ഉപഭോക്താക്കളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകൾ ഓണ്‍ലൈന്‍ സേവനദാതാക്കള്‍ സേവ് ചെയ്യുന്ന രീതി അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ് . അതായത് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും ഇനി ഉപഭോക്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ അടുത്ത ട്രാന്‍സാക്ഷന് വേണ്ടി സേവ് ചെയ്ത് വെക്കാന്‍ കഴിയില്ല എന്നര്‍ത്ഥം. എന്നാല്‍ ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആമസോണ്‍, സൊമാറ്റോ, നെറ്റ്ഫ്‌ളിക്‌സ് മുതലായ ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍. പേയ്‌മെന്റുകളുടെ വേഗതയെ ഈ നീക്കം ബാധിക്കുമെന്നാണ് ഇവര്‍ മുന്നോട്ട് വെക്കുന്ന വാദം. പ്രത്യേകിച്ച് വിവിധ തരത്തിലുള്ള ഒന്നിലധികം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഓരോ കാര്‍ഡിന്റേയും 16 അക്കമുള്ള നമ്പറടക്കമുള്ള വിവരങ്ങള്‍ ഓര്‍ത്തു വെക്കേണ്ടി വരും എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ പണമിടപാടുകള്‍ സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള പരാതികളുടേയും തട്ടിപ്പുകളുടേയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കത്തിന് റിസര്‍വ് ബാങ്ക് തയ്യാറായത് . എ ടി എം/ ഡെബിറ്റ് കാര്‍ഡ്. ക്രെഡിറ്റ് കാര്‍ഡ്, മൊബൈല്‍ ബാങ്കിങ്ങ് എന്നിങ്ങനെ എല്ലാത്തരം ഓണ്‍ലൈന്‍ പണമിടപാടുകളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2019-20 കാലഘട്ടത്തില്‍ പരാതികള്‍ വളരെ കൂടുതലായിരുന്നു.ആര്‍ബിഐ സര്‍ക്കുലര്‍ പ്രകാരം വരുന്ന ജൂലൈ മുതല്‍ ഈ നിയമം നടപ്പിലാകും. ഓണ്‍ലൈന്‍ സ്ട്രീമിംങ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് മുതല്‍ പേയ്‌മെന്റ് ആപ്പുകളായ പേടിഎം, ഗൂഗിള്‍ പേ എന്നിവയ്‌ക്കെല്ലാം നിയമം തിരിച്ചടിയാകും.
എന്നിരുന്നാലും പുതിയ നിയമം രാജ്യത്തെ വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് വലിയൊരു അളവില്‍ മൂക്കു കയറിടും എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് രാജ്യം കാര്‍ഡ് രഹിത ഡിജിറ്റല്‍ ജീവിത രീതികളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന വരും വര്‍ഷങ്ങളില്‍ പരാതികളുടെ എണ്ണം കുറയ്ക്കാനും ഈ നീക്കം സഹായിക്കും.
0 comments: