2021, ഡിസംബർ 30, വ്യാഴാഴ്‌ച

എടിഎമ്മില്‍ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 21 രൂപ ജിഎസ്ടി; സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍; നാളെ മുതലുള്ള ചില സുപ്രധാന മാറ്റങ്ങള്‍നാളെ മറ്റൊരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങുകയാണ്.ഓരോ ദിവസവും മാറുന്ന ജീവിത ക്രമത്തില്‍ നമ്മുടെ നിത്യജീവിതത്തിലും ചില മാറ്റങ്ങള്‍ നാളെ മുതല്‍ ഉണ്ടാകും. അതില്‍ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന മാറ്റങ്ങളുമുണ്ട്. 

എടിഎമ്മില്‍ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും നാളെ മുതല്‍ 21 രൂപയും ജിഎസ്ടിയും നല്‍കണം എന്ന വ്യവസ്ഥ നാളെ മുതലാണ് നിലവില്‍ വരിക.നിലവിലിത് 20 രൂപയാണ് ഇതാണ് ഉയര്‍ത്തുന്നത്. അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ ഓരോ മാസവും 5 സൗജന്യ ഇടപാടുകള്‍ നടത്താം. കൂടാതെ, മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകളും നടത്താം. ഇതിനുശേഷമുള്ള ഇടപാടുകള്‍ക്കാണു പണം ഈടാക്കുക.

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ അടിസ്ഥാന സേവിങ്‌സ് അക്കൗണ്ടില്‍നിന്ന് നാളെ മുതല്‍ പ്രതിമാസം 4 തവണയിലേറെ പണം പിന്‍വലിച്ചാല്‍ പിന്നീടുള്ള ഓരോ ഇടപാടിലും തുകയുടെ 0.50% ഈടാക്കും എന്ന തീരുമാനവും നാള മുതല്‍ പ്രാബല്യത്തില്‍ വരും.

ബാങ്ക് ജീവനക്കാര്‍ നടത്തുന്ന തട്ടിപ്പിലൂടെ ലോക്കറിലെ സാമഗ്രികള്‍ നഷ്ടപ്പെട്ടാല്‍ ഉത്തരവാദിത്തത്തില്‍നിന്നു ബാങ്കിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന റിസര്‍വ് ബാങ്ക് മാനദണ്ഡം നാളെ പ്രാബല്യത്തില്‍ വരും. ലോക്കറിലെ വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യുന്ന ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്ന് ബാങ്കുകള്‍ ഇടപാടുകാര്‍ക്കു മുന്നറിയിപ്പു നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

ചില വസ്തുക്കളുടെ ജിഎസ്ടി കൂടുന്നത് നാളെ മുതലാണ്. ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന് ഹോട്ടലുകള്‍ക്കു പകരം സ്വിഗി, സൊമാറ്റൊ പോലെയുള്ള ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്ബനികളില്‍നിന്നു നേരിട്ട് ജിഎസ് ടി ഈടാക്കും. പുതിയ തീരുമാനം ഉപഭോക്താവിനെ ബാധിക്കില്ല. ഈ തീരുമാനം നാളെ മുതലാണ് പ്രാബല്യത്തില്‍ വരിക.

ഇത് കൂടാതെ ജിഎസ്ടി കുടിശിക വരുത്തുന്നവരുടെ ഇടങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ക്കു മുന്നറിയിപ്പില്ലാതെ എത്തി തുക ഈടാക്കുന്നതിനു നാളെ മുതല്‍ അധികാരം. എല്ലാത്തരം സര്‍ക്കാര്‍ നിര്‍മ്മാണ കരാറുകള്‍ക്കുമുള്ള ജിഎസ്ടി നിരക്ക് 12ല്‍ നിന്ന് 18 ശതമാനമാകും. ഇതുവരെ കെട്ടിടനിര്‍മ്മാണ കരാറുകള്‍ക്കു മാത്രമായിരുന്നു 18% ജിഎസ്ടി.

കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് തത്വത്തില്‍ നാളെ മുതല്‍ പ്രാബല്യത്തിലാകും. എന്നാല്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കാഷ്ലെസ്, റീഇംബേഴ്‌സ്‌മെന്റ് സൗകര്യങ്ങള്‍ ലഭിക്കാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കണം.

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ദ്വീര്‍ഘകാല ആവശ്യം നാളെ മുതല്‍ അംഗീകരിക്കപ്പെടും. കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ശമ്ബളവര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍. പുതുക്കിയ ശമ്ബളം അടുത്ത മാസം 1 മുതല്‍ വിതരണം ചെയ്യും.

2020-21 ലെ ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം ഫെബ്രുവരി 28 വരെ നീട്ടി. ഇന്ന് അവസാനിക്കാനിരുന്നതാണ്. 2 കോടിക്കു മുകളില്‍ വിറ്റുവരവുള്ളവരാണ് വാര്‍ഷിക റിട്ടേണ്‍ (ജിഎസ്ടിആര്‍9) സമര്‍പ്പിക്കേണ്ടത്. 5 കോടിക്കു മുകളിലുള്ളവര്‍ ജിഎസ്ടിആര്‍ 9സി സമര്‍പ്പിക്കണം.

നിശ്ചിത കാലയളവിലേക്കുള്ള കെവൈസി (നോ യുവര്‍ കസ്റ്റമര്‍) തിരിച്ചറിയല്‍ നടപടി പൂര്‍ത്തിയാക്കാനുള്ള സമയപരിധി മാര്‍ച്ച്‌ 31 വരെ റിസര്‍വ് ബാങ്ക് നീട്ടി. ഇന്നു അവസാനിക്കേണ്ട പരിധിയാണു നീട്ടിയത്. ഓമിക്രോണ്‍ കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ പീരിയോഡിക് കെവൈസി പൂര്‍ത്തിയാക്കാത്ത ഉപയോക്താക്കള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കി.

0 comments: