2021, ഡിസംബർ 17, വെള്ളിയാഴ്‌ച

പെൺകുട്ടികൾ ആദ്യമായി പങ്കെടുത്ത എൻഡിഎ പരീക്ഷയിൽ വിജയിച്ച 8,000 പേരിൽ 1002 സ്ത്രീകൾ

 

നാഷണൽ ഡിഫൻസ് അക്കാദമി  പരീക്ഷയിൽ വിജയിച്ച 8000 മത്സരാർത്ഥികളിൽ 1002 പെൺകുട്ടികളും. നവംബർ 14 ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)) നടത്തുന്ന പരീക്ഷയിൽ വനിതാ മത്സരാർത്ഥികൾ പങ്കെടുക്കുന്നത് ഇതാദ്യമായാണ്.

വിജയിച്ച പെൺകുട്ടികൾ സർവീസ് സെലക്ഷൻ ബോർഡിനു മുന്നിലും മെഡിക്കൽ ടെസ്റ്റുകൾക്കും ഹാജരാകും. അതിനുശേഷം അവരിൽ 19 പേർ അടുത്ത വർഷത്തെ എൻഡിഎയുടെ കോഴ്സിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടും. എൻഡിഎ അടുത്ത വർഷം ആകെ 400 കേഡറ്റുകൾക്ക് പ്രവേശനം നൽകും. അവരിൽ 10 സ്ത്രീകൾ ഉൾപ്പെടെ 208 പേർ കരസേനയുടെ ഭാഗമാകും. നാവികസേന മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 42 പേരെയാകും തിരഞ്ഞെടുക്കുക. അതേസമയം വ്യോമസേന 120 ഉദ്യോഗാർത്ഥികൾക്ക് പ്രവേശനം നൽകും. അവരിൽആറ് പേർ സ്ത്രീകളായിരിക്കും.

കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ, എൻഡിഎ പരീക്ഷയ്ക്ക് ആകെ 5,75,856 പേർ അപേക്ഷിച്ചെന്നും അവരിൽ 1,77,654 സ്ത്രീകൾ ഉൾപ്പെടുന്നു എന്നും വ്യക്തമാക്കിയിരുന്നു.

എൻഡിഎ അതിന്റെ അടിസ്ഥാന സൗകര്യങ്ങൾ പരിഷ്കരിച്ചു വരികയാണ്. ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തൽ, പുതിയ വനിതാ ഇൻസ്ട്രക്ടർമാരുടെ നിയമനം, ഗൈനക്കോളജിസ്റ്റുകൾ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെയും ആവശ്യമുള്ള മറ്റ് ജീവനക്കാരുടെയും നിയമനം എന്നിവ അതിൽ ഉൾപ്പെടുന്നു. കൂടാതെ അടുത്ത വർഷം ആദ്യമായി വനിതാ കേഡറ്റുകളെ കാമ്പസിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായ മറ്റ് നടപടികളും കൈക്കൊള്ളും.

ഈ വർഷം മുതൽ തന്നെ സ്ത്രീകൾക്ക് എൻഡിഎയിൽ പ്രവേശനം നൽകണമെന്ന് സെപ്റ്റംബറിൽ സുപ്രീം കോടതി വിധിച്ചിരുന്നു. നിലവിലുള്ള 18 സ്ക്വാഡ്രണുകൾക്ക് പുറമെ രണ്ടെണ്ണം കൂടി അധികമായി ചേർക്കാനും സൈനിക കേഡറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും എൻഡിഎ തീരുമാനിച്ചിട്ടുണ്ട്.

പൂനെയിലെ ഖഡക്‌വാസ്‌ലയിൽ സ്ഥിതി ചെയ്യുന്ന എൻഡിഎ 1955 ലാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. നിലവിൽ എൻഡിഎയ്ക്ക് ആകെ 18 സ്ക്വാഡ്രണുകൾ ഉണ്ട്. അവയിൽ ഓരോന്നിനും ഏകദേശം 120 കേഡറ്റുകൾ ഉൾപ്പെടുന്നു. സ്ഥാപനത്തിന് ആറ് ടേമുകളിലായി നിലവിൽ 2,020 കേഡറ്റുകളാണുള്ളത്.


0 comments: