2021, ഫെബ്രുവരി 17, ബുധനാഴ്‌ച

മൊബൈൽ ഫോൺ വിദ്യാർത്ഥികൾക്കിടയിൽ വില്ലനാകുന്നു,പഠനാവശ്യത്തിന്‌ വീട്ടുകാര്‍ വാങ്ങിനല്‍കുന്ന മൊബൈല്‍ ഫോണ്‍ വിദ്യാര്‍ഥിനികള്‍ക്കിടയിൽ വില്ലനാകുന്നു. മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം തലവടി പഞ്ചായത്തില്‍ രണ്ട്‌ പോക്‌സോ, ഐ.ടി കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. പെണ്‍കുട്ടികളുടെ ഫെയ്‌സ്‌ ബുക്ക്‌ അക്കൗണ്ടിലൂടെ വീഡിയോ കോള്‍ ചെയ്‌ത്‌ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കൊല്ലം കുണ്ടറ സ്വദേശി അഖിലിനേയും മറ്റൊരു കേസില്‍ പന്തളം സ്വദേശി സോണി, തലവടി സ്വദേശികളായ അജീഷ്‌, സുജിത എന്നിവരേയും പോലീസ്‌ പിടികൂടിയിരുന്നു. കോവിഡ്‌ വ്യാപന പശ്‌ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ വാങ്ങി നല്‍കിയ ഫോണിലൂടെ ആണ് പെൺകുട്ടികളുമായി സൗഹൃദം സ്‌ഥാപിക്കുന്നത്‌.

പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും ഒടുവില്‍ പെണ്‍കുട്ടികള്‍ പ്രതികളുടെ കൈകളില്‍ എത്തുകയാണ്‌. പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച്‌ സെക്‌സ്‌ റാക്കറ്റില്‍ അംഗമാക്കാനുള്ള ശ്രമമാണ്‌ നടന്നുവരുന്നത്‌. പിടിയിലായവരെ കൂടുതല്‍ ചോദ്യം ചെയ്‌താല്‍ മാത്രമേ ആരൊക്കെ ബന്ധപ്പെട്ടിട്ടുണ്ടന്ന്‌ കൃത്യമായ വിവരം ലഭിക്കൂ. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസും രംഗത്തുണ്ട്‌. പ്ലസ്‌ ടൂവിന്‌ താഴെയുള്ള വിദ്യാര്‍ഥിനികളേയാണ്‌ സെക്‌സ്‌റാക്കറ്റ്‌ ഉന്നം വെക്കുന്നത്.

മിസ്‌ഡ്‌ കോളിലൂടെയും ഫെയ്‌സ്‌ബുക്ക്‌ വീഡിയോ കോളിലൂടെയുമാണ്‌ പെണ്‍കുട്ടികളെ വലയിലാക്കുന്നത്‌. ഫോണ്‍കോള്‍ തിരസ്‌കരിക്കുന്നവര്‍ക്കെതിരെ ഫെയ്‌സ്‌ ബുക്ക്‌ സ്‌ക്രീന്‍ ഷോട്ട്‌ ഉപയോഗിച്ചാണ്‌ ഭീഷണിപ്പെടുത്തുന്നത്‌. മൊബൈല്‍ ഫോണിലൂടെ എത്തുന്ന പരിചയമില്ലാത്ത കോളുകള്‍ എടുക്കരുതെന്നും ഭീഷണിയോ പ്രലോഭനമോ വന്നാല്‍ കുടുംബത്തിലുള്ള മുതിര്‍ന്നവരെ വിവരം ധരിപ്പിക്കണമെന്നും അതാത്‌ സ്‌കൂളുകളിലെ അധ്യാപകരും വിദ്യാര്‍ഥികള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നുണ്ട്‌. കുട്ടികള്‍ക്ക്‌ വാങ്ങിനല്‍കുന്ന ഫോണിലൂടെ ദുരുപയോഗം നടക്കാറുണ്ടോയെന്ന്‌ രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന്‌ പോലീസും ഓര്‍മിപ്പിക്കുന്നു. ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടികള്‍ക്ക്‌ വില്ലനാകുകയാണ്

0 comments: