2020, ഡിസംബർ 17, വ്യാഴാഴ്‌ച

എസ്എസ്എൽസി, പ്ലസ് ടു പൊതു പരീക്ഷാ തീയതി പ്രഖ്യാപിച്ചു; SSLC, Plus two 2021 Examination Dates Declared


SSLC പരീക്ഷയും, HSE, VHSE രണ്ടാംവർഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാർച്ച് 17 മുതൽ നടത്താൻ തീരുമാനമായി. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഇന്നു നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. മാർച്ച് 17 മുതൽ മാർച്ച് 30 വരെയുള്ള ദിവസങ്ങളിലാണ് പൊതു പരീക്ഷകൾ നടക്കുക.

10,12 ക്ലാസുകളിലെ പൊതു പരീക്ഷക്കുള്ള ക്രമീകരണങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഉടൻ നടപ്പിലാക്കും. പ്രാക്ടിക്കൽ പരീക്ഷകൾ ഉള്ളവർക്ക് ജനുവരി ഒന്നു മുതൽ ക്ലാസുകൾ ഉണ്ടാകും. ജൂൺ 1 മുതൽ തുടങ്ങിയ ഓൺലൈൻ ക്ലാസ്സുകളുടെ റിവിഷനും സംശയ ദൂരീകരണവും ജനുവരി മുതൽ സ്കൂൾതലത്തിൽ നടത്തും. കൂടാതെ മാതൃക പരീക്ഷകളും പരീക്ഷാസമയത്തെ വിദ്യാർഥികളുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള കൗൺസിലിങ്ങുകളും സ്കൂളുകളിൽ നടക്കും. നിലവിലുള്ള അധ്യാപകരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും.

ജനുവരി ഒന്നു മുതൽ 10,12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് രക്ഷകർത്താക്കളുടെ സമ്മതത്തോടെ സ്കൂളുകളിൽ പോകാവുന്നതാണ്.

കോവിഡ് പശ്ചാത്തലത്തിൽ ജൂൺ ഒന്നുമുതൽ തുടങ്ങിവച്ച ഓൺലൈൻ ക്ലാസുകൾ അതേപോലെ തന്നെ തുടരും.

കോളേജ് തലത്തിൽ അവസാന വർഷ ബിരുദ ക്ലാസ്സുകളും, പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനവരി മുതൽ ആരംഭിക്കും.50%  വീതം വിദ്യാർഥികളെ വെച്ചാണ് ക്ലാസ്സുകളൾ എടുക്കുക. ആവശ്യമെങ്കിൽ രാവിലെ, ഉച്ചയ്ക്ക് ശേഷം എന്ന ക്രമത്തിൽ ഷിഫ്റ്റ് അനുസരിച്ച് ക്ലാസുകൾ നടത്തും.

കാർഷിക, ഫിഷറീസ് സർവ്വകലാശാലകളിലെ ക്ലാസ്സുകൾ വിദ്യാർത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം മുതൽ ആരംഭിക്കും. മെഡിക്കൽ കോളേജുകളിലാകട്ടെ രണ്ടാംവർഷം മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനമായിരിക്കുന്നത്.

0 comments: