2024, ജൂൺ 21, വെള്ളിയാഴ്‌ച

നീറ്റ് വിവാദം: നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പിരിച്ചു വിടണമെന്ന ആവശ്യവുമായി അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി

 

                                      


                                     

തിരുവനന്തപുരം:  നീറ്റ് പരീക്ഷയുടെ വിശ്വാസ്യത പൂർണമായും തകർത്ത നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പിരിച്ചു വിടണമെന്ന ആവശ്യവുമായി അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി. കൂടാതെ സംസ്ഥാനങ്ങളിൽ നേരത്തെ ഉണ്ടായിരുന്നത് പോലെ മെഡിക്കൽ പ്രവേശന പരീക്ഷ  നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ഏകദേശം 24 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയിട്ടുള്ളത്. ഇതിനകം തന്നെ നീറ്റ് പരീക്ഷയുടെ മറയിൽ വിവിധ സംസ്ഥാനങ്ങളിൽ കോടികളുടെ അഴിമതി നടന്നതിന്റെ തെളിവുകൾ പുറത്ത് വന്നു കഴിഞ്ഞു. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തെളിയക്കുന്ന ധാരാളം വിവരങ്ങളും പുറത്തുവന്നിട്ടും ഒരന്വേഷണത്തിന് മുതിരാത്ത കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണ്. 

നീറ്റ് രാജ്യത്തെ അതിപ്രധാനമായ പ്രവേശന പരീക്ഷയാണ്. വിദ്യാർഥികളുടെ വർഷങ്ങളോളമുള്ള കഠിനാധ്വാനത്തോടൊപ്പം പണവും ചിലവഴിച്ചാണ്  നീറ്റ് (യുജി) പരീക്ഷക്ക് തയാറെടുക്കുന്നത്. പരീക്ഷാ തട്ടിപ്പിലൂടെ ഈ വിദ്യാർഥികൾ ക്രൂരമായ അനീതിക്ക് ഇര ആയിരിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയെന്ന ആരോപണവും തുടർന്ന് പുറത്തുവന്ന വിവരങ്ങളും പ്രവേശന പരീക്ഷയിലും അത് സംഘടിപ്പിക്കുന്ന ഏജൻസിയിലുമുള്ള വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുന്നു.

കൂടാതെ അനർഹരായവർ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കാനും മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ നിലവാരം തകർക്കാനും ഇതൊരു കാരണമാകുമെന്ന് മെഡിക്കൽ മേഖലയിലുള്ളവരും അക്കാദമിക വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു.അതിനാൽ സേവ് എജ്യുക്കേഷൻ കമ്മിറ്റി നിലവിലെ സാഹചര്യത്തിൽ ദേശീയ പ്രവേശന ക്രമക്കേട് സംബന്ധിച്ചു സമഗ്രാന്വേഷണത്തിന് തയാറാവണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു ദേശീയ ഏജൻസിയിൽ നടത്തുന്നതിലൂടെ പ്രവേശന പരീക്ഷാ നടത്തിപ്പിൽ നടക്കാൻ സാധ്യതയുള്ള ക്രമക്കേടുകൾ ഇല്ലാതാക്കാം എന്ന വാദം ഇതോടെ ഇല്ലാതായിക്കഴിഞ്ഞു. അതുകൊണ്ട് നീറ്റു പരീക്ഷ റദ്ദാക്കി സംസ്ഥാനതല പ്രവേശന പരീക്ഷകൾക്ക് ഉത്തരവ് നൽകണം.

ഈ സാഹചര്യത്തിൽ, അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് പ്രഫ.ജോർജ്ജ് ജോസഫ്, വൈസ് പ്രസിഡന്റ് എം. ഷാജർഖാൻ, സെക്രട്ടറി അഡ്വ. ഇ.എൻ. ശാന്തിരാജ് എന്നിവർ മെഡിക്കൽ പ്രവേശന പരീക്ഷകൾ സംസ്ഥാന തലത്തിൽ നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും  പ്രസ്ത‌ാവനയൽ ആവശ്യപ്പെട്ടു.

0 comments: