2024, ജൂൺ 21, വെള്ളിയാഴ്‌ച

യു.ജി.സി-നെറ്റ് പരീക്ഷയും നീറ്റല്ല ; ടെലഗ്രാമിൽ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് കേന്ദ്രം


                                           


                    

ന്യൂഡൽഹി: യു.ജി.സി- നെറ്റ്പരീക്ഷ റദ്ദാക്കിയത് ചോദ്യപ്പേപ്പർ ഡാർക്നെറ്റിൽ ചോർന്നതിനാലാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ടെലഗ്രാമിൽ ചോദ്യപ്പേപ്പർ പ്രചരിക്കുകയും ചെയ്തു .അതുമായി യഥാർഥ ചോദ്യപ്പേപ്പറിന് സാമ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ജൂൺ 18-നാണ് യു.ജി.സി- നെറ്റ്പരീക്ഷ നടത്തിയത്. ബുധനാഴ്‌ച രാത്രിയാണ് റദ്ദാക്കിയത്. ഒ.എം.ആർ. പരീക്ഷയിൽ സൈബർ ക്രമക്കേടുകൾ നടന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് പരീക്ഷ റദ്ദാക്കുന്നത് എന്നാണ് അറിയിച്ചത്. തുടർന്ന് ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററിന്റെ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് ബുധനാഴ്ച ഈ വിവരം യു.ജി.സി.ക്ക് നൽകിയത്. പ്രഥമദൃഷ്ട്യാ പരീക്ഷയുടെ സമഗ്രതയെ ബാധിച്ചെന്ന റിപ്പോർട്ടാണ് യു.ജി.സി.ക്ക് നൽകിയത്. ഇതേത്തുടർന്ന് പരീക്ഷ റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. പുതിയ പരീക്ഷ പിന്നീട് നടത്തും. തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇത് സർവകലാശാലകളിലും കോളേജുകളിലും 'അസിസ്റ്റന്റ് പ്രൊഫസർ' തസ്‌തികയിലേക്കും 'ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും പിഎച്ച്.ഡി. പ്രവേശനത്തിനും യോഗ്യത നിർണയിക്കുന്നതിനുള്ള പരീക്ഷയാണിത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഈ അടുത്തിടെയാണ് ഒ.എം.ആർ.എം രീതിയിലേക്ക് മാറ്റിയത്.

യു.ജി.സി. നെറ്റിന് 11,21,225 പേരാണ് അപേക്ഷിച്ചത്. ഇതിൽ 9,08,580 പേർ പരീഷയെഴുതാനെത്തി. 1205 കേന്ദ്രങ്ങളിലാണ് 83 മാനവിക വിഷയങ്ങളിൽ പരീക്ഷ നടത്തിയത്. രജിസ്റ്റർ ചെയ്‌തവരിൽ 81 ശതമാനംവിദ്യാർഥികളും പരീക്ഷ എഴുതിയതായാണ് യു.ജി.സി. ചെയർപേഴ്സൺ എ. ജഗദേഷ് കുമാർ പറഞ്ഞത്.


0 comments: