2021, ജൂലൈ 11, ഞായറാഴ്‌ച

വിദ്യാർത്ഥികൾക്ക് 10000/- രൂപ കിട്ടും, പ്രധാന മന്ത്രിയുടെ പദ്ധതി, സത്യാവസ്ഥ അറിയുക



പ്രധാനമന്ത്രിയുടെ കൈയിൽ നിന്ന് സൗജന്യമായി 10,000 രൂപ   വാങ്ങാൻ പുറപ്പെടും മുമ്പ് ഇക്കാര്യം അറിയുക

കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ കുട്ടികൾക്ക്  10,000 രൂപ പ്രധാനമന്ത്രി ധനസഹായം നല്‍കും എന്ന സന്ദേശം പ്രചരിക്കുന്നുണ്ട് . കോവിഡ് -19 സപ്പോര്‍ട്ടിംഗ് പദ്ധതിപ്രകാരം ഒന്നു മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നല്‍കും എന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന  ആ സന്ദേശം. ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി നൂറുരൂപ രജിസ്ട്രേഷൻ ഫീസും നൽകുന്ന എല്ലാവരുടെ അക്കൗണ്ടിലേക്കും പണം എത്തും,എന്നീ  സന്ദേശങ്ങളാണ് പ്രചരിക്കുന്നത് .വാട്സ്‌ആപ്പില്‍ വന്ന സന്ദേശം ചില അദ്ധ്യാപകര്‍ സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതോടെയാണ് പ്രശ്നം ഗുരുതരമായത്.

അതേസമയം സന്ദേശം കിട്ടിയതോടെ അക്ഷയകേന്ദ്രത്തിലേക്ക് രക്ഷിതാക്കളുടെ ഒഴുക്കായിരുന്നു. ആദ്യം കാര്യമറിയാതെ അക്ഷയക്കാർ അമ്പരന്നെങ്കിലും പിന്നീടാണ് കാര്യം മനസിലായത്.കൊവിഡ് ഒന്നാം തരംഗത്തിന്റെ കാലത്ത് ഇറക്കിയതുപോലുള്ള ഒരു സൂപ്പർ തട്ടിപ്പാണ് ഇതും.അപേക്ഷ നല്‍കാന്‍ എത്തിയവരെ കാര്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും ആരും വിശ്വസിച്ചിട്ടില്ല.

എറണാകുളം ജില്ലയിലാണ് സന്ദേശം കൂടുതല്‍ പ്രചരിക്കുന്നത്. എന്നാല്‍ അപേക്ഷയും രേഖകളും രജിസ്ട്രേഷന്‍ ഫീസും പോകുന്നത് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്കാണെന്ന് വ്യക്തമായിട്ടുണ്ട്. ബാങ്ക്, ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിനാല്‍ ബാങ്കുതട്ടിപ്പുപോലുള്ള വലിയ തട്ടിപ്പുകള്‍ക്ക് അപേക്ഷ നല്‍കിയവര്‍ ഇരയായേക്കാം എന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.


0 comments: