2020, ഡിസംബർ 26, ശനിയാഴ്‌ച

രാജ്യത്തെ ബിരുദ പ്രവേശനത്തിന് ഏകീകൃത എൻട്രൻസ് പരീക്ഷ നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്രം


ന്യൂഡൽഹി: രാജ്യത്താകെയുള്ള ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനായി ഏകീകൃത പൊതുപരീക്ഷ നടത്തുന്ന കാര്യം കേന്ദ്രത്തിന്റെ ആലോചനയിൽ. സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനം കൈക്കൊള്ളാൻ ഏഴ് അംഗ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പ്ലസ് ടു മാർക്ക് അടിസ്ഥാനത്തിലാണ് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം നടക്കുന്നത്. ചില കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷയും ഉണ്ട്. എന്നിരുന്നാലും ഏകീകൃത എൻട്രൻസ് സമ്പ്രദായം നടപ്പിലാകുന്നതോടെ പ്ലസ് ടു മാർക്ക് അടിസ്ഥാനത്തിലും ഒന്നിലധികം പ്രവേശന പരീക്ഷകൾ സംഘടിപ്പിച്ചും ബിരുദ കോഴ്സുകളിലേക്ക് അഡ്മിഷൻ നടത്തുന്ന രീതി ഇല്ലാതാകും.

പ്ലസ് ടു മാർക്ക് അടിസ്ഥാനപ്പെടുത്തി ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നൽകുന്നത് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച കോഴ്സ് തിരഞ്ഞെടുക്കുന്നതിന് തടസ്സമാകാറുണ്ടെന്ന നിരീക്ഷണത്തെ തുടർന്നാണ് ഇത്തരമൊരു നടപടി.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) സംഘടിപ്പിക്കുന്ന ഒരു പൊതുപ്രവേശന പരീക്ഷ രാജ്യത്ത് യാഥാർഥ്യമാക്കും. കേന്ദ്ര സർവ്വകലാശാലകൾക്ക് കീഴിലുള്ള യൂണിവേഴ്സിറ്റികളിലാണ് ആദ്യം ഈ സമ്പ്രദായം ആരംഭിക്കുക. തുടർന്ന് മറ്റെല്ലാ യൂണിവേഴ്സിറ്റികളിലേക്കും നടപടി വ്യാപിപ്പിക്കാനാണ് തീരുമാനം.

2021-22 അധ്യയന വർഷത്തിലെ കേന്ദ്ര സർവകലാശാലാ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം ഈ രീതിയിൽ ക്രമീകരിക്കും. അതിന് അടുത്ത അധ്യയന വർഷങ്ങളിൽ കേന്ദ്ര യൂണിവേഴ്സിറ്റികൾക്ക് പിന്നാലെ മറ്റു യൂണിവേഴ്സിറ്റികളിലേക്കും പ്രവേശനം ഈ ഈ വിധത്തിൽ നടത്തും.  പൊതു അഭിരുചി പരീക്ഷ ബിരുദ പ്രവേശനത്തിനായി നിലവിൽവരുന്നതോടെ നിരവധി പരീക്ഷകൾ ബിരുദ കോഴ്സുകളിലേക്ക് എഴുതേണ്ടതായ സാഹചര്യം വിദ്യാർഥികൾക്ക് വന്നു ചേരില്ല.

രണ്ട് പേപ്പറുകൾ ആയിട്ടാകും പൊതുപ്രവേശന പരീക്ഷ നടപ്പാക്കുക. കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയാവാനാണ് സാധ്യത ഏറെയും. ആദ്യ പേപ്പർ വിദ്യാർത്ഥികളുടെ പൊതു മേഖലാ കാര്യങ്ങളിലെ അഭിരുചി അളക്കുന്നതും രണ്ടാമത്തേത് തെരഞ്ഞെടുത്ത വിഷയത്തിലെ അഭിരുചി അളക്കുന്ന രീതിയിലും ആയിരിക്കും. പൊതുവായ പ്രവേശന ലിസ്റ്റ് വരുന്നതോടെ വിദ്യാർത്ഥികളുടെ അഡ്മിഷൻ തേടിയുള്ള അലച്ചിലിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താനാകുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖേര പറഞ്ഞു.


0 comments: