2024, മാർച്ച് 1, വെള്ളിയാഴ്‌ച

പ്ലസ് ടുക്കാര്‍ക്ക് ഐ.ഐ.എം പ്രവേശനം

 

ബിരുദപഠനത്തിന് ശേഷമുള്ള ഒരു പ്രധാന ഓപ്ഷനാണല്ലോ മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍. എന്നാല്‍ ഏത് സ്ട്രീമില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ പഠിക്കാനുള്ള അവസരമാണ് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ (ഐ.പി.എം) നല്‍കുന്നത്. അഞ്ചു വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതുന്നവര്‍ക്കും അവസരമുണ്ട്.അഞ്ച് ഐ.ഐ.എമ്മുകള്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മാനേജ്‌മെന്റ് ) അടക്കം വിവിധ സ്ഥാപനങ്ങളില്‍ ഇത്തരം പ്രോഗ്രാമുകളുണ്ട്. ചില സ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷത്തെ പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദവുമായി പുറത്തു വരാനും (എക്‌സിറ്റ് ഓപ്ഷന്‍) സാധിക്കും. പഠനചെലവ് അല്‍പം കൂടുതലാണെങ്കിലും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മികച്ച കരിയര്‍ ഉറപ്പാണ്. ഇന്‍ഡോര്‍, രോത്തക്ക് ഐ.ഐ.എമ്മുകളിലെ ഐ.പി.എം പ്രോഗ്രാമുകളുടെ അപേക്ഷാ സമയമാണിപ്പോള്‍.

ഐ.ഐ.എം ഇന്‍ഡോര്‍

ഇന്ത്യയില്‍ ഇത്തരം പ്രോഗ്രാമുകള്‍ ആരംഭിച്ച ആദ്യത്തെ സ്ഥാപനമാണിത്.സ്ഥാപനം നടത്തുന്ന അഭിരുചി പരീക്ഷ (ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് IPMAT), വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (IPM) ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം പഠനത്തിന് ശേഷം ബാച്ച്‌ലര്‍ ഓഫ് ആര്‍ട്‌സ് (ഫൗണ്ടേഷന്‍സ് ഓഫ് മാനേജ്‌മെന്റ് ), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ ബിരുദങ്ങള്‍ ലഭിക്കും. മൂന്ന് വര്‍ഷം കഴിഞ്ഞ് എക്‌സിറ്റ് ഒപ്ഷനുമുണ്ട് .150 സീറ്റുകളാണുള്ളത്. മെയ് 23 നാണ് കംപ്യൂട്ടറധിഷ്ഠിത അഭിരുചി പരീക്ഷ .രണ്ട് മണിക്കൂര്‍ പരീക്ഷ. ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി, വെര്‍ബല്‍ എബിലിറ്റി ചോദ്യങ്ങള്‍. മാര്‍ച്ച്‌ 26 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 4130 രൂപയാണ് ഫീസ്. പട്ടിക /ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2065 രൂപ മതി. തിരുവനന്തപുരം, കോഴിക്കോട് അടക്കം 36 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.വെബ്‌സൈറ്റ്: www.iimidr.ac.in.

ഐ.ഐ.എം റാഞ്ചിയിലെ ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ രീതിയിലുള്ള ഇന്റഗ്രേറ്റഡ് ബാച്ച്‌ലര്‍ ഓഫ് ബിസിനസ് മാനേജ്‌മെന്റ് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ എം.ബി.എ) പ്രോഗ്രാം പ്രവേശനത്തിനും ഐ.ഐ.എം ഇന്‍ഡോര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ (IPMAT) സ്‌കോറാണ് പരിഗണിക്കാറുള്ളത് (iimranchi.ac.in).

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രെയ്ഡ് (ഐ.ഐ.എഫ്.ടി) കാക്കിനട കാമ്പസിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് ( ബി.ബി.എ ബിസിനസ് അനലിസ്റ്റിക്‌സ് & എം.ബി.എ ഇന്റര്‍നാഷണല്‍ ബിസിനസ്) പ്രോഗ്രാമിന്റെ പ്രവേശനത്തിനും ഐപിമാറ്റ് ഇന്‍ഡോര്‍ സ്‌കോര്‍ പരിഗണിക്കാറുണ്ട്. (www.iift.ac.in).

ഐ.ഐ.എം രോത്തക്ക്

ഐ.ഐ.എം രോത്തക്കിലെ അഞ്ചുവര്‍ഷ പഠനത്തിന് ശേഷം ബാച്ച്‌ലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ) മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ) യോഗ്യതയാണ് ലഭിക്കുന്നത്. എക്‌സിറ്റ് ഒപ്ഷനുമുണ്ട്.സ്ഥാപനം നടത്തുന്ന അഭിരുചി പരീക്ഷ (IPMAT), വ്യക്തിഗത അഭിമുഖം, മുന്‍ അക്കാദമിക മികവ് (10th/ 12th) എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം.പത്തിലും പന്ത്രണ്ടിലും 60 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. മെയ് 18 നാണ് പരീക്ഷ .ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ലോജിക്കല്‍ റീസണിങ്, വെര്‍ബല്‍ എബിലിറ്റി എന്നിവയില്‍ 40 ചോദ്യങ്ങളുണ്ടാകും.

സ്ഥാപനം നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ലോ (IPL) വിന് പ്രവേശനമാഗ്രഹിക്കുന്നവര്‍ നാലാമത് സെക്ഷനായ ലോജിക്കല്‍ റീസണിങ് (20 ചോദ്യങ്ങള്‍ ) കൂടെ എഴുതേണ്ടതുണ്ട്. പരീക്ഷയ്ക്ക് ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 4500 രൂപയാണ് അപേക്ഷാ ഫീസ്. ജൂണ്‍ രണ്ടാം വാരത്തിലായിരിക്കും ഇന്റര്‍വ്യൂ. ആകെ 165 സീറ്റുകളാണുള്ളത്. വെബ്‌സൈറ്റ്: www.iimrohtak.ac.in

ജമ്മു, ബോധ്ഗയ ഐ.ഐ.എമ്മുകളിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ ജിപ്മാറ്റ് (JIPMAT) ന്റെ വിജ്ഞാപനം ഉടന്‍ പ്രതീക്ഷിക്കാം.

നള്‍സാര്‍ ഹൈദരാബാദ്, നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മുംബൈ,ഡൂണ്‍ ബിസിനസ് സ്‌കൂള്‍ ഡെറാഡൂണ്‍, മുംബൈ യൂനിവേഴ്‌സിറ്റി, ആന്ധ്രാ യൂനിവേഴ്‌സിറ്റി, ജിന്‍ഡാല്‍ ഗ്ലോബല്‍ ബിസിനസ് സ്‌കൂള്‍ സോനിപ്പത്ത്, നിര്‍മ യൂനിവേഴ്‌സിറ്റി, സെന്‍ട്രല്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റി ആന്ധ്രപ്രദേശ്,നാഷണല്‍ ഫോറന്‍സിക് യൂനിവേഴ്‌സിറ്റി ഗുജറാത്ത് , കുരുക്ഷേത്ര യൂനിവേഴ്‌സിറ്റി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ ലഭ്യമാണ്.

0 comments: