2024, നവംബർ 1, വെള്ളിയാഴ്‌ച

ഡിഗ്രി പഠനത്തിന് പ്രവാസി മക്കള്‍ക്ക് സ്കോളര്‍ഷിപ്


ദുബായ്: ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ പഠനത്തിന് പ്രവാസികളുടെ മക്കൾക്ക് വാർഷിക സ്‌കോളർഷിപ്പിന് കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ചു.

ഓരോ രാജ്യത്തെയും ഇന്ത്യൻ എംബസിയും കോൺസുലേറ്റും വഴിയാണ് സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി നവംബർ 30. ഈ വർഷം മുതൽ മെഡിസിൻ പഠനത്തിനും സ്കോളർഷിപ്പ് നൽകും.

ഒന്നാം വർഷ ഡിഗ്രി പഠനത്തിന് പേര് രജിസ്റ്റർ ചെയ്ത വിദ്യാർഥികള്‍ക്കാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ സ്കോളർഷിപ് പ്രോഗ്രാം ഫോർ ഡയാസ്പോറ ചില്‍ഡ്രൻ എന്ന വിദ്യാഭ്യാസ സഹായം ലഭിക്കുക. വിദ്യാർഥികള്‍ 17 നും 21 നും ഇടക്ക് പ്രായമുള്ളവരായിരിക്കണം.

പിഐഒ കാർഡുള്ള ഇന്ത്യൻ വംശജരായ കുട്ടികൾക്കും എൻആർഐ പദവിയുള്ള ഇന്ത്യൻ പൗരന്മാരുടെയും ഇമിഗ്രേഷൻ സ്റ്റാറ്റസ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെയും കുട്ടികൾക്കും കൂടെ വേണ്ടിയാണ് ഈ സ്കോളർഷിപ്പ്.

പ്രതിവർഷം നാലായിരം യുഎസ് ഡോളർ അഥവ 3,36,400 രൂപ വരെ സ്കോളർഷിപ്പായി നൽകും. ഈ വർഷം മുതൽ മെഡിസിൻ പഠനത്തിനും സാമ്പത്തിക സഹായം നൽകും. 2 മുതൽ 5 വർഷം വരെയുള്ള എംബിബിഎസ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് സാധുവാണ്. വിദ്യാർത്ഥികളുടെ മെറിറ്റ് അടിസ്ഥാനമാക്കി ആണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

പ്രവാസികളായ രക്ഷിതാക്കൾ അപേക്ഷ നൽകാനായി അതാത് രാജ്യത്തെ എംബസിയുമായോ ഇന്ത്യൻ കോൺസുലേറ്റുമായോ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിയിപ്പിൽ പറയുന്നു.


0 comments: