സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്കായി കേരള സർക്കാരിന്റെ "നവജീവൻ" വായ്പാ ധനസഹായ പദ്ധതി. 50 വയസ്സു കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള മാർഗമാണ് പദ്ധതിയുടെ ലക്ഷ്യം. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭ്യമാകാത്ത 50-65 വയസ്സിനിടയിൽ പ്രായമുള്ളവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആയി വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. കേരളത്തിലെ മുതിർന്ന പൗരന്മാർക്കുള്ള LDF സർക്കാറിന്റെ പുതുവർഷ സമ്മാനമാണ് നവജീവൻ പദ്ധതി എന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.
ആർക്കൊക്കെ അപേക്ഷിക്കാം?
- 50-65 വയസ്സ് പ്രായപരിധിയിലുള്ള, എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ നിലവിലുള്ള, മുതിർന്ന പൗരന്മാർക്കാണ് പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കാനാവുക.
- അപേക്ഷ സമർപ്പിക്കുന്ന വർഷത്തിലെ ജനുവരി 1 പ്രകാരമുള്ള പ്രായം ആയിരിക്കും കണക്കിലാക്കുക.
- വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.
എവിടെ നിന്ന് വായ്പ ലഭിക്കും?
ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കുകൾ, ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകൾ, KSFE, മറ്റു ധനകാര്യസ്ഥാപനങ്ങൾ, ഇവ മുഖേന വായ്പ ലഭിക്കുന്നതാണ്.
വായ്പ, സബ്സിഡി വിവരങ്ങൾ
വായ്പയായി ലഭിക്കുന്ന തുകയുടെ 25% ആണ് സബ്സിഡിയായി കിട്ടുക.
അതായത് പരമാവധി സബ്സിഡി 12,500 രൂപയായിരിക്കും.
വായ്പ ലഭിക്കാവുന്ന സ്വയംതൊഴിൽ സംരംഭങ്ങൾ ഏതൊക്കെ
പലചരക്ക് കട, വസ്ത്രം-റെഡിമെയ്ഡ് ഷോപ്പ്, മെഴുകുതിരി നിർമ്മാണം, സോപ്പ് നിർമ്മാണം, ഓട്ടോമൊബൈൽ സ്പെയർപാർട്സ് ഷോപ്പ്, കുട നിർമ്മാണം, ഡിടിപി, തയ്യൽകട, ഇൻറർനെറ്റ് കഫേ തുടങ്ങിയ സംരംഭങ്ങൾക്ക് അർഹരായവർക്ക് വായ്പ ലഭിക്കുന്നതാണ്.
ഇവകൂടാതെ തദ്ദേശീയമായി വിജയസാധ്യതയുള്ള മറ്റു സംരംഭങ്ങൾക്കും വായ്പ ലഭിക്കാം.
എങ്ങനെ അപേക്ഷിക്കാം?
ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സമയബന്ധിതമായി പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു.
ശ്രദ്ധിക്കുക:-
കൃത്യമായ ഇടവേളകളിൽ രജിസ്ട്രേഷൻ പുതുക്കുന്നവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
50 വയസ്സു കഴിഞ്ഞ, തൊഴിലില്ലാതെ, കാര്യമായ വരുമാനമാർഗമില്ലാതെ, ബുദ്ധിമുട്ടുന്ന മുതിർന്ന പൗരന്മാർക്ക് ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലിൽ നിൽക്കാനുള്ള വഴിയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൂടാതെ, മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്തും നൈപുണ്യവും ഉപയോഗപ്പെടുത്തി സമൂഹത്തിൻറെ ഉന്നമനത്തിനും നന്മയ്ക്കും പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.
0 comments: