വരുമ്പോള്‍, പഠിച്ചിറങ്ങുന്ന ബിരുദധാരികളുടെ തൊഴില്‍ ലഭ്യത മികവ് ശ്രദ്ധയോടെ വിലയിരുത്തേണ്ടതുണ്ട്. എൻജിനീയറിംഗ് കോളേജുകളുടെ മികവ് വ്യവസായ സ്ഥാപനങ്ങളുമായുള്ള സുസ്ഥിര സഹകരണത്തിലൂടെ മാത്രമേ സാധ്യമാകൂ. വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാദമിയ ഇൻഡസ്ട്രി സഹകരണം വിദ്യാർത്ഥികള്‍ക്ക് കൂടുതല്‍ ഇന്റേണ്‍ഷിപ്, സ്കില്‍ വികസന, പ്ലേസ്മെന്റ് അവസരങ്ങള്‍ ഉറപ്പുവരുത്തും. ഇതിലൂടെ മികച്ച പ്ലെയ്സ്മെൻറ് ലഭിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എൻജിനീയറിങ് പ്രോഗ്രാമിന് വേണ്ടി വിദ്യാർത്ഥികള്‍ മികച്ച എൻജിനീയറിങ് കോളേജുകള്‍ തിരഞ്ഞെടുക്കണം. കോളേജുകളുടെ മികവ് തന്നെയാണ് പ്ലേസ്മെന്റ് തീരുമാനിക്കുന്നതിലെ പ്രധാനപ്പെട്ട ഘടകം. മികച്ച ഭൗതിക സൗകര്യം, അക്കാദമിക് മികവ്, ഗവേഷണ മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യം, ഭൗതികസൗകര്യങ്ങള്‍, വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാദമിയ ഇൻഡസ്ട്രി സഹകരണം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. സ്ഥാപനങ്ങളിലെ മുൻകാല പ്ലേസ്മെന്റ്, പ്ലേസ്മെന്റ് നല്‍കുന്ന കമ്പനികള്‍, ശമ്പളം എന്നിവ പ്രത്യേകം വിലയിരുത്തേണ്ടതാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച്‌ പ്ലേസ്മെന്റിലും വലിയ മാറ്റങ്ങള്‍ ദൃശ്യമാണ്. മിക്ക കോളേജുകളിലും കമ്പുട്ടർ സയൻസ് എൻജിനീയറിങ്ങിന് പ്ലേസ്മെന്റ് വർദ്ധിച്ചു വരുമ്ബോള്‍, മറ്റു ബ്രാഞ്ചുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുമില്ല. മറ്റു എൻജിനീയറിങ് ബ്രാഞ്ചുകള്‍ക്കുള്ള പ്ലേസ്മെന്റും വിലയിരുത്തേണ്ടതുണ്ട്. കോളേജുകളുടെ നിലവാരം, നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിം വർക്കില്‍ കോളേജുകളുടെ സ്ഥാനം, എൻജിനീയറിങ് കോളേജുകളുടെ റാങ്കിങ്ങിലുള്ള നിലവാരം എന്നിവ വിലയിരുത്തേണ്ടതുണ്ട്.

ആഗോള സമ്ബദ്ഘടനയില്‍ സേവനമേഖലയുടെ വളർച്ച വർദ്ധിച്ചുവരികയാണ്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 53% ത്തോളം സംഭാവന ചെയ്യുന്നത് സേവനമേഖലയാണ്. വ്യവസായ മേഖലയുടെ വിഹിതം 28 ശതമാനത്തോളം വരും. എൻജിനീയറിങ് മേഖലകളിലും ഈ മാറ്റം വളരെ പ്രകടമാണ്, എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയവരില്‍ 31 ശതമാനം പേരും സേവനമേഖലയിലാണ് തൊഴില്‍ ചെയ്യുന്നത്. എന്നാല്‍ വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്നവർ 25% മാണ് . പ്രധാനമായും ഐടി, ടെലികോം, കണ്‍സള്‍ട്ടിംഗ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ്, ഇൻഷുറൻസ്, റീറ്റെയ്ല്‍, ഹെല്‍ത്ത് കെയർ, സെയില്‍സ്, കസ്റ്റമർ സേവനം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലാണ് വളർച്ച ദൃശ്യമാകുന്നത്. എൻജിനീയറിങ് തൊഴില്‍ മേഖലയിലെ പുത്തൻ പ്രവണതകള്‍ സേവനമേഖലയ്ക്കുതകുന്ന രീതിയിലേക്ക് എൻജിനീയറിങ് കരിക്കുലം മാറ്റുന്നതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു. ഗ്ലോബല്‍ ബിസിനസ് സർവീസസ്സിലും എൻജിനീയറിങ്ങില്‍ ഈ മാറ്റം പ്രകടമാണ്.

എൻജിനീയറിംഗ് ബിരുദധാരികളിലെ തൊഴില്‍ ലഭ്യതാ മികവ് 57 ശതമാനം മാത്രമാണ്. എ ഐ സി ടി ഇ യുടെ കണക്കനുസരിച് രാജ്യത്ത് 60 ശതമാനത്തില്‍ താഴെ എൻജിനീയറിംഗ് സീറ്റുകള്‍ മാത്രമെ നികത്തപ്പെടുന്നുള്ളൂ. 80 ശതമാനം എൻജിനീയറിംഗ് ബിരുദധാരികളും പഠിച്ച സാങ്കേതിക മേഖലകളില്ല പ്രവർത്തിക്കുന്നത്. അവർ കൂടുതലായും സാങ്കേതിക അറിവ് ആവശ്യമില്ലാത്ത മേഖലകളിലാണ് പ്രവർത്തിക്കുന്നത്. അവശ്യമായ സ്കില്ലില്ലാത്തതും, സേവനമേഖലയിലെ വർധിച്ചുവരുന്ന അവസരങ്ങളുമാണ് എൻജിനീയറിംഗ് വിദ്യാർത്ഥികള്‍ കോർമേഖല ഉപേക്ഷിക്കാൻ കാരണം. ക്രീയേറ്റിവിറ്റി, ക്രിറ്റിക്കല്‍ തിങ്കിങ്, പ്രോബ്ലം സോള്‍വിങ്, അനാലിറ്റിക്കല്‍, ഇന്നൊവേഷൻ, അഡാപ്റ്റബിലിറ്റി, ഫ്ലെക്സിബിലിറ്റി സ്കില്ലുകള്‍ എൻജിനീയറിംഗ് വിദ്യാർത്ഥികള്‍ക്കാവശ്യമാണ്. സേവനമേഖലയുടെ വളർച്ച എൻജിനീയറിംഗ് ബിരുദധാരികളെ പുത്തൻ അവസരങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നു.

എൻജിനീയറിങ്ങില്‍ സർവീസ് എൻജിനീയറിങ്ങിനു പ്രസക്തിയേറുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ, എ.ഐ, ഓട്ടോമേഷൻ, ഡാറ്റ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, മാനേജ്മെന്റ് എന്നിവ കൂടുതലായി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്നത് മാറിവരുന്ന സേവന മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. സേവന മേഖലയില്‍ ഇന്നോവേഷൻ, സർവീസ് ഡെലിവറി സിസ്റ്റം എന്നിവ വിപുലപ്പെടുമ്പോൾ  രാജ്യത്തെ സേവനാധിഷ്ഠിത സമ്പത് വ്യവസ്ഥ  കരുത്താർജ്ജിക്കും. ആശയ വിനിമയം, കമ്പ്യൂട്ടർ  പരിജ്ഞാനം, ഇംഗ്ലീഷ് പ്രാവീണ്യം, ബിസിനസ്സ് സ്കില്ലുകള്‍ എന്നിവ തൊഴില്‍ ലഭ്യതാമികവ് വർധിപ്പിക്കാൻ സഹായിക്കും.

0 comments: