2021, ജൂലൈ 8, വ്യാഴാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 

 കീം 2021: പരീക്ഷ മാറ്റിവെച്ചു

ജൂലായ് 24-ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശന പരീക്ഷ (കീം) മാറ്റിവെച്ചു. ജൂലായ് അവസാന വാരം മുതൽ ജെ.ഇ.ഇ. മെയിൻ പരീക്ഷ നടത്താൻ നിശ്ചയിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

ഐ.എച്ച്.ആർ.ഡിയുടെ വിവിധ കോഴ്‌സുകളിൽ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) വിവിധ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകൾ 23 നകം നൽകണം. പോസ്റ്റ് ഗ്രജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്‌ളിക്കേഷൻസിന് (പി.ജി.ഡി.സി.എ)  ഡിഗ്രിയാണ് യോഗ്യത. ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിന് എസ്.എസ്.എൽ.സി പാസായിരിക്കണം.അപേക്ഷാ ഫോമും വിശദവിവരവും www.ihrd.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/ എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം അതത് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം.

അഡ്മിഷന്‍ തുടരുന്നു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കേരളത്തിലുടനീളമുളള നോളജ് സെന്ററുകളില്‍ ജൂലൈ 12ന് തുടങ്ങുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ തുടരുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9188665545, 7012742011, ksg.keltron.in.

സാങ്കേതിക സര്‍വ്വകലാശാല: പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: ജൂലൈ 9 മുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ.ആനന്ദ രശ്മി അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്നും നാളെമുതല്‍ തുടങ്ങുന്ന പരീക്ഷകള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നലെ പരിഗണിച്ചിരുന്നു. എന്നാല്‍ പരീക്ഷകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

മാത്തമാറ്റിക്‌സ് ആന്‍ഡ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബാച്ചിലര്‍, മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍

ഭുവനേശ്വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് ബാച്ചിലര്‍, മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള ബി.എസ്സി. (ഓണേഴ്സ്) മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ് പ്രോഗ്രാം പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച്‌, ഹയര്‍ സെക്കന്‍ഡറി/തത്തുല്യപരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ജൂലായ് 15-നകം പ്രോസ്പക്ടസില്‍ നല്‍കിയിട്ടുള്ള വിലാസത്തില്‍ സ്പീഡ്/രജിസ്ട്രേഡ് പോസ്റ്റില്‍ ലഭിക്കണം.അവയുടെ പകര്‍പ്പ് പി.ഡി.എഫ്. ആയി സ്കാന്‍ചെയ്ത് admission.ima@iomaorissa.ac.in എന്ന ഇ-മെയില്‍ വിലാസത്തിലേക്കും അയയ്ക്കണം.

കൊവിഡ് പശ്ചാത്തലത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി 'തൂവൽ സ്പർശം'

കൊവിഡ് പശ്ചാത്തലത്തിൽ സ്കൂൾ അന്തരീക്ഷം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് എറണാകുളം പാറക്കടവ് ബ്ലോക്കിൻ്റെ കരുതൽ. സൗഹൃദകൂട്ടായ്മകൾ ഇല്ലാതെ മാനസിക സംഘർഷം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് പരിപാടിയാണ് ബ്ലോക്കിൻ്റെ നേതൃത്വത്തിൽ നൽകുന്നത്.മാനസികസംഘർഷങ്ങൾ ഉണ്ടാകുന്ന സമയത്ത് വിളിക്കുന്നതിനും അവർക്കാവശ്യമായ ഉപദേശ- നിർദ്ദേശങ്ങൾ യഥാസമയം നൽകുന്നതിനും മുൻതൂക്കം നൽകുന്നു. അംഗീകൃത കൗൺസിലർമാരെ കൂടാതെ ഡോക്ടർമാരും പദ്ധതിയുടെ ഭാഗമാണ്. കൗൺസലിംഗിനായി 7558935072, 7034133901 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക

അധ്യാപകരുമായി നേരിട്ടു സംവദിക്കാം; ഓൺലൈൻ ക്ലാസുകൾ കൂടുതൽ വിപുലമാകുന്നു

കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടക്കുന്ന ഓൺലൈൻ ക്ലാസുകൾ കൂടുതൽ വിപുലമാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.വിദ്യാർത്ഥികൾക്ക് അധ്യാപകരുമായി നേരിട്ടു സംവദിക്കുന്നതിനുള്ള പുതിയ ആപ്ലിക്കേഷൻ നിർമിച്ച് ലൈവ് ക്ലാസുകൾ ആരംഭിക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അധ്യാപകരേയും സഹപാഠികളേയും നേരിട്ടു കാണാനും സംവദിക്കാനുമുള്ള സാഹചര്യം ഇതുവഴി സാധ്യമാകും. ഓൺലൈൻ ക്ലാസുകൾക്ക് മുൻവർഷങ്ങളിലുള്ള പോരായ്മകളെല്ലാം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോളജ് പഠനം: ഓൺലൈൻ പ്ലാറ്റ്ഫോം 100 ദിവസത്തിനകം...

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനത്തിനായുള്ള ‘മൂഡിൽ പ്ലാറ്റ്ഫോം’ 100 ദിവസത്തിനകം വികസിപ്പിക്കുമെന്നു മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. നിലവിൽ വ്യത്യസ്ത പ്ലാറ്റ്ഫോമുകളിൽ നടക്കുന്ന പഠനത്തിന് കേന്ദ്രീകൃത സ്വഭാവം കൊണ്ടുവരാനാണ് ‘ലെറ്റ്സ് ഗോ ഡിജിറ്റൽ’ പദ്ധതി നടപ്പാക്കുന്നത്. പരീക്ഷയും ഓൺലൈനായി നടത്താൻ പുതിയ സംവിധാനത്തിൽ സൗകര്യമുണ്ടാകും

ഐ.ഐ.ഐ.ടി.യില്‍ ഗവേഷണം; ജൂലായ് എട്ടുവരെ അപേക്ഷിക്കാം......

പശ്ചിമബംഗാൾ കല്യാണിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ. ടി.) പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മാത്തമാറ്റിക്സ്, ഫിസിക്സ് (സ്പേസ് ആൻഡ് ആറ്റ്മോസ്‌ഫറിക് സയൻസസ്) എന്നീ മേഖലകളിലാണ് അവസരമുള്ളത്.ഗേറ്റ്/നെറ്റ് യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷ http://iiitkalyani.ac.in/ വഴി ജൂലായ് എട്ടുവരെ നൽകാം

മികച്ച തുടക്കവുമായി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി; ആദ്യ കോഴ്സിന് മികച്ച പ്രതികരണം

രാജ്യത്തെ തന്നെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റിയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻസ് ആൻഡ് ടെക്നോളജിയുടെ ആദ്യ കോഴ്സിന് മികച്ച പ്രതികരണം. കോവിഡ് വ്യാപനം മൂലം ഉപരിപഠന രംഗത്താകെ അരക്ഷിതാവസ്ഥ നിലനിൽക്കുന്നതിനിടയിലാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ 30 സീറ്റുകളിലേക്കുള്ള ഡോക്ടറൽ പ്രോഗ്രാമിന് അഞ്ഞൂറിനടത്ത് അപേക്ഷകളാണ് ലഭിച്ചത്.റെഗുലർ പി.എച്ച്.ഡിയ്ക്കൊപ്പം ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ നൂതന ആശയമായ ഇൻഡസ്ട്രീ റെഗുലർ പി.എച്ച്.ഡിയ്ക്കും നിരവധി അപേക്ഷകളാണ് ലഭിച്ചത്. 0 comments: