2020, ഡിസംബർ 22, ചൊവ്വാഴ്ച

SSLC, പ്ലസ് ടു പരീക്ഷകൾ; സിലബസ് വെട്ടിക്കുറയ്ക്കില്ല, പകരം എല്ലാ ചോദ്യത്തിനും ഓപ്ഷണൽ ചോദ്യങ്ങൾ


കൊച്ചി: SSLC, പ്ലസ് ടു പരീക്ഷകൾക്ക് എല്ലാ ചോദ്യത്തിനും ഓപ്ഷണൽ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്താൻ കരിക്കുലം കമ്മിറ്റിയുടെ ശിപാർശ. വിദ്യാർഥികളുടെ ഇഷ്ടത്തിന് തിരഞ്ഞെടുത്ത് എഴുതാൻ പറ്റുന്ന തരത്തിലുള്ള ഗ്രൂപ്പ് ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തി പരീക്ഷയെ സുഗമമാക്കാനാണ് കമ്മിറ്റിയുടെ നിർദേശം. നാളെ ചേരുന്ന മന്ത്രിതല യോഗം ഇതു സംബന്ധിച്ച ശിപാർശ പരിഗണിക്കും.

വിദ്യാർത്ഥികളോട് അടുത്ത മാസം മുതൽ സ്കൂളുകളിൽ എത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും ആയി രണ്ട് ഷിഫ്റ്റുകളിലായി കുട്ടികളെ പരിമിതപ്പെടുത്തി ക്ലാസുകൾ നടത്താനാണ് തീരുമാനം. പ്രസക്ത പാഠഭാഗങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റിവിഷൻ ആവും നടക്കുക. ഓരോ വിഷയത്തിലെയും പ്രസക്തമായ പാഠഭാഗങ്ങൾ ഏതൊക്കെയെന്ന് SCERT തീരുമാനിക്കും. 

പ്രസക്തഭാഗങ്ങളിൽ നിന്ന് വരുന്ന ചോദ്യങ്ങൾക്കൊപ്പം തന്നെ മറ്റു പാഠഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങളും ഓപ്ഷണലായി നൽകും. ഇത്തരത്തിൽ എല്ലാ പാഠഭാഗങ്ങൾ പഠിച്ച് വന്നവർക്കും സുഖകരമായി ഉത്തരങ്ങൾ എഴുതാം. ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി ഉപയോഗിക്കാനാവാത്തവർക്ക് ഈ രീതി വളരെ സഹായകരമാകുമെന്നാണ് കരിക്കുലം കമ്മിറ്റിയുടെ വിലയിരുത്തൽ.

0 comments: