2020, ഡിസംബർ 21, തിങ്കളാഴ്‌ച

SSLC, പ്ലസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാകും; പിന്നിട്ട വർഷത്തെ മേളകളുടെ ഗ്രേഡുകൾ പരിഗണിച്ചേക്കും


കൊച്ചി: ഈ വർഷം സ്കൂളുകൾ ഒന്നും കാര്യക്ഷമമായി തുറന്നു പ്രവർത്തിക്കാനാവാത്ത സാഹചര്യത്തിൽ, പാഠ്യേതര പ്രവർത്തനങ്ങൾ ഒന്നും നടത്താൻ ആവാത്തതിനാൽ ഗ്രേസ് മാർക്ക് കൊടുക്കുന്ന കാര്യം വെല്ലുവിളിയാണ്. ഇത്തരുണത്തിൽ, SSLC, പ്ലസ് ടു പരീക്ഷകൾക്ക് ഗ്രേസ്മാർക്ക് ഇത്തവണയും ഉണ്ടാകും എന്ന് സർക്കാർ തീരുമാനം അറിയിച്ചു. എന്നാൽ ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിദ്യാർത്ഥികളുടെ കഴിഞ്ഞവർഷത്തെ കലാ കായിക മേളകളിലെ ഗ്രേഡും ഗ്രേസ് മാർക്കുകളും പരിഗണിക്കാനാണ് ആലോചന.

ഗ്രേസ് മാർക്ക് കൊടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് SCERT ആണ്. മാനദണ്ഡങ്ങൾ തീരുമാനിക്കുന്ന കാര്യത്തിൽ പരാതി ഉണ്ടാവരുതെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ദേശീയതല മത്സരങ്ങളിലും കലാകായിക മേളകളിലും 9, 11 ക്ലാസുകാർ മികവു പുലർത്തിയിട്ടുണ്ട് എങ്കിൽ അത് പരിഗണയിൽ വരാനാണ് സാധ്യത. മേളകൾ ഒഴികെയുള്ളവയുടെ കാര്യത്തിലും ഇതേ രീതി തന്നെ സ്വീകരിക്കാനാവും സാധ്യത. NSS, NCC, സ്റ്റുഡൻറ് പോലീസ്, തുടങ്ങിയ കാര്യങ്ങളിൽ എല്ലായിടത്തും 10, 12 ക്ലാസ്സുകാരെ അധികം പങ്കെടുപ്പിക്കാറില്ല. 9, 11 ക്ലാസുകളിൽ വച്ചുതന്നെ ഗ്രേസ്മാർക്കിന് വേണ്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാറാണ് പതിവ്.

ഇക്കൊല്ലവും എൻസിസി, എൻഎസ്എസ് തുടങ്ങിയവയ്ക്ക് ഓൺലൈൻ വഴി രജിസ്ട്രേഷൻ നടന്നു കഴിഞ്ഞിട്ടുണ്ട്. എന്നാലും കാര്യമായ പ്രവർത്തനങ്ങളൊന്നും തന്നെ നടന്നിട്ടില്ല. അതിനാൽ ഇത് അടിസ്ഥാനമാക്കി ഗ്രേസ്മാർക്ക് നിശ്ചയിച്ചാൽ പരാതികൾ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

0 comments: