2021, ജൂൺ 19, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 ഫസ്റ്റ്ബെൽ ട്രയൽ ക്ലാസുകൾ വിജയകരം: റഗുലർ ക്ലാസുകൾ 21 മുതൽ

 ഈ അധ്യയന വർഷത്തെ ഓൺലൈൻ പഠനത്തിന് 21ന് തുടക്കമാകും. ജൂൺ 2 മുതൽ ആരംഭിച്ച മൂന്നാഴ്ചത്തെ ട്രയൽ ക്ലാസുകൾക്ക് ശേഷമാണ് ഈ വർഷത്തെ ഡിജിറ്റൽ ക്ലാസ്സുകളുടെ റഗുലർ സംപ്രേക്ഷണം ജൂൺ 21 മുതൽ ആരംഭിക്കുന്നത്.

കഴിഞ്ഞ വർഷത്തെപോലെ വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ നടക്കുക.ക്ലാസ്സുകളും വിശദമായ ടൈംടേബിളും firstbel.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്.

സി.ബി.എസ്.ഇ. 12-ാം ക്ലാസ് ഫലം: അറിയേണ്ട വിവരങ്ങള്‍.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.) 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പരീക്ഷാഫലം എങ്ങനെ തയ്യാറാക്കുമെന്ന കാര്യത്തിലുള്ള  ബോർഡിന്റെ നിർദേശങ്ങൾ https://www.cbse.gov.in ൽ പ്രസിദ്ധീകരിച്ചു. 12-ലെ തിയറി മാർക്ക്, പ്രാക്ടിക്കൽ മാർക്ക് എന്നിവ എങ്ങനെ നിർണയിക്കും, അന്തിമഫലത്തിൽ 10,11 ക്ലാസുകളിലെ മാർക്ക് എന്തുകൊണ്ടു പരിഗണിക്കും എന്നിവയെല്ലാം രേഖയിൽ വിശദീകരിക്കുന്നു. 11, 12 ക്ലാസുകളിലെ മാർക്കുകൾക്ക് ബാധകമാക്കുന്ന മോഡറേഷൻ രീതിയും ഉദാഹരണസഹിതം രേഖയിൽ വ്യക്തമാക്കുന്നു.

ഡി.എൽ.എഡ് കോഴ്‌സ്: വെയിറ്റിങ് ലിസ്റ്റിലെ വിദ്യാർഥികളുടെ വിവരം പ്രസിദ്ധീകരിച്ചു

2020-2022 അധ്യയന വർഷം ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സിലെ (അറബിക്) ഗവ. ടി.ടി.ഐ (വുമൺ) നടക്കാവ് കോഴിക്കോട്, ഗവ. ടി.ടി.ഐ മലപ്പുറം, കൊല്ലം എന്നീ സ്ഥാപനങ്ങളിൽ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ പേര് വിവരം www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരുന്ന രേഖകൾ സഹിതം ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഹാജരായി പ്രവേശനം നേടണം.


സിവിൽ സർവീസ് അക്കാഡമി പ്രവേശനം: 21ന് ഓൺലൈൻ പരീക്ഷ

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പി.സി.എം. ബാച്ചുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് 17ന് നടന്ന ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി 21ന് രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ഓൺലൈൻ പരീക്ഷ നടത്തും.

പ്രവേശന പരീക്ഷയ്ക്കുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷകരുടെ ഇ-മെയിലിലേക്ക് അയയ്ക്കും. 19ന് രാവിലെ 11 മണിക്ക് മുൻപ് ലഭിച്ചില്ലെങ്കിൽ അപേക്ഷകർ info.ccek@gmail.com എന്ന വിലാസത്തിൽ (അല്ലെങ്കിൽ വാട്ട്സ്ആപ്പ്: 82810 98862) ബന്ധപ്പെടണം.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) വ്യക്തിഗത വിവരം പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ നൽകിയവരുടെ വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷ നൽകിയവർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ 25ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.


0 comments: