2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

പ്ലസ് വൺ ഏകജാലകം:ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനാകാതെ വിദ്യാർത്ഥികൾ

                                         


തിങ്കളാഴ്ച രാവിലെ ഒമ്പതിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും അതിന് മുമ്പ് ഞായറാഴ്ച അർധരാത്രി യോടെ അലോട്ട്മെന്റ് പോർട്ടലിൽ ലഭ്യമാക്കി. എന്നാൽ, തിങ്കളാഴ്ച രാവിലെ മുതൽ വിദ്യാർഥികൾ കൂട്ടത്തോടെ പോർട്ടലിൽ കയറിയതോടെ പോർട്ടൽ പണിമുടക്കി. ഉച്ചവരെ കുറച്ച് പേർക്ക് മാത്രമാണ് അലോട്ട്മെന്റ് ഫലം അറിയാൻ കഴിഞ്ഞത്. ആയിരക്കണക്കിന് വിദ്യാർഥികൾ ഫലം അറിയാനും തിരുത്തലുകൾക്കുമായി സ്കൂൾ ഹെൽപ് ഡെസ്ക്കുകളിലും ഇൻറർനെറ്റ് കഫെകളിലും കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.

പ്ലസ് വൺ അപേക്ഷകൾക്കുവേണ്ടി നാലും ഡാറ്റാബേസിനായി രണ്ടും സെർവറുകളാണ് പോർട്ടൽ പരിപാലിക്കുന്ന എൻ.ഐ.സി ഉപയോഗിക്കുന്നത്. 4.64 ലക്ഷം പേർ അപേക്ഷകരുള്ളതിനാൽ ഒരേസമയം പതിനായിരക്കണക്കിന് പേരാണ് പോർട്ടലിൽ പ്രവേശിച്ചത്. പോർട്ടലിന്റ പ്രവർത്തനം മന്ദഗതിയിലായതോടെ അധിക സെർവറുകൾ ക്രമീകരിക്കാൻ ഐ.ടി മിഷൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാവിലെയോടെ പുതിയ സെർവർകൂടി ഇതിനായി നീക്കിവെച്ചും നിലവിലുള്ളവയുടെ ബാൻഡ് വിഡ്ത് വർധിപ്പിച്ചും പ്രശ്നം പരിഹരിക്കാനാണ് എൻ.ഐ.സിയുടെ ശ്രമം. കൂടുതൽ അപേക്ഷകരുള്ള മലപ്പുറം ജില്ലയിൽ 39,331 പേർക്ക് മാത്രമാണ് രണ്ടു ദിവസം പിന്നിട്ടിട്ടും അലോട്ട്മെന്റ് പരിശോധിക്കാൻ കഴിഞ്ഞത്.

0 comments: