2021, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

പി എം കിസാൻ സമ്മാൻ നിധി പദ്ധതിയിലേക്ക് അപേക്ഷ നൽകിയവർക്ക് സന്തോഷ വാർത്ത ,തുക ഇരട്ടിയാക്കുന്നു ,12000 രൂപ വരെ -PM Kissan Scheme Grant May Increase To 12000-

                                     


രാജ്യത്തെ കർഷകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പിഎം കിസ്സാൻപദ്ധതിയെക്കുറിച്ച് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പിഎം കിസ്സാൻ യോജനയ്ക്ക് കീഴിൽ കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തീക സഹായം വർധിപ്പിച്ചേക്കുമെന്നതാണ് ആഹ്ലാദകരമായ ആ വാർത്ത. പ്രധാൻ മന്ത്രി കിസ്സാൻ സമ്മാൻ നിധി യോജന പദ്ധതി പ്രകാരം കർഷകർക്ക് നൽകി വരുന്ന തുക ഇരട്ടിയായി വർധിപ്പിച്ചേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്.

ഇപ്പോൾ പ്രതിവർഷം 6,000 രൂപ വീതമാണ് രാജ്യത്തെ കർഷക കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമായി പിഎം കിസ്സാൻ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നത്. അത് 12,000 രൂപയായി വർധിപ്പിച്ചേക്കും. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബീഹാർ കൃഷി വകുപ്പ് മന്ത്രി അമരേന്ദ്ര പ്രതാപ് സിംഗ് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പിഎം കിസ്സാൻ നിധി പ്രകാരമുള്ള തുക ഇരട്ടിയായി വർധിപ്പിക്കുവാനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടു കഴിഞ്ഞുവന്നും ഇത് നടപ്പിലാക്കുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും സർക്കാർ തലത്തിൽ നടപ്പിലാക്കി വരികയാണെന്നും അമരേന്ദ്ര പ്രതാപ് മാധ്യമങ്ങളോട് പറയുന്നു. എന്നാൽ അതേ സമയം, ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ഇതുവരെ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. രാജ്യത്തെ കർഷകരുടെ ജീവിതം കൂടുതൽ സുഗമമാക്കി മാറ്റുന്നതിനായി നിരവധി പദ്ധതികൾ നരേന്ദ്ര മോദി സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. അത്തരത്തിൽ ഒരു പദ്ധതിയാണ് പിഎം കിസ്സാൻ സമ്മാൻ നിധി യോജന.

ഗഡുക്കളായാണ് പിഎം കിസ്സാൻ സമ്മാൻ നിധി പ്രകാരമുള്ള തുക കർഷകരുടെ അക്കൗണ്ടിലെത്തുന്നത്. കൃഷിക്കാരുടെ  പേരിലുള്ള അക്കൗണ്ടുകളിലേക്ക് സർക്കാർ നേരിട്ട് കൈമാറുകയാണ് ചെയ്യുക. ഇതുവരെ പദ്ധതിയ്ക്ക് കീഴിലുള്ള 9 ഗഡുക്കളാണ് സർക്കാർ കർഷകർക്ക് വിതരണം ചെയ്തിട്ടുള്ളത്. ആദ്യ ഗഡുവായ 2,000 രൂപ 3,16,06,630 കർഷകരുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. അതേ സമയം 9-ാം ഗഡു സ്വീകരിച്ചിരിക്കുന്നത് 9,90,95,145 കർഷകരാണ്.

നവംബർ 30-ാം തീയ്യതി വരെ ശേഷിക്കുന്ന കർഷകരുടെ അക്കൗണ്ടുകളിലേക്ക് 9-ാം ഗഡു കൈമാറ്റം ചെയ്യും. 2018ലാണ് പിഎം കിസ്സാൻ യോജന കേന്ദ്ര സർക്കാർ നടപ്പാക്കുവാൻ ആരംഭിച്ചത്. 2022 ഓരോ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയായി വർധിപ്പിക്കുവാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ ഒരു  വർഷം ആകെ 6,000 രൂപാ വീതമാണ് ഗഡുക്കളായി അർഹതപ്പെട്ട കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്ര സർക്കാർ നൽകുന്നത്. 2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായിട്ടാണ് തുക വിതരണം ചെയ്യുക. ഇതുവരെ 1.38 ലക്ഷം കോടി പിഎം കിസ്സാൻ പദ്ധതിയ്ക്ക് കീഴിൽ സാമ്പത്തീക സഹായമായി കർഷക കുടുംബങ്ങൾക്ക് വിതരണം ചെയ്തിരിക്കുന്നത്.

2021 മെയ് 14നായിരുന്നു പിഎം കിസ്സാൻ സമ്മാൻ നിധിയുടെ മുൻപത്തെ ഗഡു കേന്ദ്ര സർക്കാർ വിതരണം ചെയ്തത്. പ്രധാൻ മന്ത്രി കിസ്സാൻ സമ്മാൻ നിധി അഥവാ പിഎം കിസ്സാൻ പദ്ധതി പ്രകാരം 2000 രൂപയുടെ ആദ്യ ഗഡു ലഭിക്കുന്നത് ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിലായിരിക്കും. രണ്ടാം ഗഡു ആഗസ്ത് 1നും നവംബർ 30നും ഇടയിൽ വിതരണം ചെയ്യും. ഡിസംബർ 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലേക്കായിരിക്കും മൂന്നാം ഗഡു വിതരണം ചെയ്യുന്നത്.

0 comments: