2021, ഒക്‌ടോബർ 23, ശനിയാഴ്‌ച

ഒന്നാം വർഷ പിജി, രണ്ടാം വര്‍ഷ ബിരുദ ക്ലാസുകള്‍ 25 ന്‌ ആരംഭിക്കും

                               


സംസ്ഥാനത്തെ കോളേജുകളിൽ ഒക്ടോബർ 25 മുതൽ ഒന്നാം വർഷ പി.ജി, രണ്ടാം വര്‍ഷ ബിരുദ ക്ലാസുകൾ ആരംഭിക്കും. വിദ്യാർത്ഥികളുടെ എണ്ണം അനുസരിച്ചാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.വിദ്യാര്‍ഥികള്‍ സാമൂഹ്യ അകലം പാലിച്ച് ക്ലാസ്സുകളിലേക്ക് എത്തണമെന്ന് കോളേജ് അധികൃതർ അറിയിച്ചു. 

 30 ൽ കൂടുതൽ വിദ്യാർത്ഥികളുള്ള ക്ലാസ്സുകളിൽ 50 ശതമാനമാക്കി വിദ്യർത്ഥികളെ തരം തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്സുകൾ നടത്തും. വൈകിട്ട് 3:30 വരെയാണ് ക്ലാസുകള്‍.

സയന്‍സ് വിഭാഗക്കാര്‍ക്ക് പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഉണ്ടാവും. അധ്യാപകര്‍ക്ക് വൈകിട്ട് 4.30 വരെയാണ് പ്രവര്‍ത്തന സമയം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹോസ്റ്റലുകളിലും വിദ്യാർത്ഥികൾക്ക് പ്രവേശനം ആരംഭിച്ചു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ഓൺലൈനിൽ തുടരും.

ഭൂരിഭാഗം വിദ്യാര്‍ഥികളും ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. കോവിഡ് ബാധിച്ച് വാക്‌സിന്‍ എടുക്കാന്‍ കഴിയാതെ വന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാണ് പ്രവേശനം നല്‍കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ക്ലാസില്‍ പ്രവേശിപ്പിക്കില്ല.

അവസാന വർഷ ബിരുദ, പി.ജി വിദ്യാർത്ഥികൾക്കായി ക്യാമ്പസുകള്‍ നേരത്തെ തുറന്നതിന് മുന്നോടിയായി ക്ലാസ് മുറികളും പരിസര ശുചീകരണവും സാനിറ്റൈസേഷനും ചെയ്തിരുന്നതായി കോളെജ് അധിക്യതർ അറിയിച്ചു.

അതേസമയം സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വിദ്യാഭ്യാസ അവകാശനിയമവുമായി ബന്ധപ്പെട്ട ജില്ലാതല കര്‍ത്തവ്യ വാഹകരുടെ കൂടിയാലോചനാ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂളും കെട്ടിടവും പരിസരവും ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ബാലാവകാശകമ്മീഷന്‍ അംഗം സി. വിജയകുമാര്‍ യോഗത്തില്‍ പറഞ്ഞു. യാത്രാപ്രശ്‌നം, കുടിവെള്ളം, കുട്ടികളുടെ മാനസികാരോഗ്യം, കോവിഡ് പ്രോട്ടോകോള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.


0 comments: