തിരുവനന്തപുരം: സംസ്ഥാനത്തെെ വൈദ്യുതി നിരക്കുകൾ ഉടൻ വർദ്ധിപ്പിക്കുമെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് കെ.എസ്.ഇ.ബി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കെ.എസ്.ഇ.ബി ഇക്കാര്യം വ്യക്തമാക്കിയത്.
കേരള സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനാണ്. നിലവിലുള്ള വൈദ്യുതി നിരക്ക് ഈടാക്കുന്നത്, 2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലേക്ക് ബാധകമായ മൾട്ടി ഇയർ താരിഫ് റെഗുലേഷൻ അനുസരിച്ചാണ്. 2019 ജൂലായിലാണ് നിരക്ക് എത്രയെന്ന് നിശ്ചയിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രസ്തുതകാലയളവിൽ നിശ്ചയിച്ച നിരക്കിൽ മാറ്റങ്ങൾ അനിവാര്യമെങ്കിൽ കെഎസ്ഇബി ഇടക്കാല പുനപരിശോധനയ്ക്കായി റെഗുലേറ്ററി കമ്മീഷനെ സമീപിക്കേണ്ടതാണ്. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കമ്മീഷനെ സമീപിച്ചിട്ടില്ലാ എന്ന് കെഎസ്ഇബി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കമ്മീഷനു മുമ്പാകെ കെഎസ്ഇബി ഒരു ഇടക്കാല പെറ്റിഷൻ 2020 മാർച്ചിൽ സമർപ്പിച്ചിരുന്നു. ഇതിലാകട്ടെ താരിഫ് പരിഷ്കരണം ആവശ്യപ്പെട്ടിട്ടും ഇല്ല.
2022 മാർച്ച് മുതലുള്ള കാലയളവിലേക്കുള്ള കെഎസ്ഇബിയുടെ വരവ് ചെലവുകൾ കണക്കാക്കുന്നതും അന്തർ സംസ്ഥാന പ്രസരണത്തിൽ വരുന്ന അധിക ചിലവ് കണക്കാക്കുന്നതിനുമുള്ള ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള പ്രാഥമിക നടപടികൾ പോലും കമ്മീഷൻ ഇതുവരെയും കൈക്കൊണ്ടിട്ടില്ല എന്നും അവർ പറഞ്ഞു. മേൽപ്പറഞ്ഞ ചട്ടങ്ങൾ രൂപീകരിച്ചതിനു ശേഷം മാത്രമേ നിരക്ക് വർധന അനിവാര്യമെങ്കിൽ കമ്മീഷൻറെ പരിഗണനയിൽ വരികയുള്ളൂ.
വൈദ്യുതി വാങ്ങൽ ചിലവിൽ ഉണ്ടാകുന്ന അധിക ബാധ്യത കാലാകാലങ്ങളിൽ കമ്മിഷൻ തിട്ടപ്പെടുത്താറുണ്ട്. ഇതിൻറെ ചാർജ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാറുമുണ്ട്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇന്ധന ചാർജ് ഈടാക്കുന്നത് കമ്മീഷൻ തൽക്കാലത്തേക്ക് മാറ്റി വെച്ചിട്ടുണ്ട്. നിലവിൽ ഇത് സംബന്ധിച്ച പുതിയ തീരുമാനങ്ങൾ ഒന്നും കെഎസ്ഇബി കൈക്കൊണ്ടിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
0 comments: