2021, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

( October 11) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ ,

                                  



തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നവംബർ എട്ടിന് Computerized Financial Accounting & GST Using Tally കോഴ്‌സ് ആരംഭിക്കുന്നു.  കോഴ്‌സിലേക്ക് അടുത്ത മാസം ആറുവരെ അപേക്ഷിക്കാം.  വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2560333.

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് മെറിറ്റ്, മാനേജ്‌മെന്റ് സീറ്റിലേക്ക് എസ്.എസ്.എൽ.സിയും 50 ശതമാനം മാർക്ക് രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക്: 04734-296496, 8547126028.

കേപ്പിൽ ഡിപ്പോമ സ്‌പോട്ട് അഡ്മിഷൻ

കേപ്പിന്റെ കീഴിൽ ആറൻമുള, പുന്നപ്ര, പത്തനാപുരം, വടകര എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള മൂന്ന് വർഷ ഡിപ്ലോമ കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷൻ തിങ്കൾ മുതൽ ആരംഭിക്കും. അർഹരായവർ അതത് പ്രിൻസിപ്പൽ മുൻപാകെ ഹാജരായി പ്രവേശനം നേടാം. പത്താം ക്ലാസ് വിജയിച്ചവർക്കും ഡയറക്ടർ ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്കും പ്രവേശനം നേടാം.

ബിരുദതല പ്രാഥമിക പരീക്ഷയുടെ അഡ്‌മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു; പരീക്ഷ ഈ മാസം 23ന്

ബിരുദതല പ്രാഥമിക പരീക്ഷയുടെ അഡ്‌മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി പിഎസ് സി. ബിരുദം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള നിയമനത്തിന്റെ ഭാഗമായാണ് പ്രാഥമിക പരീക്ഷ. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് അഡ്‌മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച കാര്യം പിഎസ് സി അറിയിച്ചത്.

തളിര് സ്കോളര്‍ഷിപ്പ്: രജിസ്റ്റര്‍ ചെയ്യാം

ഭാഷ -ചരിത്ര അവഗാഹമുള്ള വിദ്യാര്‍ത്ഥി പ്രതിഭകളെ കണ്ടെത്താന്‍ കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന 2021-22 ലെ തളിര് സ്കോളര്‍ഷിപ്പിനായി https://scolarship.ksicl.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും ഒരു വര്‍ഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. 

സ്പോട്ട് അഡ്മിഷന്‍ - ഡിപ്ലോമ പ്രവേശനം 2021 - 22

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ IHRD – യുടെ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്ബ്യൂട്ടര്‍ ഹാര്‍ഡ്.വെയര്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നീ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഈ അദ്ധ്യയന വര്‍ഷത്തിലേക്കുള്ള (2021 -22) സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.www.polyadmission.org എന്ന വെബ്‌സൈറ്റ് മുഖേന സ്പോട്ട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള, പൈനാവ് മോഡല്‍ പോളിടെക്‌നിക്കില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 11, 12 തീയതികളില്‍ പൈനാവ് കോളേജില്‍ നേരിട്ടെത്തി പ്രവേശനം നേടാവുന്നതാണ്.

സംസ്ഥാനത്ത് 85,000-ഓളം കുട്ടികള്‍ക്ക് ഇപ്പോഴും പ്ലസ് വണ്‍ സീറ്റില്ലെന്ന് സമ്മതിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് 85,000-ഓളം കുട്ടികള്‍ക്ക് ഇപ്പോഴും പ്ലസ് വണ്‍ സീറ്റില്ലെന്ന് സമ്മതിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.അലോട്ട്‌മെന്റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു മന്ത്രിയുടെ ഇതുവരെയുള്ള വാദം. മാനേജ്മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, അണ്‍ എയ്ഡഡ് സീറ്റുകളെല്ലാം കൂട്ടിയുള്ള വാദം മന്ത്രി ആവര്‍ത്തിച്ചു.

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ (Keltron) നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍ (Journalism Course) തിരുവനന്തപുരം സെന്ററില്‍ സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. അവസാന തീയതി ഒക്ടോബര്‍ 20. വിലാസം. കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, സെക്കന്റ് ഫ്‌ളോര്‍, ചെമ്ബിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം- 695 014. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544958182, 8137969292.

ക്ലാസുകളുണ്ട്, പരീക്ഷകളില്ല: കാലിക്കറ്റ് സര്‍വകലാശാല എം.സി.എ. വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

പഠനകാലാവധി കഴിഞ്ഞിട്ടും പരീക്ഷകള്‍ക്കായുള്ള കാത്തിരിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല എം.സി.എ. വിദ്യാര്‍ഥികള്‍. സര്‍വകലാശാലയ്ക്കു കീഴിലെ സെന്റര്‍ ഫോര്‍കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സി.സി.എസ്.ഐ.ടി.) നടത്തുന്ന കോഴ്‌സിലെ 2018 ബാച്ച് വിദ്യാര്‍ഥികളാണ് ഏറെ ദുരിതം നേരിടുന്നത്. മൂന്നുവര്‍ഷത്തെ കോഴ്‌സ് നാലരവര്‍ഷം കടന്നിട്ടും പരീക്ഷകള്‍ പൂര്‍ത്തിയായിട്ടില്ല. അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷകളാണ് ബാക്കിയുള്ളത്. സപ്ലിമെന്ററി പരീക്ഷകളും ബാക്കി.

നീറ്റ്, ജെ.ഇ.ഇ. മെയിന്‍, അഡ്വാന്‍സ്ഡ് പ്രവേശന നടപടികള്‍ അറിയാം

വിദ്യാര്‍ഥികള്‍ നീറ്റ് അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെയും ജെ.ഇ. ഇ. മെയിന്‍, അഡ്വാന്‍സ്ഡ് പ്രവേശനനടപടികളിലേക്കും തയ്യാറെടുക്കുകയാണ്. പ്രവേശനനടപടികളെക്കുറിച്ച് കൂടുതല്‍ അറിയാനും വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും മാതൃഭൂമിആസ്‌ക് എക്‌സ്‌പേര്‍ട്ട് പ്രൊഫഷണല്‍ കോഴ്‌സ് ഗൈഡന്‍സ് വെബിനാര്‍ 16 മുതല്‍ 21 വരെ നടക്കും. വൈകീട്ട് 4.30 മുതല്‍ 5.30 വരെ www.mathrubhumi.com വഴി കാണാം.

എം.ടെക്. കരട് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കേരളത്തിലെ സർക്കാർ കോളേജുകളിലും സർക്കാർ നിയന്ത്രിത സ്വാശ്രയ സ്വകാര്യ എൻജിനീയറിങ് കോളേജുകളിലും എം.ടെക്. പ്രവേശനത്തിനുള്ള കരട് റാങ്ക് പട്ടിക പ്രസിദ്ധീകദ്ധീകരിച്ചു. പരാതികളുള്ള പക്ഷം dteadmissions@gmail.com എന്ന ഇ-മെയിൽ മുഖാന്തരമോ 9400006510 എന്ന ഫോൺ നമ്പർ മുഖാന്തരമോ അറിയിക്കണം .

ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബാച്ച്‌ലര്‍ പ്രോഗ്രാം 

കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി നടത്തുന്ന മൂന്നുവര്‍ഷ ബി.എസ്‌സി. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രോഗ്രാമിലെ ഡയറക്ട് റിക്രൂട്ട്‌മെന്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം..അപേക്ഷാഫോമും www.ihmctkovalam.ac.in ല്‍ നിന്നും ഡൗണ്‍ലോഡുചെയ്യാം. പൂരിപ്പിച്ച അപേക്ഷയും രേഖകളും ഒക്ടോബര്‍ 13 നകം principal@ihmctkovalam.org യിലേക്ക് അയക്കണം .

മാഹി കോളജിൽ പി.ജി കോഴ്സ്: അപേക്ഷ 25 വരെ

മാഹി മാഹാത്മാ ഗാന്ധി ഗവ. ആർട്സ് കാേളജിൽ എം.എ ഹിന്ദി, എം.എസ്.സി ബോട്ടണികോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 വീതം സീറ്റുകളിലേക്കാണ് പ്രവേശനം.അഞ്ച് സീറ്റുകൾ ഇതര സംസ്ഥാനത്തെ വിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഓഫ് ലൈൻ അപേക്ഷകൾ 11 മുതൽ 25 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.mggacmahe.ac.in സന്ദർശിക്കുക.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ എം.എസ്‌സി. കെമിസ്ട്രി (ഫൈനല്‍) മേഴ്‌സിചാന്‍സ് (1992 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. ഫിസിക്‌സ്, ഇക്കണോമിക്‌സ് (2019 – 20 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബര്‍ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജൂണില്‍ നടത്തിയ എം.എ. ഹിസ്റ്ററി, സോഷ്യോളജി, 2021 ജൂലൈയില്‍ നടത്തിയ എം.ഫില്‍. സോഷ്യോളജി 2019 – 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാലയുടെ 2021 ജൂണില്‍ നടത്തിയ എം.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് 2019 – 2021 ബാച്ച് (സി.എസ്.എസ്. – കാര്യവട്ടം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാലയുടെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2013 സ്‌കീമിലെ 2017 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്റര്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ബി.ടെക്. ഡിഗ്രി, ജൂലൈ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

കേരളസര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2020 നവംബറില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ.പൊളിറ്റിക്കല്‍സയന്‍സ് (റെഗുലര്‍ – 2018 അഡ്മിന്‍, സപ്ലിമെന്ററി – 2017 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. എന്‍വിയോണ്‍മെന്റല്‍ സയന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. മലയാളം, എം.എ. സംസ്‌കൃതം ജനറല്‍ എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി ഫെബ്രുവരി 2021 (2013 സ്‌കീം) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചിന്റെ 13607 – ഇന്റര്‍നെറ്റ് ടെക്‌നോളജി ലാബ്, 13608 – കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ലാബ് എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 12 ന് ബാര്‍ട്ടണ്‍ഹില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഐ..എം.കെ.യില്‍ എം.ബി.എ. (ഈവനിംഗ്) – സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള ഐ.എം.കെ.യില്‍ എം.ബി.എ. (ഈവനിംഗ്) കോഴ്‌സിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ 13 ന് രാവിലെ 11 മണിക്ക് കാര്യവട്ടത്തുളള ഐ.എം.കെ.യില്‍ വച്ച് നടത്തുന്നതാണ്. യോഗ്യത: ബിരുദത്തില്‍ 50% മാര്‍ക്ക്, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം, 1.1.2021 വരെ കുറഞ്ഞത് 25 വയസ് പ്രായം. യോഗ്യതയുളളവര്‍ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളും ഫീസും കൊണ്ട് വരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

 കാലിക്കറ്റ് സർവകലാശാല

ബി.എഡ്. രജിസ്‌ട്രേഷന്‍ 16 വരെ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയനവര്‍ഷത്തെ ബി.എഡ്., സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ബി.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും 16-ന് വൈകീട്ട് 5 വരെ സമയമുണ്ടാകും. ഫോണ്‍ – 0494 2407016, 7017 .

ഐഡന്റിറ്റി കാര്‍ഡ് വെബ്‌സൈറ്റില്‍

2020-21 അദ്ധ്യയന വര്‍ഷത്തില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി യു.ജി., പി.ജി. കോഴ്‌സുകള്‍ക്ക് പ്രവേശനം നേടി ഐഡന്റിറ്റി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഒക്‌ടോബര്‍ 25 വരെ വെബ്‌സൈറ്റില്‍ (www. sdeuoc.ac.in) നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

പരീക്ഷാ ഫലം

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2019 ഒന്നാം സെമസ്റ്റര്‍, ഏപ്രില്‍ 2020 രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. 2015 പ്രവേശനം 1, 2, 3, 4 സെമസ്റ്റര്‍ എം.എസ്.സി. കൗണ്‍സലിംഗ് സൈക്കോളജി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ബി.വോക് വൈവ

ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രൊജക്ട്, ഇന്റേണ്‍ഷിപ്പ് ഇവാല്വേഷനും വൈവയും 12, 13 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

 കണ്ണൂർ സർവകലാശാല

പുതിയ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2021-22 അധ്യയന വർഷം തുടങ്ങുന്നതിന് അനുമതി ലഭിച്ച B.A. English with Journalism, M. Com. Finance എന്നീ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് ബന്ധപ്പെട്ട കോളേജിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. 

അഫിലിയേറ്റഡ് കോളേജുകളിലെ പി .ജി.പ്രവേശനം

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2021-22 അധ്യയന വർഷത്തെ ബിരുദാനന്തരബിരുദ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്റ് 18.10.2021 നു പ്രസിദ്ധീകരിക്കുന്നതാണ്. ബിരുദാനന്തരബിരുദ പ്രവേശനത്തിനായി അപേക്ഷിച്ചവർക്കു അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി, 2021 ഒക്ടോബർ 15 നകം candidate login ചെയ്തു 200/- രൂപ കറക്ഷൻ ഫീ ഇനത്തിൽ അടച്ചതിനു ശേഷംബന്ധപ്പെട്ടരേഖകളുടെപകർപ്പോടുകൂടി  @kannuruniv.ac.in എന്ന ഇമെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്യാവുന്നതാണ്.


എം.എസ്.സി. സ്റ്റാറ്റിറ്റിക്സ് – സീറ്റുകൾ ഒഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്സിലേക്ക് എസ്.സി. വിഭാഗത്തിന് മൂന്നും എസ്.ടി. വിഭാഗത്തിന് ഒന്നും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 13.10.2021 ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്.

എം എസ് സി മാത്തമറ്റിക്കൽ സയൻസ് – സീറ്റുകൾ ഒഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള ഡിപ്പാർട്ട്മെൻറ് ഓഫ് മാത്തമറ്റിക്കൽ സയൻസിൽ എം എസ് സി മാത്തമറ്റിക്കൽ സയൻസ് പ്രോഗ്രാമിലേക്ക് പട്ടിക ജാതി, പട്ടിക വർഗ്ഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട് . യോഗ്യരായവർ ഒക്ടോബർ 13ന് രാവിലെ 11 നു അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഡിപ്പാർട്മെൻറിൽ ഹാജരാകണം .ഫോൺ 04972 783415.

പരീക്ഷാവിജ്ഞാപനം

രണ്ടാം സെമസ്റ്റർ പി. ജി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകൾക്ക് 21.10.2021 മുതൽ 23.10.2021 വരെ പിഴയില്ലാതെയും 25.10.2021 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് 28.10.2021 നകം സർവകലാശാലയിൽ ലഭിക്കണം. 2014 അഡ്മിഷൻ വിദ്യാർഥികൾക്ക് ഇത് അവസാന അവസരമാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം. എസ് സി. അപ്ലൈഡ് സുവോളജി/ മോളിക്യുലാർ ബയോളജി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 27.10.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പരീക്ഷാകേന്ദ്രം മാറ്റി

രാമഗുരു യു. പി. സ്കൂൾ ചിറക്കൽ, പുതിയതെരു പരീക്ഷാ കേന്ദ്രമായി ലഭിച്ച രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷാർഥികൾ 12.10.2021 (ചൊവ്വ) ന് നടക്കുന്ന പരീക്ഷ മാത്രം കെ. എം. എം. വിമൻസ് കോളേജ് പള്ളിക്കുന്നിൽ ഹാജരായി പരീക്ഷ എഴുതണം. മറ്റു ദിവസങ്ങളിൽ ഇവർ രാമഗുരു സ്‌കൂളിൽ തന്നെയാണ് പരീക്ഷ എഴുതണം

0 comments: