2021, ഒക്‌ടോബർ 30, ശനിയാഴ്‌ച

സ്കൂളുകള്‍ തുറക്കുമ്പോള്‍ ഓണ്‍ലൈന്‍ അധ്യയനത്തിന് പുതിയ സമയക്രമം;

                                      


നവംബര്‍ 1-ന് ഒന്നര വര്‍ഷത്തെ അടച്ചിടലിനുശേഷം സ്കൂളുകള്‍ തുറക്കുമ്പോള്‍ ഓണ്‍ലൈന്‍ അധ്യയനത്തിന് പുതിയ സമയരീതി.

നേരിട്ടുള്ള ക്ലാസുകള്‍ കൂടാതെ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകളും കൂടെ നടത്തും. നവംബര്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ പുതുക്കിയ സമയക്രമം കൈറ്റ് ക്രമീകരിച്ചു.

ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകള്‍

നവംബര്‍ 1 മുതല്‍ 12 വരെ കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ പ്ലസ്ടു കുട്ടികള്‍ക്ക് രാവിലെ എട്ട് മണി മുതല്‍ 11 മണി വരെ ആയിരിക്കും. ഈ ആറു ക്ലാസുകള്‍ രാത്രി 7.30 മുതല്‍ 10.30 വരെ പുനഃസംപ്രേഷണം ചെയ്യും. പ്രീ-പ്രൈമറി വിഭാഗത്തിനുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11 മണി മുതലും എട്ടാം ക്ലാസുകാര്‍ക്ക് രണ്ട് ക്ലാസുകള്‍ 11.30 മുതലും‍ ഒന്‍പതാം ക്ലാസുകാര്‍ക്ക് മൂന്ന് ക്ലാസുകള്‍ ഉച്ചയ്ക്ക് 12.30 മുതലും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും.

ഉച്ചക്ക്യ്ക്ക് ശേഷമാണ് ഒന്നു മുതല്‍ ഏഴുവരേയും പത്താം ക്ലാസിനും ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ഉച്ചക്ക് 2, 02.30, 03.00, 03.30, 04.00, 04.30, 05.00 എന്നീ സമയങ്ങളിലാണ് യഥാക്രമം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. പത്താം ക്ലാസിന്റെ സംപ്രേഷണം വൈകുന്നേരം 05.30 മുതല്‍ 07.00 വരെയാണ്. പത്തിലെ 3 ക്ലാസുകളും‍ അടുത്ത ദിവസം രാവിലെ 06.30 മുതല്‍ പുനഃസംപ്രേഷണം നടത്തും.

കൈറ്റ് വിക്ടേഴ്സിന്റെ രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിലും തൊട്ടടുത്ത ദിവസം മുഴുവന്‍ ക്ലാസുകളുടേയും പുനഃസംപ്രേഷണത്തിന് അവസരമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം രാവിലെ 8 മണി മുതല്‍ 09.30 വരെ പത്താം ക്ലാസും വൈകുന്നേരം 03.30 മുതല്‍ 06.30 വരെ പ്ലസ് ടു ക്ലാസുകളും സംപ്രേഷണം ചെയ്യും. എട്ട്, ഒന്‍പത് ക്ലാസുകള്‍ ഉച്ചക്ക് ഒരു മണിക്കും രണ്ട് മണിക്കുമാണ് സംപ്രേഷണം. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകാര്‍ക്ക് അരമണിക്കൂര്‍ വീതമുള്ള ക്ലാസുകള്‍ രണ്ടാം ചാനലില്‍ തുടര്‍ച്ചയായി രാവിലെ 9.30 മുതല്‍ 12.30 വരെ പുനഃസംപ്രേഷണം നടത്തും .

ഓണ്‍ലൈന്‍ ക്ലാസുകള്‍

നിലവില്‍ ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ പത്താം ക്ലാസിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 35446 അധ്യാപകര്‍ക്ക് പരിശീലനം കൊടുത്തു . പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ലോഗിന്‍ വിലാസം നല്‍കിക്കഴിഞ്ഞു. 8, 9 ക്ലാസുകളിലെ ഏകദേശം 8.6 ലക്ഷം കുട്ടികള്‍ക്കുകൂടി നവംബര്‍ ആദ്യവാരത്തോടെ ലോഗിന്‍ ഐ.ഡി. നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും . നേരത്തെ ഹൈസ്ക്കൂള്‍/ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ 430 സ്കൂളുകളില്‍ ആഗസ്റ്റ് മാസത്തോടെ പൈലറ്റ് പ്രവര്‍ത്തനം പൂർണമായി കഴിഞ്ഞു .

എന്നാല്‍ പ്ലസ് വണ്‍ പൊതുപരീക്ഷ ആയതിനാല്‍ ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക് ജി-സ്യൂട്ട് പരിശീലനം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഹയര്‍ സെക്കന്ററി മേഖലയില്‍ ഓണ്‍ലൈന്‍ പഠനം നടപ്പാക്കുന്നതിനുള്ള സര്‍ക്കുലറുകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച്‌ ഈ സ്കൂളുകളിലെ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാരായ രണ്ട്പേര്‍ക്ക് നവംബര്‍ 5, 6 തീയതികളില്‍ വിവിധ കേന്ദ്രങ്ങളിലായി കൈറ്റ് നേരിട്ട് പരിശീലനം കൊടുക്കും . ഇങ്ങനെ ഉള്ള പരിശീലനം ലഭിച്ചവര്‍ അതത് സ്കൂളിലെ അധ്യാപകര്‍ക്ക് നവംബര്‍ 8-നും 10-നും ഇടയില്‍ ഉച്ചയ്ക്ക്ശേഷം പരിശീലനം കൊടുക്കും . പരിശീലനങ്ങള്‍ക്കുള്ള മൊഡ്യൂളുകളും വീഡിയോകളും ഓണ്‍ലൈന്‍ പിന്തുണയും കൈറ്റ് നല്‍കും. നവംബര്‍ 9-നും 12-നും ഇടയില്‍ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പ്ലസ് ടു കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും . ഇതിനു മുൻപായി ഈ വിഭാഗത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും അഞ്ചുലക്ഷത്തോളം കുട്ടികള്‍ക്കും ജി-സ്യൂട്ട് പ്ലാറ്റ്ഫോമില്‍ ലോഗിന്‍ വിലാസം കൈറ്റ് ലഭ്യമാക്കും

0 comments: