2021, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

23/09/2021 Today's top education news ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

                                    


സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളും സജ്ജമാകുന്നു: നവംബർ ഒന്നിന് തുറക്കും

സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളും നവംബർ ഒന്നുമുതൽ തുറക്കും. സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചാകും ക്ലാസുകൾ പുനരാരംഭിക്കുക. ഓൺലൈൻ പഠന കാലയളവിൽ കുറച്ച ഫീസ് പുനഃസ്ഥാപിയ്ക്കേണ്ടിവരുമെന്ന് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ അറിയിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ സ്കൂളുകളിലും ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇതിനുള്ള നടപടികൾ സ്കൂളുകൾ ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ചാകും പ്രവർത്തനം. സിബിഎസ്ഇ സ്കൂളുകളിൽ ഓരോ കുട്ടികൾക്കും ക്ലാസുകളിൽ പ്രത്യേകം കസേരകളാണ് ഉള്ളത്. ഇത് സാമൂഹിക അകലം പാലിയ്ക്കാൻ സഹായകരമാകും. സാനിറ്റൈസിംഗ് സംവിധാനങ്ങളും സ്കൂളുകളിലുണ്ട്.

ഒന്നാം ക്ലാസുകാരും രണ്ടാം ക്ലാസുകാരും നവാഗതർ: ചരിത്രത്തിൽ ആദ്യം

ഒന്നരവർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂൾ അധ്യയനം പുനരാരംഭിക്കുമ്പോൾ വിദ്യാലയങ്ങളിൽ എത്തുന്നത് 6,07,702 നവാഗതർ. ഒന്നാം ക്ലാസിനു പുറമെ രണ്ടാം ക്ലാസുകാരും ആദ്യമായാണ് സ്കൂളിന്റെ പടികടന്ന് എത്തുന്നത്. കഴിഞ്ഞ വർഷത്തെ ഒന്നാം ക്ലാസുകാർ വീട്ടിൽ ഇരുന്നാണ് ഒരു വർഷത്തെ പഠനം പൂർത്തിയാക്കിയത് ഇതുകൊണ്ടുതന്നെ ഈ വർഷത്തെ ഒന്നാം ക്ലാസുകാരെയും രണ്ടാം ക്ലാസുകാരെയും നവാഗതരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞവർഷം ഒന്നാംക്ലാസിൽ ചേർന്നത് 2,76,932 കുട്ടികളാണ്. ഈവർഷം 3,05,414 പേരാണ് ഒന്നാം ക്ലാസ് പ്രവേശനം നേടിയത്. സ്വകാര്യ സ്കൂളുകളിലെ കുട്ടികളെക്കൂടി പരിഗണിക്കുമ്പോൾ നവാഗതരുടെ എണ്ണം ഇനിയും കൂടും. ഈ വർഷം ഒന്നുമുതൽ 10വരെ ക്ലാസുകളിൽ ആകെ 34,10,167 വിദ്യാർഥികളാണ് സ്കൂളിൽ എത്തുക. ഈ വർഷം പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിൽ കുട്ടികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 28,482 വിദ്യാർത്ഥികൾ ഒന്നാംക്ലാസിൽ അധികമായി പ്രവേശനം നേടി.

പ്ലസ് വൺ പ്രവേശനം;അൺ എയ്ഡഡ് മേഖലയിൽ സീറ്റുകൾ വർധിപ്പിക്കുന്നത് പരിഗണനയിൽ : വി ശിവൻകുട്ടി

ഹയർസെക്കൻഡറി അൺ എയ്ഡഡ് മേഖലയിൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും ഉപരിപഠന യോഗ്യത നേടിയ എല്ലാ കുട്ടികൾക്കും സീറ്റുകൾ ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പ്ലസ് വൺ അലോട്ട്മെന്റ് നടപടികൾ നിരീക്ഷിക്കാൻ എത്തിയതായിരുന്നു മന്ത്രി . പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

20% മാർജിനൽ വർധനവിലൂടെ ഹയർ സെക്കൻഡറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും വേണ്ട സീറ്റുകൾ ലഭ്യമാകുമെന്നാണ് കരുതുന്നത് . മുഖ്യഘട്ട പ്രവേശന നടപടികൾ പൂർത്തീകരിച്ചതിന് ശേഷം സ്ഥിതി പരിശോധിച്ച് തുടർനടപടി തീരുമാനിക്കും മന്ത്രി വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ അപേക്ഷകൾ പരിഗണിച്ച് ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 13ന് പ്രസിദ്ധീകരിച്ച് ഓപ്ഷനുകൾ ഉൾപ്പെടെ തിരുത്തലുകൾ വരുത്തുന്നതിന് സെപ്റ്റംബർ 17 ന് 5 വരെ സമയം അനുവദിച്ചിരുന്നു. ആകെ 4,65,219 അപേക്ഷകൾ ആദ്യ അലോട്ട്മെന്റിന് പരിഗണിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ ആകെയുള്ള 2,71,136 മെറിറ്റ് സീറ്റുകളിൽ 2,18,418 അപേക്ഷകർക്ക് അലോട്ട്മെന്റ് നൽകി.

ഒന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം സെപ്റ്റംബർ 23 കൂടാതെ 25, 29 തീയതികളിലും ഒക്ടോബർ ഒന്നിനും പൂർത്തീകരിച്ച് രണ്ടാമത്തെ അലോട്ട്മെന്റ് ഒക്ടോബർ 7 നും പ്രസിദ്ധീകരിക്കും.

ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ

സംസ്ഥാനത്ത് ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ ആരംഭിക്കും. ഇന്നലെ പ്രസിദ്ധീകരിച്ച ആദ്യ അലോട്ട്മെന്റ് പ്രകാരമാണ് പ്രവേശനം. ഇന്ന് രാവിലെ 9മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പ്രവേശന നടപടികൾ ഒക്ടോബർ ഒന്നുവരെ നീണ്ടുനിൽക്കും. അലോട്ട്മെന്റ് പട്ടികയിലുള്ള വിദ്യാർഥികൾക്ക് ഇന്നുമുതൽ ഒക്ടോബർ ഒന്നുവരെ സർട്ടിഫിക്കറ്റുകളുമായി സ്കൂളുകളിൽ നേരിട്ടെത്തി പ്രവേശനം നേടാം. വിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ പോർട്ടലിലാണ് ഇന്നലെ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികൾക്ക്. http://hscap.kerala.gov.in, http://admission.dge.kerala.gov.in. എന്നീ വെബ്സൈറ്റുകളിലൂടെ പട്ടിക പരിശോധിക്കാം.

ഹോം പേജിലെ ‘Candidate's Login' എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.പുതുതായി തുറക്കുന്ന വിൻഡോയിൽ ആപ്ലിക്കേഷൻ നമ്പർ, പാസ് വേർഡ്, ജില്ല എന്നീ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക. സബ്മിറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. Kerala Plus One First Allotment 2021 തുറന്നതിന് ശേഷം പരിശോധിക്കാവുന്നതാണ്.കോവിഡ് മാനദണ്ഡം അനുസരിച്ചാണ് പ്രവേശന നടപടികൾ. ഒരു വിദ്യാർഥികളുടെ പ്രവേശം പൂർത്തിയാക്കാൻ ആകെ 15 മിനിട്ടാണ് അനുവദിച്ചിരിക്കുന്നത്. ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകൾ ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം.പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന സ്ലിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള സ്കൂളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി മാതാപിതാക്കൾക്കൊപ്പം ഹാജരാവണം. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44281 ഒഴിവുകളിൽ ലഭിച്ച 109320 അപേക്ഷകളിൽ 107915 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്.

ഇഷ്ടവിഷയം തിരഞ്ഞെടുത്ത് പഠിക്കാൻ ഹൊറിസോണ്ടൽ മൊബിലിറ്റി സംവിധാനം

സർവകലാശാലാ പഠനവകുപ്പുകളിലെ പി.ജി.വിദ്യാർഥികൾക്ക് മറ്റുവകുപ്പുകളിലുള്ള ഇഷ്ടവിഷയം കൂടി പഠിക്കാൻ അവസരം. ശാസ്ത്രം പഠിക്കുന്നവർക്ക് ഭാഷാ വിഷയങ്ങളോ മാനവിക വിഷയങ്ങൾ പഠിക്കുന്നവർ ശാസ്ത്ര വിഷയങ്ങളോ അങ്ങനെ ലഭ്യമായതെന്തും തിരഞ്ഞെടുക്കാവുന്ന ഹൊറിസോണ്ടൽ മൊബിലിറ്റി സംവിധാനം ഏർപ്പെടുത്തി. വൈസ് ചാൻസിലർ ഡോ.എം.കെ. ജയരാജ്, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബു, സിണ്ടിക്കേറ്റ് അംഗം ഡോ. എം. മനോഹരൻ, പഠനവകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്ത സി.സി.എസ്.എസ്. പി.ജി. അക്കാദമിക് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഓരോ വകുപ്പിനും മറ്റുവകുപ്പിലെ വിദ്യാർഥികൾക്ക് നൽകാവുന്ന ഇലക്ടീവ് വിഷയങ്ങളുടെ പട്ടിക തയ്യാറാക്കി സമർപ്പിക്കാൻ സമിതി നിർദേശിച്ചിട്ടുണ്ട്. രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളിലായി നാല് വിഷയങ്ങൾ ഇലക്ടീവായി പഠിച്ച് 16 ക്രെഡിറ്റ് വരെ നേടാനാകും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രണ്ട് മണി മുതൽ നാല് മണി വരെയാകും ഈ വിഷയങ്ങളുടെ ക്ലാസുകൾ. സി.സി.എസ്.എസിന് കീഴിൽ വരുന്ന മുപ്പതോളം പഠനവകുപ്പുകളുണ്ട്. ഇഷ്ടവിഷയങ്ങൾ പഠിക്കാനായി വിദ്യാർഥികൾ രജിസ്ട്രേഷൻ തുടങ്ങിക്കഴിഞ്ഞെന്ന് സി.സി.എസ്.എസ്. കൺവീനർ ഡോ. പി.പി. പ്രദ്യുമ്നൻ പറഞ്ഞു.

കൈറ്റ് വിക്ടേഴ്സ് പ്ലസ്: ഇനി മുതൽ കൂടുതൽ ഡിജിറ്റൽ ക്ലാസുകളും വിദ്യാഭ്യാസ പരിപാടികളും

വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സിന്റെ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഇതോടെ ഇനി മുതൽ കൂടുതൽ ഡിജിറ്റൽ ക്ലാസുകളും വിദ്യാഭ്യാസ പരിപാടികളും കുട്ടികൾക്ക് ലഭ്യമായിത്തുടങ്ങും.

കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ പുനഃസംപ്രേഷണം ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്സ് പ്ലസിലൂടെ ആരംഭിച്ചു. എ.സി.വി 410-ാം നമ്പറിലും കേരളാ വിഷൻ 34-ാം നമ്പറിലും കൈറ്റ് വിക്ടേഴ്സ് പ്ലസ് നൽകിത്തുടങ്ങി. മുഴുവൻ കേബിൾ സേവന ദാതാക്കളോടും ചാനൽ ലഭ്യമാക്കാൻ കൈറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എസ്.സി.ഇ കെ. മനോജ് കുമാർ എന്നിവരും സംബന്ധിച്ചു. 2006 ആഗസ്റ്റിൽ വിക്ടേഴ്സ് ചാനൽ നിലവിൽ വന്ന് പതിനഞ്ചു വർഷം പൂർത്തിയാകുമ്പോഴാണ് രണ്ടാമത് ചാനലും സംപ്രേഷണമാരംഭിക്കുന്നത്.

സെപ്റ്റംബർ 24 വെള്ളിയാഴ്ച ക്ലാസുകളുടെ വിക്ടേഴ്സ് ചാനൽ ടൈംടേബിൾ

വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന സെപ്റ്റംബർ 24 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് ഓരോ വിഷയത്തിനും സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകൾ ആരംഭിക്കുന്നത് രാവിലെ എട്ടു മുതലാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ് 'ഫസ്റ്റ്ബെൽ' എന്ന പേരിലാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ - 411

ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ - 639

കേരള വിഷൻ ചാനൽ നമ്പർ - 42,

ഡിജി മീഡിയ - 149,

സിറ്റി ചാനൽ ചാനൽ നമ്പർ - 116,

ഡിഷ് ടിവി - 624,

വീഡിയോകോൺ ഡി2എച്ച് - 642,

സൺ ഡയറക്ട് - 240

                  University Announcements

MG University Announcements: എംജി സർവകലാശാല

ബി.എ, ബി.കോം. പരീക്ഷകേന്ദ്രം

മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം. സി.ബി.സി.എസ്.എസ്. (2017ന് മുമ്പുള്ള അഡ്മിഷൻ - സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ - മേഴ്സി ചാൻസ് - പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകളുടെ പരീക്ഷകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.വിദ്യാർഥികൾ ഹാൾടിക്കറ്റ് അതത് പരീക്ഷകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റണം.

തീയതി നീട്ടി

2017 അഡ്മിഷൻ ബി.ടെക് നാലും അഞ്ചും സെമസ്റ്റർ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ 28 മുതൽ 30 വരെയും 525 രൂപ പിഴയോടെ ഒക്ടോബർ ഒന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ നാലുവരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 55 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷഫലം

2021 മാർച്ചിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (2015 അഡ്മിഷൻ റഗുലർ, 2008 മുതൽ സപ്ലിമെന്ററി)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ അഞ്ചുവരെ അപേക്ഷിക്കാം. 

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ ഏഴുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന രണ്ടാം വർഷ എം.എസ് സി. മെഡിക്കൽ അനാട്ടമി (നോൺ സി.എസ്.എസ്.) സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബർ ഏഴുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. ആക്ചൂറിയൽ സയൻസ് (സി.എസ്.എസ്.) രണ്ടാം സെമസ്റ്റർ (റഗുലർ, സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. സിറിയക് (സി.എസ്.എസ്.) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

വിവരങ്ങൾ വെബ്സൈറ്റിൽ

ഗവേഷണ സംബന്ധിയായ സോഫ്റ്റ് വെയറുകൾ, ഗവേഷണ പ്രബന്ധത്തിന്റെ പരിശോധനയ്ക്കുള്ള സോഫ്റ്റ് വെയർ, ഗവേഷണത്തിനുള്ള വിവരശേഖരണം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല പഠന വകുപ്പുകൾ, കൊളജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകർക്കും ഗവേഷകർക്കും വേണ്ടി സെപ്തംബർ 27 മുതൽ നടത്തുന്ന ഓൺലൈൻ റിസെർച്ചർ ഡവലപ്മെന്റ് പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ആവശ്യമായ വിവരങ്ങൾ www. library.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Calicut University:                                കാലിക്കറ്റ് സർവകലാശാല

ബിരുദ പ്രവേശനം മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2021-22 അദ്ധ്യയന വർഷത്തെ ബിരുദപ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാവരും 30-ന് വൈകീട്ട് 3 മണിക്കു മുമ്പായി സ്ഥിരം പ്രവേശനം എടുക്കണം. പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ മാന്റേറ്ററി ഫീസ് അടച്ചതിനു ശേഷമാണ് പ്രവേശനം എടുക്കേണ്ടത്. ഓരോ കോളേജിലും രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം താൽക്കാലിക പ്രവേശനം നേടിയവരും എന്നാൽ മൂന്നാം അലോട്ട്മെന്റിൽ മാറ്റമൊന്നുമില്ലാത്തവർ നിർബന്ധമായും സ്ഥിരം പ്രവേശനമെടുക്കണം. മാന്റേറ്ററി ഫീസ് അടക്കുന്നതിനുള്ള സൗകര്യം 30-ന് വൈകീട്ട് 3 മണി വരെ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രവേശനത്തിനായി കോളേജുകൾ നിർദ്ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതാണ്. ഹയർ ഓപ്ഷൻ നിലനിർത്തിക്കൊണ്ട് സ്ഥിരം പ്രവേശനമെടുക്കാനുള്ള അവസരമുണ്ട്. എന്നാൽ ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദ് ചെയ്യണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (https:// admission.uoc.ac.in) പി.ആർ. 850/2021

അഫ്സലുൽ ഉലമ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2021-22 അദ്ധ്യയന വർഷത്തെ അഫ്സലുൽ ഉലമ പ്രിലിമിനറി പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർ 115 രൂപയും മറ്റുള്ളവർ 480 രൂപയും മാന്റേറ്ററി ഫീസടച്ച് 29-ന് വൈകീട്ട് 4 മണിക്ക് മുമ്പായി സ്ഥിരം താൽക്കാലിക പ്രവേശനം എടുക്കേണ്ടതാണ്.ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷൻ റദ്ദ് ചെയ്ത് പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിർബന്ധമായും എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഹയർ ഓപ്ഷൻ നിലനിർത്തുന്നപക്ഷം തുടർന്നുള്ള വരുന്ന ഓപ്ഷൻ നിർബന്ധമായും സ്വീകരിക്കണം. താൽക്കാലിക പ്രവേശനമെടുക്കുന്നവർ കോളേജുകളിൽ ഫീസടക്കേണ്ടതില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (https:// admission.uoc.ac.in)

സൗജന്യ അഭിമുഖ പരിശീലനം

പി.എസ്.സി. നടത്തിയ എൽ.പി., യു.പി. അദ്ധ്യാപക നിയമന പരീക്ഷകളുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയവർക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ സൗജന്യ അഭിമുഖ പരിശീലനം നൽകുന്നു.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, വിലാസം, വയസ്, പഠിച്ച വിഷയം, വാട്സ്ആപ്പ് നമ്പർ, ഇ-മെയിൽ, പരീക്ഷയുടെ രജിസ്റ്റർ നമ്പർ, ഏതു ജില്ലയിൽ ചുരുക്കപ്പട്ടികയിൽ, മെയിൻ/സപ്ലിമെന്ററി ലിസ്റ്റ് എന്നീ വിവരങ്ങൾ സഹിതം 29-ന് വൈകീട്ട് 5 മണിക്ക് മുമ്പായി bureaukkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. പരിശീലനം ഒക്ടോബർ രണ്ടാം വാരത്തിൽ നടക്കും. ഫോൺ : 0494 2405540

27-ലെ പരീക്ഷകൾ മാറ്റി

കാലിക്കറ്റ് സർവകലാശാലയിലെ 27-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

2009, 2014 സ്കീം മൂന്നാം സെമസ്റ്റർ ബി.ടെക്. നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് ഒക്ടോബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ എം.എ. എക്കണോമിക്സ്, ഫിനാൻഷ്യൽ എക്കണോമിക്സ് ഏപ്രിൽ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

ഒന്ന്, മൂന്ന് സെമസ്റ്റർ എം.സി.എ. ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഒക്ടോബർ 4 വരെയും 170 രൂപ പിഴയോടെ 6 വരെയും ഫീസടച്ച് 8 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

2019 സ്കീം, 2019 പ്രവേശനം പി.ജി. എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റർ പി.ജി. നവംബർ 2020 പരീക്ഷക്ക് പിഴ കൂടാതെ ഒക്ടോബർ 7 വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ.യിൽ പുനപ്രവേശനം നേടിയവരും സ്ട്രീം ചെയ്ഞ്ച് ചെയ്തവരുമായ നാലാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 2021 പരീക്ഷക്ക് പിഴ കൂടാതെ ഒക്ടോബർ 1 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 7 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കൽ പരീക്ഷ

2018 ബാച്ച് ബി.വോക്. ജ്വല്ലറി ഡിസൈനിംഗ്, ജെമ്മോളജി നവംബർ 2020 അഞ്ചാം സെമസ്റ്റർ പരീക്ഷയുടേയും ഏപ്രിൽ 2021 ആറാം സെമസ്റ്റർ പരീക്ഷയുടേയും പ്രാക്ടിക്കൽ പരീക്ഷ 29-ന് തുടങ്ങും.

പരീക്ഷ മാറ്റി

22-ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എൽ.ഐ.എസ് സി. ഏപ്രിൽ 2021 പരീക്ഷ 23-ന് ഉച്ചക്ക് 1.30 മുതൽ 4.30 വരെ നടക്കും. മറ്റ് പരീക്ഷകളിൽ മാറ്റമില്ല.

ട്യൂഷൻ ഫീസ്

വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം 3, 4 സെമസ്റ്റർ പി.ജി. വിദ്യാർത്ഥികൾക്ക് 100 രൂപ പിഴയോടെ ട്യൂഷൻഫീസ് അടയ്ക്കാനുള്ള അവസരം 30 വരെ നീട്ടി. ഫോൺ 0494 2407356, 2407494 (www. sdeuoc.ac.in)

എം.എഡ്. പ്രവേശനം : ഇന്നു കൂടി അപേക്ഷിക്കാം

2021 അദ്ധ്യയന വർഷത്തെ എം.എഡ്. പ്രവേശനത്തിന് 24 വരെ അപേക്ഷിക്കാം.അപേക്ഷ സമർപ്പിച്ചവർ യോഗ്യതാ പരീക്ഷയുടെ മാർക്ക് /ഗ്രേഡിന്റെ ശതമാനം നിർബന്ധമായും അപേക്ഷയിൽ കൂട്ടിച്ചേർക്കണം. അപേക്ഷയിൽ തെറ്റു തിരുത്തുന്നതിനും അവസരമുണ്ട്. ഫോൺ : 0494 2407016, 7017

Kannur University:                                        കണ്ണൂർ സർവകലാശാല

യു. ജി നാലാം ഘട്ട അലോട്ട്മെൻറ് നിർദ്ദേശങ്ങൾ

2021 - 22 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള നാലാം ഘട്ട അലോട്ട്മെൻറ് http://www. admission.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെൻറ് പരിശോധിക്കേണ്ടതും നാലാം അലോട്ട്മെൻറിൽ ആദ്യമായി (First time)അലോട്ട്മെൻറ് ലഭിച്ചവർ 2021 സെപ്റ്റംബർ 26 ന് അകം SBI e-pay വഴി അഡ്മിഷൻ ഫീസ് നിർബന്ധമായും അടക്കേണ്ടതുമാണ്. മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക് ലഭിച്ച അലോട്ട്മെൻറ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെൻറ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/ രൂപയും SC/ST വിഭാഗത്തിന് 770/- രൂപയുമാണ്. ഒന്ന്,രണ്ട്,മൂന്ന് അലോട്ട്മെൻറുകളിൽ അലോട്ട്മെൻറ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല. അലോട്ട്മെൻറ് ലഭിച്ചവർ Pay Fees ബട്ടണിൽ ക്ലിക്ക് ചെയ്താണ് ഫീസടയ്ക്കേണ്ടത്. ഫീസടച്ചവർ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് E PAY വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെൻറ് റദ്ദാക്കുന്നതാണ്.

കോളേജ് പ്രവേശനം

ഒന്ന്, രണ്ട്, മൂന്ന്, നാല് അലോട്ട്മെൻറുകളിൽ അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ - സയൻസ്, ബി.സി.എ. എന്നീ വിഷയങ്ങൾക്ക് 2021 സെപ്റ്റംബർ 28 തീയതിയിലും കൊമേഴ്സ് വിഷയങ്ങൾക്ക് 2021 സെപ്റ്റംബർ 29,30 തീയതികളിലും ഭാഷാ വിഷയങ്ങൾക്ക്(BA) 2021 ഒക്ടോബർ 1 തീയതിയിലും ഭാഷാ ഇതര BA , BSW വിഷയങ്ങൾക്ക് 2021 ഒക്ടോബർ 14 തീയതികളിലും അലോട്ട്മെൻറ് ലഭിച്ച അഡ്മിഷന് വേണ്ടി ഹാജരാകേണ്ടതാണ്. അഡ്മിഷൻ ഷെഡ്യൂൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ, അതാത് കോളേജ് പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ് . അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെൻറ് മെമ്മോ നാലാം അലോട്ട്മെൻറിന് ശേഷം മാത്രം (25.9.2021 മുതൽ ) വെബ്സൈറ്റിൽ നിന്നുംലഭ്യമാകുന്നതാണ്. അലോട്ട്മെൻറ് മെമ്മോയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

1 . ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് ഔട്ട്,അലോട്മെൻറ് മെമ്മോ

2.രജിസ്ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിൻറെ പ്രിൻറ് ഔട്ട്

3. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്

4. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

5. വിടുതൽ സർട്ടിഫിക്കറ്റ്

6. കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കറ്റ്

7. അസ്സൽ കമ്മ്യൂണിറ്റി/Caste സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക്), EWS വിഭാഗമാണെങ്കിൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

8. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)

9. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കേറ്റ്

10. HSE,VHSE,THSE,CBSC,CISCE,NIOS, cos പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്

11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.

12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

താത്കാലിക പ്രവേശനം

ഹയർ ഓപ്ഷൻ നിലനിർത്തുന്നവർ ഇപ്പോൾ അലോട്ട്മെൻറ് ലഭിച്ച കോളേജിൽ താത്ക്കാലിക പ്രവേശനം നേടേണ്ടതാണ്. ഇതിനായി അവർ സർട്ടിഫിക്കറ്റുകളെല്ലാം ഇപ്പോൾ അലോട്ട്മെൻറ് ലഭിച്ച കോളേജിൽ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം വിദ്യാർത്ഥികൾ മറ്റു ഫീസുകൾ കോളേജിൽ അടക്കേണ്ടതില്ല. അടുത്ത അലോട്ട്മെൻറുകളിൽ ഈ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ ഇപ്പോൾ അലോട്ട്മെൻറ് ലഭിച്ച കോളേജിൽ നിന്നും സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങി പുതുതായി അലോട്ട്മെൻറ് ലഭിച്ച കോളേജിൽ പ്രവേശനം നേടേണ്ടതാണ്. താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജുകൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ഹയർ ഓപ്ഷൻ നിലവിലില്ലാത്ത എല്ലാ വിദ്യാർത്ഥികളും മുഴുവൻ ഫീസ് അടച്ച് അലോട്ട്മെൻറ് ലഭിച്ച കോളേജിൽ അലോട്ട്മെൻറ് മെമ്മോ പ്രകാരമുള്ള തീയതികളിൽ സ്ഥിരം പ്രവശനം നേടേണ്ടതാണ്

അഞ്ചാം അലോട്ട്മെൻറ് : 20.10.2021

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിൻറ് ഔട്ട് ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിൻറെ വിവരങ്ങൾ അടങ്ങിയ പ്രിൻറ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് www. admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261,7356948230. e-mail id: ugsws@kannuruniv.ac.in

പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം

കണ്ണൂർ സർവ്വകലാശാലയിൽ ഡെപ്യൂട്ടേഷൻ കരാർ അടിസ്ഥാനത്തിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസറെ താൽക്കാലികമായി ഓഫീസറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ സർവ്വകലാശാലാ വെബ് സൈറ്റിൽ (WWW. kannuruniversity.ac.in) ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 01-10-2021 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ്.

കണ്ണൂർ സർവ്വകലാശാല എം.എ മ്യൂസിക് പ്രോഗ്രാം - എസ്. സി, എസ്. ടി വിഭാഗത്തിന് സീറ്റ് ഒഴിവുകൾ

കണ്ണൂർ സർവ്വകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എം. എ. മ്യൂസിക് പ്രോഗ്രാമിന് എസ്.സി വിഭാഗത്തിന് രണ്ടും എസ്.ടി വിഭാഗത്തിന് ഒന്നും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായി 28/09/2021 ന് രാവിലെ 10 മണിക്ക് വകുപ്പ് മേധാവി മുൻപാകെ ഹാജരാകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9895232334, 0497-2806404 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

എം.എസ്സ്.സി നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാം - എസ്. സി, എസ്. ടി വിഭാഗങ്ങൾക്ക് സീറ്റ് ഒഴിവുകൾ

കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ എം.എസ്സ്.സി നാനോസയൻസ് & നാനോടെക്നോളജി പ്രോഗ്രാമിന് SC, ST വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഓരോ സീറ്റുകൾ വീതം ഒഴിവുണ്ട്. അപേക്ഷകർക്ക് യോഗ്യതാ സർട്ടിഫക്കറ്റുകളുമായി 28/09/2021 ന് രാവിലെ 10.00 മണിക്ക് പ്രോഗ്രാം കോർഡിനേറ്ററുടെ മുൻപാകെ ഹാജരാകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 - 2806402, 9847421467 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

വിദൂര വിദ്യാഭ്യാസം പരീക്ഷ

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസം ബിരുദ(ഏപ്രിൽ 2021) പരീക്ഷകൾ 12.10.2021 ന് ആരംഭിക്കുന്നതാണ്.0 comments: