2021, സെപ്റ്റംബർ 22, ബുധനാഴ്‌ച

മുന്നറിയിപ്പ് ! ഒക്ടോബർ 1 മുതൽ ബാങ്കിടപാടുകാരുടെ ഓട്ടോഡെബിറ്റ് സൗകര്യം മുടങ്ങിയേക്കും!!

                                          

വായ്പകളുടെ ഇ എം ഐ. ഇൻഷൂറൻസ് പ്രീമിയം, കറണ്ട് ഫോൺ ബില്ലുകൾ അടക്കമുള്ളവ ഓട്ടോ ഡെബിറ്റ് സംവിധാനം വഴി അടയ്ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ജാഗ്രത വേണം. ആർ ബി ഐ യുടെ പുതിയ ഓട്ടോ ഡെബിറ്റ് ചട്ടം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിലാകുകയാണ്. അതുകൊണ്ട് ഈ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ഇടപാടുകൾ തടസപ്പെട്ടേക്കാം. ഇ എം ഐ അടവ് നടക്കാതെ വന്നേക്കാം.

ഓട്ടോ ഡെബിറ്റ്

മാസം അടവുകളുള്ള വിവിധ വായ്പകളുടെ ഇ എം ഐ, എസ് ഐ പി, ഇൻഷുറൻസ് പ്രീമിയം കൂടാതെ കൃത്യതീയതികളിൽ ജനറേറ്റ് ചെയ്യുന്ന യുട്ടിലിറ്റി ബില്ലുകൾ എല്ലാം ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ളവരാകും നല്ലൊരു ശതമാനവും. ഇങ്ങനെ പലവിധ പേയ്മെന്റുകൾക്ക് നിർദേശം നൽകുമ്പോൾ ഉണ്ടാകാൻ ഇടയുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് അഡീഷണൽ ഫാക്ടർ ഓഫ് ഓഥന്റിക്കേഷൻ( എ എഫ് എ ഏർപ്പെടുത്തണമെന്ന് കഴിഞ്ഞ മാർച്ചിൽ ആർ ബി ഐ ബാങ്കുകളോട് ആവശ്യപ്പെട്ടത്.

അധിക സുരക്ഷ

ഇങ്ങനെ നിരന്തരം കാർഡിൽ നിന്ന് പണം ഡെബിറ്റ് ചെയ്യുമ്പോൾ ഒരോന്നിനും ഉപഭോക്താവിന്റെ അധിക അനുമതി ചോദിക്കുന്നതാണ് എ എഫ് എ. ഇതാണ് ഒക്ടോബർ ഒന്നു മുതൽ കർശനമാക്കുന്നത്. ഇതിന്റെ ഭാഗമായി ബാങ്കുകൾ അവരുടെ അക്കൗണ്ടുടമകൾക്ക് അറിയിപ്പുകൾ അയച്ചു തുടങ്ങി. ആക്സിസ് ബാങ്ക് ആണ് ഇടപാടുകാർക്ക് ആദ്യമായി മുന്നറിയിപ്പ് നൽകിയത്. തടസമില്ലാത്ത പണമിടപാട് ഉറപ്പ് വരുത്താൻ കാർഡിൽ നിന്ന് നേരിട്ട് പണമടയ്ക്കണമെന്നാണ് മുന്നറിയിപ്പ്.

ഓരോ ഇടപാടിനും അനുമതി

ഒക്ടോബർ ഒന്നു മുതൽ ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് ആർ ബി ഐ വരുത്തുന്ന മാറ്റങ്ങൾ ഇവയാണ്. സ്റ്റാൻഡിങ് ഇൻസ്ട്രക്ഷനെ തുടർന്ന് കാർഡുകളിൽ ഉള്ള തുടർച്ചയായ പണം കൈമാറ്റത്തിന് എ എഫ് എ ബാധകമാക്കും. അതായത് ഒക്ടോബർ ഒന്നു മുതൽ കാർഡിലൂടെ നടത്തുന്ന ഓട്ടോ ഡെബിറ്റ് പണം കൈമാറ്റത്തിന് ഒരോന്നിനും അക്കൗണ്ടുടമകൾ പ്രത്യേകമായി അനുമതി നൽകണം.

ഒടിപി നിർബന്ധം

5000 രൂപയ്ക്ക് മുകളിലാണ് ഇങ്ങനെ കൈമാറുന്നതെങ്കിൽ അധിക സുരക്ഷ എന്ന നിലയിൽ വൺ ടൈം പാസ് വേർഡ് (ഒടിപി) നിർബന്ധമായിരിക്കും.

പണം കൈമാറ്റത്തിന്റെ 24 മണിക്കൂറിന് മുമ്പ് അക്കൗണ്ടുടമകൾക്ക് അനുമതിക്കായി ബാങ്കുകൾ എസ് എം എസ് അയക്കും. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾക്ക് അനുസരിച്ച് അനുമതി നൽകുകയോ നിരസിക്കുകയോ ആകാം.

സന്ദേശങ്ങൾ അവഗണിക്കരുത്

ഇങ്ങനെ ബാങ്കുകളിൽ നിന്ന് സുരക്ഷിതമായി, തടസമില്ലാതെ ഇത്തരം അറിയിപ്പുകൾ ലഭിക്കുന്നു എന്ന ഉറപ്പ് വരുത്താൻ എസ് എം എസ്, ഇ മെയിൽ തുടങ്ങിയ സാധ്യതകൾ അക്കൗണ്ടുടമകൾക്ക് തിരഞ്ഞെടുക്കാം.

ഇങ്ങനെ ഇഷ്ടപ്പെട്ട അറിയിപ്പ് സാധ്യത തിരഞ്ഞെടുക്കാൻ അക്കൗണ്ടുടമകൾക്ക് ബാങ്കുകൾ സ്വാതന്ത്ര്യം നൽകണം. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുപയോഗിച്ച് ഓട്ടോ ഡെബിറ്റ് നടത്തുന്ന എല്ലാ ഇടപാടുകാർക്കും ഇത് ബാധകമാണ്.


0 comments: