2021, ജനുവരി 31, ഞായറാഴ്‌ച

ഫെബ്രുവരി ഒന്നു മുതൽ സംസ്ഥാനത്ത് കർശന വാഹന പരിശോധന നടത്താൻ മോട്ടോർ വാഹനവകുപ്പും പോലീസും രംഗത്ത്



 തിരുവനന്തപുരം: കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പോലീസും മോട്ടോർ വാഹന വകുപ്പും കർശന വാഹന പരിശോധന നടത്താൻ രംഗത്ത്. ഫെബ്രുവരി ഒന്നു മുതൽ ആറു വരെ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് പരിശോധനകൾ കർശനമാക്കാൻ ആണ് തീരുമാനം. 10 മുതൽ 13 വരെ അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കും. അതുപോലെതന്നെ വിദ്യാലയ പരിധിയിൽ പ്രത്യേകം ശ്രദ്ധ നൽകുന്നതായിരിക്കും. 7 മുതൽ 17 വരെ മദ്യപിച്ച് വാഹനമോടിക്കൽ, ഡ്രൈവിംഗ് വേളയിൽ ഫോൺ ഉപയോഗിക്കൽ,  അനധികൃത പാർക്കിംഗ്, സീബ്രാലൈൻ ക്രോസിംഗിൽ കാൽനടയാത്രക്കാർക്ക് പരിഗണന നൽകാതിരിക്കുക, സിഗ്നലുകൾ പാലിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കെതിരെ പരിശോധന വർധിപ്പിക്കുന്നത് ആയിരിക്കും.

 അമിതവേഗത്തിൽ വാഹനം ഓടിക്കുന്നതിനും, മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും പിടിക്കപ്പെടുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ നൽകുന്നതോടൊപ്പം റോഡ് സുരക്ഷയെ കുറിച്ചുള്ള ഒരു ദിവസത്തെ ക്ലാസ് നൽകാനും തീരുമാനമുണ്ട്.

 പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർക്കാണ് നിലവിൽ ഇ ചലാൻ സംവിധാനമുള്ളത്. ഗതാഗത നിയമ ലംഘനങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഈ ചലാൻ വഴി പിഴ ചുമത്താൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കും അധികാരമുണ്ടെന്നും മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ തടയുന്നത് കുറ്റകരമാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസ് നടപടി എടുക്കുന്നതായിരിക്കും. കഴിഞ്ഞ മാസം 23ന് വൈക്കത്ത് ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച ദമ്പതിമാരുടെ ചിത്രമെടുത്ത  പിഴ  ചുമത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ വൈക്കം ഉദയനാപുരം മണപ്പള്ളി വീട്ടിൽ എംജി രഞ്ജിത്തിനെയും കണ്ടാലറിയാവുന്ന നാലുപേരെയും പ്രതിയാക്കി പോലീസ് കേസെടുത്തതായി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു..

 നിയമം ലംഘിക്കുന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ലഭിക്കും പ്രകാരം ചിത്രം എടുത്താലെ ഇ ചലാൻ വഴി പിഴ ചുമത്താൻ സാധിക്കുകയുള്ളൂ. അതിനാൽ ചിത്രമെടുക്കുന്നത് പരിശോധനയുടെ ഭാഗമാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. സ്മാർട്ട് പരിശോധന നടത്തുന്നതിന് ഉദ്ദേശം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ തടസ്സപ്പെടുത്താതെ ഇരിക്കാൻ വേണ്ടിയാണ്. പകർത്താൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ ഇ ചലാൻ  സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ചിത്രമെടുത്ത് കഴിഞ്ഞാലുടൻ തന്നെ ചെക്ക് റിപ്പോർട്ട് തയ്യാറാക്കി വാഹൻ സാരഥി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതായിരിക്കും. പിഴ ചുമത്തിയത് സംബന്ധിച്ച് വാഹന ഉടമയ്ക്ക് മെസ്സേജ്  ലഭിക്കും.


0 comments: