ഡൽഹി: രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. സമയപരിധി ഫെബ്രുവരി 15 വരെയാണ്. ജനുവരി ഒന്നുമുതൽ സംവിധാനം പൂർണ്ണമായും നടപ്പിലാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
പല കോണുകളിൽ നിന്നും ഉയർന്നു വന്ന ആവശ്യങ്ങളെ മാനിച്ചാണ് സമയപരിധി നീട്ടിയത്. കൂടാതെ പണരഹിത ഇടപാട് പൂർണമായും നടക്കുന്നു എന്ന് ഉറപ്പാക്കാൻ ദേശീയപാതാ അതോറിറ്റിക്ക് ചില അനുമതികൾ കൂടി ലഭിക്കാനുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ജനുവരി 1ൽ നിന്ന് ഫെബ്രുവരി 15 വരെ സമയം നീട്ടിയത്.
ടോൾ പ്ലാസകളെ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. ഇതുവഴി ഡിജിറ്റൽ പണമിടപാടിലൂടെ ടോൾ പിരിക്കാൻ സാധിക്കുന്നതാണ്. ഈ സംവിധാനം നിലവിൽ വന്നാൽ റോഡിൻറെ ഇരുവശങ്ങളിലും ഉള്ള രണ്ട് ലൈനുകൾ ഒഴികെ ഉള്ള പാതകളിൽ ഫാസ്ടാഗ് ഇല്ലാതെ ടോൾ പ്ലാസ കടക്കാൻ സാധിക്കില്ല. ഇത് ലംഘിക്കുന്ന പക്ഷം, ടോൾനിരക്കിന്റെ ഇരട്ടി തുക പിഴയായി ഒടുക്കേണ്ടി വരും.
2017 ഡിസംബറിന് ശേഷം ഇറങ്ങിയ വാഹനങ്ങളിലെല്ലാം ഫാസ്ടാഗ് പതിപ്പിച്ചിട്ടുണ്ട്. അതിനു മുമ്പ് ഇറങ്ങിയ വാഹനങ്ങൾക്കെല്ലാം ഫാസ്ടാഗ് പതിപ്പിക്കേണ്ടതാണ്.
മറ്റൊരു ശ്രദ്ധേയമായ കാര്യം, വാഹനത്തിന് ടോൾപ്ലാസ കടന്നു പോകേണ്ട അവസ്ഥ വരുന്നില്ലെങ്കിൽ പോലും ഫാസ്ടാഗ് നിർബന്ധമാകുന്നു എന്നുള്ളതാണ്. ഇതിന്റെ ഒന്നാമത്തെ കാരണം ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് ഫാസ്ടാഗ് നിർബന്ധമാണെന്നുള്ളതാണ്. രണ്ടാമതായി, 2021 ഏപ്രിൽ 1മുതൽ തേർഡ് പാർട്ടി ഇൻഷുറൻസിനും ഫാസ്ടാഗ് നിർബന്ധമാക്കും. ഇതോടെ വാഹനങ്ങൾക്ക് എല്ലാം തന്നെ ഫാസ്ടാഗ് നിർബന്ധമാകുന്ന സാഹചര്യം ഉണ്ടാകും.
വിവിധ ബാങ്കുകൾ വഴിയും പെയ്മെൻറ് സ്ഥാപനങ്ങൾ വഴിയും ഫാസ്ടാഗ് വാങ്ങാവുന്നതാണ്.
0 comments: