2021, ഒക്‌ടോബർ 24, ഞായറാഴ്‌ച

മന്ത്രി ആര്‍ ബിന്ദു : കോളജുകള്‍ ഇന്ന് തുറക്കും; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക :

                                            


സംസ്ഥാനത്തെ കോളജുകള്‍ കോവിഡ് സാഹചര്യത്തിന് ശേഷം തിങ്കളാഴ്ച മുതല്‍ പൂര്‍ണ്ണമായും തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിൽ 
 കോവിഡ് മാനദണ്ഡങ്ങള്‍ നിർബന്ധമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു ഓർമിപ്പിച്ചു.

തീവ്രമഴയുടെ അന്തരീക്ഷവും ഇപ്പോഴത്തെ അവസ്ഥയിൽ എല്ലായിടത്തും ഇല്ലെങ്കിലും കുറച്ചു സ്ഥലങ്ങളിൽ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. രണ്ടും കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്ഥാപനമേധാവികളുടെ പ്രത്യേക ശ്രദ്ധയുണ്ടാവണം. സമയക്രമത്തിന്റെ കാര്യത്തിലും ഷിഫ്റ്റുകളുടെ കാര്യത്തിലും മുമ്പ് ലഭ്യമാക്കിയ നിര്‍ദ്ദേശം അനുസരിച്ചു അതാത് സ്ഥാപനങ്ങളാണ് തീരുമാനമെടുക്കുന്നത്. വാക്‌സിനേഷന്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കപ്പെടുന്നുണ്ടെന്ന് കോവിഡ് ജാഗ്രതാസമിതികളുടെ മേല്‍നോട്ടത്തില്‍ സ്ഥാപനമേധാവികള്‍ ഉറപ്പാക്കണം. ആവശ്യാനുസരണം ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മുഖാവരണങ്ങള്‍, തെര്‍മല്‍ സ്‌കാനറുകള്‍ എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തണം.

പതിനെട്ട് വയസ് തികയാത്തതുകൊണ്ട് വാക്‌സിനെടുക്കാന്‍ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്‌സിനെടുത്ത് രണ്ടാംഡോസിന് സമയമാകാത്തവരെയും ക്ലാസ്സില്‍ പ്രവേശിപ്പിക്കണം. എന്നാല്‍, ഇവരുടെ വീടുകളിലെ പതിനെട്ട് തികഞ്ഞവരെല്ലാം ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിമുഖതമൂലം വാക്‌സിനെടുക്കാത്ത അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കലാലയങ്ങളില്‍ പ്രവേശിപ്പിക്കേണ്ടതില്ല. എന്തെങ്കിലും രോഗമുള്ളവരും, ഭിന്നശേഷിക്കാരും ആദ്യ രണ്ടാഴ്ച ക്യാമ്പസുകളില്‍ വരാതിരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു കൂട്ടിച്ചേർത്തു.

0 comments: