2021, നവംബർ 28, ഞായറാഴ്‌ച

(November 28) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-


പ്ലസ് വൺ പരീക്ഷ പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലംപ്രസിദ്ധീകരിച്ചു.പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബര്‍ 2 നകം വിദ്യാര്‍ഥികള്‍ അപേക്ഷിക്കണം. പ്രിന്‍സിപ്പല്‍മാര്‍ ഡിസംബര്‍ 3 നകം അപേക്ഷ അപ്‌ലോഡ് ചെയ്യണം.പുനർമൂല്യനിർണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും, ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പർ ഒന്നിന് ഫീസ്.

പുനർമൂല്യനിർണയത്തിൽ ഒരു മാർക്കെങ്കിലും കൂടിയാൽ ഫീസ് തിരിച്ചു നൽകണം: കമ്മീഷൻ.

പുനർമൂല്യനിർണയത്തിൽ ഒരു മാർക്കെങ്കിലും അധികം ലഭിച്ചാൽ, ഇതിനായി വിദ്യാർഥികൾ അടച്ച ഫീസ് തിരികെനൽകണമെമെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ. 10 ശതമാനത്തിലധികം മാർക്ക്  ലഭിച്ചാൽ ഫീസ്തിരിച്ചുകൊടുക്കുന്നതാണു നിലവിലെ രീതി. ഇതി‍ൽ മാറ്റം വരുത്തി പരീക്ഷാ മാനുവൽ പരിഷ്കരിക്കണമെന്നാണു കമ്മിഷന്റെ നിർദേശം. 

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് ജെറ്റ് 2021

പുണെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ftii.ac.in), കൊൽക്കത്ത സത്യജിത് റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (srfti.ac.in) എന്നിവിടങ്ങളിലേക്കുള്ള പൊതുപ്രവേശനപരീക്ഷയായ ജെറ്റ് 2021നു (ജോയിന്റ്.എൻട്രൻസ് ടെസ്റ്റ്) ഡിസംബർ 2 വരെ അപേക്ഷിക്കാം (applyjet2021.in). ഫീസ് നിരക്ക്, സ്കോളർഷിപ് എന്നിവ സംബന്ധിച്ച വിവരങ്ങൾ സൈറ്റിൽ. 

കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍  ഡിജിറ്റല്‍ ക്ലാസുകളില്‍ തിങ്കള്‍ (നവംബര്‍ 29) മുതല്‍ പ്ലസ്‌വണ്‍ ക്ലാസുകളും ആരംഭിക്കും

കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍  ഡിജിറ്റല്‍ ക്ലാസുകളില്‍ തിങ്കള്‍ (നവംബര്‍ 29) മുതല്‍ പ്ലസ്‌വണ്‍ ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ചുള്ള പരിഷ്‌കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. രാവിലെ 7.30 മുതല്‍ 9.00 മണി വരെ ദിവസവും മൂന്ന് ക്ലാസുകളാണ് പ്ലസ്‌വണ്‍ വിഭാഗത്തിനുള്ളത്. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സില്‍ അതേ ദിവസം വൈകുന്നേരം 7.00 മുതല്‍ 8.30 വരെ.പ്ലസ്ടു ക്ലാസുകള്‍ രാവിലെ 9.00 മുതല്‍ 11.00 വരെയും 12.30 മുതല്‍ 1.30 വരെയും ആയി ആറു ക്ലാസുകളാണ് ദിവസവും സംപ്രേഷണം ചെയ്യുക.

കേരള മെഡിക്കൽ പ്രവേശനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടി

കേരള മെഡിക്കൽ- മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടി. നീറ്റ് ഫലം അപ്‌ലോഡ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം അനുവദിച്ചു. 30 വരെയാണ് സമയം നീട്ടി അനുവദിക്കുന്നത്.

ഡിസംബര്‍ രണ്ടാം വാരം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തി സമയം വൈകീട്ട് വരെയാക്കും

സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവൃത്തി സമയം ഡിസംബര്‍ രണ്ടാമത്തെ ആഴ്ച മുതല്‍ വൈകീട്ട് വരെയാക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തീരുമാനം മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ നടപ്പാക്കും.

0 comments: