2020, ഡിസംബർ 23, ബുധനാഴ്‌ച

ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിഗ്രി, സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കൽ; പരീക്ഷാവിവരങ്ങൾ: Updates on exams & Regular classes


SSLC, പ്ലസ് ടു പൊതുപരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാർച്ച് 17 മുതൽ നടക്കുമെന്ന തീരുമാനം വന്നു കഴിഞ്ഞു. ഈ അക്കാദമിക് വർഷത്തിൽ റഗുലർ ക്ലാസ്സുകൾ എപ്പോൾ ആരംഭിക്കുമെന്നും പരീക്ഷാവിവരങ്ങളും താഴെ ചേർക്കുന്നു.

ബിരുദ ബിരുദാനന്തര കോഴ്സുകൾ

കോളേജ് തലത്തിൽ അവസാന വർഷ ബിരുദ ക്ലാസുകൾ ജനുവരി 1ന് ആരംഭിക്കും. പകുതി വീതം വിദ്യാർത്ഥികളെ വച്ചായിരിക്കും ക്ലാസുകൾ. ആവശ്യമുള്ള പക്ഷം, രാവിലെയും ഉച്ചയ്ക്കുശേഷവും എന്നിങ്ങനെ രണ്ടു ഷിഫ്റ്റുകളായി ക്ലാസുകൾ നടത്തും.

പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി 1ന് ആരംഭിക്കുന്നതാണ്. ആവശ്യമെങ്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കും. ഇവിടെയും ഭാഗികമായി വിദ്യാർഥികളുടെ എണ്ണത്തെ പരിമിതപ്പെടുത്തിയായിരിക്കും ക്ലാസുകൾ.

 9, 11 ക്ലാസുകൾ

1 മുതൽ 9 വരെ ക്ലാസ്സുകളുടെയും പ്ലസ് വൺ വിദ്യാർഥികളുടെയും ക്ലാസുകൾ നിലവിലുള്ള രീതിയിൽ ഓൺലൈനായി തന്നെ തുടരും. ഇവർക്ക് ഈ അധ്യയനവർഷം സ്കൂളുകൾ തുറന്നു പ്രവർത്തിക്കില്ല. ഇവരുടെ വാർഷിക പരീക്ഷ സംബന്ധിച്ച കാര്യങ്ങൾ ഒന്നും തീരുമാനമായിട്ടില്ല.

10, പ്ലസ് ടു ക്ലാസുകൾ

10,12 ക്ലാസുകളെ സംബന്ധിച്ച തീരുമാനം സർക്കാർ എടുത്തുകഴിഞ്ഞു. ബോർഡ് പരീക്ഷകൾ മാർച്ച് 17 മുതൽ മാർച്ച് 30 വരെ രാവിലെ സമയം നടക്കും.

ഇവർക്ക് ജനുവരി ഒന്നിന് ക്ലാസുകൾ ആരംഭിക്കും. ഇത് പ്രഥമമായി റിവിഷൻ ക്ലാസ്സുകൾ ആവും. ജൂൺ ഒന്നുമുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകളുടെ റിവിഷനും സംശയ ദൂരീകരണവും ഈ സമയങ്ങളിൽ നടത്തും. മാതൃകാ പരീക്ഷകളും വിദ്യാർഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനുള്ള കൗൺസലിങ്ങുകളും ഈ ഘട്ടത്തിൽ സ്കൂളുകളിൽ നടക്കും. ഇതിനായി രക്ഷിതാക്കളുടെ സമ്മതത്തോടെ വിദ്യാർഥികൾക്ക് സ്കൂളുകളിൽ എത്താം. നിലവിൽ സ്കൂളിൽ ഉള്ള അധ്യാപകരുടെ സേവനം തന്നെ ഇതിനൊക്കെ ആയി പ്രയോജനപ്പെടുത്തും.

പൊതു പരീക്ഷയുടെ ഭാഗമായി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 10,12 ക്ലാസുകളിലെ വിദ്യാർഥികൾക്കും ജനുവരി ഒന്നിനാണ് ക്ലാസ്സുകൾ ആരംഭിക്കുക.


0 comments: