2020, ഡിസംബർ 25, വെള്ളിയാഴ്‌ച

ക്ഷേമപെൻഷൻ അടുത്ത മാസം മുതൽ 1500 രൂപ; ഭക്ഷ്യക്കിറ്റ് നാലു മാസം കൂടി


തിരുവനന്തപുരം: കേരള സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. സൗജന്യ ഭക്ഷ്യ കിറ്റ് നാലു മാസം കൂടി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത്തരത്തിൽ 80 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസം പകരാൻ സാധിയ്ക്കും. ക്ഷേമപെൻഷൻ ജനുവരി മുതൽ 100 രൂപ വീതം വർധിപ്പിച്ച് 1500 രൂപ ആക്കി ഉയർത്തുമെന്നും വ്യക്തമാക്കി.

പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത പദ്ധതികളിൽ 600 ഓളം പദ്ധതികൾ ഇതിനോടകം പൂർത്തിയാക്കി അഭിമാനകരമായ നേട്ടം കൈവരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ശേഷിക്കുന്ന പദ്ധതികളും ഉടൻ പൂർത്തീകരിക്കും എന്നാണ് വാദം. ഓണക്കാലത്തെ നൂറുദിന പദ്ധതികൾ, പ്രകടനപത്രികയിലെ പദ്ധതികൾക്ക് പുറമെ ആണ് സർക്കാർ പ്രഖ്യാപിച്ചത്.

ഇത്തരം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിലൂടെ പലവിധ ജനവിഭാഗങ്ങൾക്ക് ആശ്വാസം പകരാനും തൊഴിൽ സൗകര്യം ഒരുക്കുന്നതിനും സർക്കാരിന് സാധിച്ചിട്ടുണ്ട്. പ്രളയം കഴിഞ്ഞുള്ള സംസ്ഥാന സമ്പദ്ഘടനയുടെ ക്ഷീണം ഒരു പരിധിവരെ മാറ്റാൻ ഇത് സഹായകമായി.

ഒന്നാം നൂറു ദിന പദ്ധതി അവസാനിച്ച ഡിസംബർ 9ന് തന്നെ രണ്ടാം നൂറു ദിന പദ്ധതി പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനം നീണ്ടുപോയത് തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ലംഘിക്കപ്പെടുമെന്നതിനാലാണ്. രണ്ടാം നൂറുദിന പദ്ധതിയുടെ ഭാഗമായി 10,000 കോടി രൂപയുടെ വികസനങ്ങൾക്ക് തുടക്കം ഇടുകയോ പ്രാവർത്തികമാക്കുകയോ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 comments: