2021, ഒക്‌ടോബർ 30, ശനിയാഴ്‌ച

ഇനി ഇരുചക്ര വാഹനത്തിൽ കുട്ടികൾക്ക് സുരക്ഷാ ബെൽറ്റും ,ഹെൽമെറ്റും നിർബന്ധം ,വരുന്നു കേന്ദ്ര നിയമം

                                     


കേന്ദ്ര ഗതാഗത മന്ത്രാലയം ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഹെല്‍മറ്റും കുട്ടികളെ ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന സുരക്ഷാ ബെല്‍റ്റും നിര്‍ബന്ധമാക്കാൻ ഒരുങ്ങുകയാണ് .

ഡ്രൈവറുമായി കുട്ടിയുടെ ശരീരത്തിന്റെ മുകള്‍ഭാഗം ഘടിപ്പിക്കുന്ന, ഒരു ജോടി സ്ട്രാപ്പുകളും ഡ്രൈവര്‍ ധരിക്കുന്ന ഒരു ഷോള്‍ഡര്‍ ലൂപ്പും അടങ്ങിയതാണ് സുരക്ഷാ ബെല്‍റ്റ്. ഇത് ക്രമീകരിക്കാനാകും ആവശ്യാനുസാരം. 2016ലെ ബി ഐ എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്) മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റായിരിക്കണം വലിയവരെ പോലെ കുട്ടികളും ധരിക്കേണ്ടത്. സൈക്കിള്‍ സവാരിക്ക് ഉപയോഗിക്കുന്ന ഹെല്‍മറ്റും അനുവദിക്കപ്പെടും. ഇവ ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ വണ്ടിയോടിക്കുന്ന ആള്‍ക്കെതിരെ നടപടി എടുക്കും . ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളോടൊപ്പം യാത്ര ചെയ്യുമ്പോള്‍ വേഗത 40 കിലോമീറ്ററില്‍ കൂടരുതെന്നും ഗതാഗത മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു . നാല് വയസ്സിനു മുകളിലുള്ളവര്‍ക്ക് നേരത്തേ നിര്‍ബന്ധമാക്കിയിട്ടുണ്ട് ഹെല്‍മറ്റ്. എന്നാല്‍ ആദ്യമായിട്ടാണ് ബൈക്കില്‍ സുരക്ഷാ ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് .

കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ അപകടങ്ങളില്‍പ്പെടുന്ന കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി ആവിഷ്‌കരിച്ച ഈ നിയമങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചു . ഇതുമായി ബന്ധപ്പെട്ട് പൗരന്മാര്‍ക്ക് എന്തെങ്കിലും നിര്‍ദേശമോ അഭിപ്രായഭിന്നതയോ ഉണ്ടെങ്കില്‍ ഇ മെയില്‍ വഴി അറിയിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു . പഠനങ്ങള്‍ കാണിക്കുന്നത് ഇന്ത്യന്‍ റോഡുകളില്‍ കുട്ടികള്‍ സുരക്ഷിതമല്ലെന്നാണ് . യാത്രകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ മുതിര്‍ന്നവര്‍ വിശിഷ്യാ ഡ്രൈവര്‍മാര്‍ വലിയ അലംഭാവമാണ് കാണിക്കുന്നതെന്ന് നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും ചേര്‍ന്നു നടത്തിയ പുതിയ പഠനത്തില്‍ തെളിഞ്ഞു . 2017ല്‍ മാത്രം 9,408 കുട്ടികള്‍ റോഡപകടത്തില്‍ മരണപ്പെട്ടതായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പറയുന്നു . 92.8 ശതമാനം പേര്‍ക്ക് ചൈല്‍ഡ് ഹെല്‍മറ്റിനെക്കുറിച്ച്‌ അവബോധമുണ്ടെങ്കിലും 20.1 ശതമാനം ആളുകള്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ അതീവ പ്രാധാന്യമുണ്ട് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ മേല്‍ കരട് നിര്‍ദേശങ്ങള്‍ക്ക് എന്നുള്ളത് വളരെ ഗൗരവമുള്ള കാര്യമാണ് .

അതേസമയം, കരട് നിര്‍ദേശങ്ങളില്‍ പലതും അശാസ്ത്രീയമാണെന്ന അഭിപ്രായവും വന്നിട്ടുണ്ട് . ബെല്‍റ്റിനുള്ളില്‍ കുട്ടിയുമായി യാത്ര ചെയ്യവെ, ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ടാല്‍ കുട്ടിക്ക് അത് കൂടുതല്‍ ആഘാതമേല്‍ക്കാന്‍ ഇടയാക്കിയേക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ . യാത്രക്കിടയില്‍ സംഭവിക്കുന്ന അപകടവും വീഴ്ച എങ്ങനെ ആയിരിക്കുമെന്നതും മുന്‍കൂട്ടി കാണാനാകില്ല. വാഹനം ഓടിക്കുന്നയാള്‍ പിന്നിലേക്ക് മറിഞ്ഞാല്‍ കുട്ടിയും കൂടെ വീഴും. വലിയ ഭാരമാകും ആ ഘട്ടത്തില്‍ കുട്ടിയുടെ ശരീരത്തിലേക്ക് വന്നുപതിക്കുന്നത്. അപകടം സംഭവിച്ച ഉടനെ വാഹനം ഓടിച്ചയാള്‍ക്ക് കുട്ടിയെ ബെല്‍റ്റില്‍ നിന്ന് വേര്‍പ്പെടുത്താനാകുന്നില്ലെങ്കില്‍ അത്രയും സമയം കുട്ടി അയാള്‍ക്കൊപ്പം ഇറുകിക്കിടക്കുന്ന അവസ്ഥയും ഉണ്ടായേക്കാം. കൂടുതല്‍ പഠനത്തിനും വിശദമായ ചര്‍ച്ചകള്‍ക്കും ശേഷമായിരിക്കണം കുഞ്ഞുങ്ങള്‍ക്ക് സുരക്ഷാ ബെല്‍റ്റ് നിയമമാക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കുന്നു . ഒമ്പത് മാസം പ്രായമുള്ള ഒരു കൈക്കുഞ്ഞിന്റെ തലയില്‍ ഹെല്‍മറ്റ് വെക്കുന്നത് ബാലപീഡനമാണെന്നാണ് റോഡ് സുരക്ഷാ വിദഗ്ധന്‍ ഉപേന്ദ്ര നാരായണന്റെ പക്ഷം. കുഞ്ഞുങ്ങള്‍ക്ക് ചില അവകാശങ്ങളുണ്ട്. അത് ഹനിച്ചു കൊണ്ടാകരുത് നിയമങ്ങള്‍ നടപ്പാക്കുന്നത്. വാഹന പരിശോധനയുടെ പേരില്‍ നടക്കുന്ന പോലീസ് വേട്ടക്ക് ഇത് ആക്കം കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു . അപകടങ്ങളില്‍ പരുക്കേറ്റ് ആശുപത്രികളിലെത്തുന്നവരില്‍ നാല് വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം വളരെ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു വിവിധ പഠനങ്ങളിൽ .

റോഡ് സുരക്ഷയെന്നാല്‍ ഹെല്‍മറ്റിലും സീറ്റ് ബെല്‍റ്റിലും സേഫ്റ്റി ഹര്‍നസിലും ഒതുങ്ങരുത്. രാജ്യത്തെ റോഡപകടങ്ങളില്‍ നല്ലൊരു പങ്കും വാഹനങ്ങളുടെ ബാഹുല്യവും റോഡുകളുടെ മോശം അവസ്ഥയും മദ്യപിച്ചുള്ള ഡ്രൈവിംഗും മൂലമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത് . കേവലം രണ്ട് ശതമാനമാണ് നമ്മുടെ ദേശീയ പാതയെങ്കിലും വാഹനങ്ങളുടെ 40 ശതമാനവും ഈ റോഡുകളിലൂടെയാണ് ഓടുന്നത്. ഇത് അപകടങ്ങള്‍ക്ക് ഒരു കാരണമാണ്. ജനസംഖ്യാ വര്‍ധനവിനും വാഹനങ്ങളുടെ പെരുപ്പത്തിനും അനുസരിച്ച്‌ റോഡുകളുണ്ടാകുകയും നിലവിലുള്ളവ വികസിപ്പിക്കുകയും സമയാസമയം അറ്റകുറ്റ പണികള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്. കുണ്ടും കുഴിയും നിറഞ്ഞതാണ് നമ്മുടെ ദേശീയ പാതകളില്‍ പലതും.
യഥാസമയം ഇവ അറ്റകുറ്റ പണികള്‍ നടത്താറില്ല. റോഡ് വികസനത്തിനും അറ്റകുറ്റ പണികള്‍ക്കുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ചെലവഴിക്കുന്ന തുക തുലോം തുച്ഛമാണ്. പിരിച്ചെടുക്കുന്ന റോഡ് ടാക്‌സിന്റെ 20 ശതമാനത്തോളം മാത്രമാണ് റോഡിനുവേണ്ടി ചെലവഴിക്കുന്നത്. ബാക്കി തുക സര്‍ക്കാറിന്റെ മറ്റു ചെലവുകള്‍ക്കായി വിനിയോഗിക്കുകയാണ്. റോഡ് വികസനത്തിന് കൂടുതല്‍ തുക വിനിയോഗിക്കേണ്ടതുണ്ട് എന്നും പറഞ്ഞു .

മദ്യപിച്ച്‌ വാഹനമോടിക്കുന്നത് കുറ്റകരമാക്കിയിട്ടുണ്ടെങ്കിലും പല അപകടങ്ങളും ഡ്രൈവര്‍മാരുടെ മദ്യപാനം മൂലമാണെന്ന് ഔദ്യോഗിക പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ അപകടങ്ങളില്‍ 35 ശതമാനവും ഇരുചക്ര വാഹന അപകടങ്ങളില്‍ 40 ശതമാനവും ഡ്രൈവര്‍മാരുടെ മദ്യപാനത്തെ തുടര്‍ന്നാണ് സംഭവിക്കുന്നതെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയും ഹെല്‍ത്ത് റിസര്‍ച്ച്‌ ബോര്‍ഡും തയ്യാറാക്കിയ നാഷനല്‍ ഡ്രഗ് റിലേറ്റഡ് ഡത്ത് ഇന്‍ഡക്‌സില്‍ രേഖപ്പെടുത്തുന്നു. കേരളത്തിലെ റോഡപകടങ്ങളില്‍ 40 ശതമാനവും മദ്യപാനവുമായി ബന്ധപ്പെട്ടതാണെന്ന് ആല്‍ക്കഹോള്‍സ് ആന്‍ഡ് ഡ്രഗ്‌സ് ഇന്‍ഫര്‍മേഷന്‍ സെന്ററും ചൂണ്ടിക്കാട്ടുന്നു. ബാറുകള്‍ തുറക്കാത്ത ദിവസങ്ങളില്‍ റോഡപകടങ്ങള്‍ കുറയുന്നത് മദ്യപാനത്തിന് അപകടങ്ങളിലുള്ള പങ്ക് വ്യക്തമാക്കുന്നു. ശിശുക്കള്‍ക്ക് ഹെല്‍മറ്റും സുരക്ഷാ ബെല്‍റ്റും നിര്‍ബന്ധമാക്കുന്നതോടൊപ്പം ഇത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട് സര്‍ക്കാര്‍ വ്യക്തക്കുന്നു .

0 comments: