2021, ഒക്‌ടോബർ 30, ശനിയാഴ്‌ച

ബി.എഡ് കോഴ്സില്‍ പുതിയ മാറ്റം :

                                     


അടിമുടി മാറ്റത്തിനു ഒരുങ്ങി ബി.എഡ് പഠനം. ബി.എഡ്. നാലുവര്‍ഷത്തെ സംയോജിത കോഴ്സുകള്‍ വിജ്ഞാപനം പുറത്തു വന്നു .

ബി.എഡ്. കൂടി ബിരുദ കോഴ്സുകള്‍ക്കൊപ്പം ചേര്‍ത്താണ് നാല് വര്‍ഷമാക്കുക. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കു രണ്ടു വര്‍ഷത്തെ കോഴ്സും ഉടൻ ഉണ്ടാകും . ആദ്യം 50 സ്ഥാപനങ്ങളിലാണ് പുതിയ കോഴ്സുകള്‍ കൊണ്ടു വരുന്നത് .

ഇത് 2022 - 23 അദ്ധ്യയന വര്‍ഷം മുതല്‍ ആണ് പ്രാബല്യത്തിൽ വരുന്നത് . കേരളം ഉള്‍പ്പടെ എതിര്‍ക്കുന്ന നാലു വര്‍ഷ ബിഎഡ് കോഴ്സ് സര്‍ക്കാരിനും സര്‍വകലാശാലകള്‍ക്കും സാങ്കേതിക പ്രശ്നങ്ങള്‍ സൃഷ്‌ടിക്കുമെന്ന് ആശങ്കയുണ്ട്. ഇത് കൂടാതെ നിലവിലെ ബി.എഡ്. കോളജുകള്‍ ആര്‍ട്സ്, സയന്‍സ് ബിരുദ കോഴ്സുകള്‍ കൂടി ആരംഭിക്കേണ്ടതായി വരും.

 ഒരുമിച്ചു ഉള്ള ബി.എഡ്. കോഴ്സ് പാസായ നാല് വര്‍ഷക്കാരെ മാത്രമേ
2030 മുതല്‍ അദ്ധ്യാപക നിയമനങ്ങള്‍ക്ക് പരിഗണിക്കൂ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (എന്‍.സി.ടി.ഇ.) ആണ് സംയോജിത ബിഎഡ് കോഴ്സിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയത്. നാലു വര്‍ഷത്തിനുള്ളില്‍ ഐഛിക വിഷയത്തിനൊപ്പം അദ്ധ്യാപനത്തിലും ബിരുദം കിട്ടും . നൂതനമായ അദ്ധ്യാപന ശാസ്ത്രത്തില്‍ പരിശീലനം നല്‍കുന്ന കോഴ്സില്‍ രാജ്യത്തിന്റെ ചരിത്രം, കല, പൈതൃകം, മൂല്യബോധം തുടങ്ങിയ വിഷയങ്ങളും പരിശീലിപ്പിക്കും. അദ്ധ്യാപനത്തില്‍ താത്പര്യമുള്ള പ്ലസ്ടു പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കോഴ്സ് സ്വീകരിക്കാം.

പ്രവേശന പരീക്ഷ

നിലവില്‍ മൂന്ന് വര്‍ഷത്തെ ബിരുദത്തിന് ശേഷമാണ് ബി. എഡിന് ചേരുക. ആകെ അഞ്ചു വര്‍ഷം. സംയോജിത ബി.എഡ്. കോഴ്സില്‍ ഇത് നാലു വര്‍ഷമായി കുറയും. പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പൊതു പ്രവേശന പരീക്ഷ ജയിക്കണം.
2020ല്‍ നിലവില്‍ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നാഴികക്കല്ലായിരുന്നു സംയോജിത ബിഎഡ് കോഴ്സ് പ്രഖ്യാപനം. അദ്ധ്യാപന രംഗത്ത് സമൂല മാറ്റങ്ങള്‍ വരുത്തുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഒന്നിലധികം വിഷയങ്ങളില്‍ പ്രാവീണ്യവും നൂതനമായ അദ്ധ്യാപന പരിശീലനവും ലോക നിലവാരമുള്ള അധ്യാപക സമൂഹത്തെ സൃഷ്‌ടിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

0 comments: