2021, ഡിസംബർ 23, വ്യാഴാഴ്‌ച

പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണോ?ഒമൈക്രോണ്‍ കണ്ടെത്തിയ ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ

 ലോകം മുഴുവന്‍ ഒമൈക്രോണ്‍ തരംഗം ആഞ്ഞുവീശുകയാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പലതരം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. അതിവേഗത്തിലുള്ള വ്യാപനമാണ് ഇതിന് കാരണമായി പറയുന്നത്. പുതുവത്സരത്തിലേക്ക് കടക്കാനിരിക്കെ പലരും ആഘോഷങ്ങള്‍ നടത്താനുള്ള മൂഡിലായിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് പലരും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇപ്പോഴിതാ ഒമൈക്രോണ്‍ നിയന്ത്രണങ്ങള്‍ എന്തൊക്കെ വേണമെന്ന് പറയുകയാണ് ഈ വൈറസിനെ കണ്ടെത്തിയ ഡോക്ടര്‍ ആഞ്ജലിക്ക കോട്‌സി. ചെറിയ തോതിലുള്ള തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും ചികിത്സ തേടണമെന്ന് അവര്‍ പറയുന്നു. ആശുപത്രിയില്‍ അഡ്മിറ്റാവേണ്ടി വരില്ലെന്നും അവര്‍ പറയുന്നു.

ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാത്രം ഒമൈക്രോണ്‍ സ്ഥിരീകരിച്ചാല്‍ ചെയ്യേണ്ട കാര്യവും അവര്‍ വിശദീകരിച്ചു. വീടുകളില്‍ നിന്ന് ഒമൈക്രോണ്‍ പടരുന്നതിന്റെ നിരക്ക് വളരെ കൂടുതലാണെന്ന് ആഞ്ജലിക്ക പറയുന്നു. ഏഴ് പേരുള്ള ഒരു കുടുംബത്തിലെ ഒരു വ്യക്തിക്ക് മാത്രം ഒമൈക്രോണ്‍ വന്നാല്‍ ഉറപ്പായും ആ വീട്ടിലെ ആറ് പേര്‍ക്കും രോഗം വരുമെന്നും, അത്രത്തോളം തീവ്രത ഒമൈക്രോണിനുണ്ടെന്നും ഡോക്ടര്‍ പറയുന്നു. തീവ്രത കുറഞ്ഞ രോഗലക്ഷണമുള്ളവരും ജാഗ്രത പാലിക്കണം. ഇവര്‍ക്കും ചികിത്സ കൃത്യമായി ലഭിക്കണം. ആശുപത്രിയിലേക്ക് പോകേണ്ട കാര്യത്തില്‍ മാത്രമാണ് നിങ്ങള്‍ തീരുമാനമെടുക്കേണ്ടത്.

ആശുപത്രിയിലെത്തിക്കേണ്ടതില്ല എന്ന് കരുതി ചികിത്സയില്ലാതെ പോകരുതെന്നും ആഞ്ജലിക്ക പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ ആശുപത്രി അഡ്മിഷന്‍ കേസുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഓരോ രണ്ട് ദിവസം പിന്നിടുമ്പോഴും അത്തരം രോഗികളുടെ എണ്ണം ഇരട്ടിയായി വരികയാണ്. അത്രയ്ക്കും വേഗത്തിലാണ് ഒമൈക്രോണിന്റെ വ്യാപനം. ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ നല്ലൊരു ശതമാനവും വാക്‌സിന്‍ എടുക്കാത്തവരാണ്. വാക്‌സിന്‍ എടുത്തവരില്‍ ചെറിയ രോഗലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇത് ഗുരുതരമാകാതെ പോകുന്നുണ്ടെന്നും അഞ്ജലിക്ക വ്യക്തമാക്കി.

ഒരിക്കലും ഒമൈക്രോണിനെ വിലകുറച്ച് കാണരുത്. നിങ്ങള്‍ക്ക് ഭാരക്കൂടുതലുണ്ടെങ്കിലും വാക്‌സിന്‍ എടുത്തില്ലെങ്കിലും ഒമൈക്രോണ്‍ നിങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കും. പേശിവേദനയിലാണ് ഒമൈക്രോണ്‍ തുടങ്ങുക. മറ്റ് കൊവിഡ് വകഭേദഗങ്ങളെ പോലെ ചുമയും പനിയുമൊന്നുമല്ല ഉണ്ടാവുക. പുറം വേദനയാണ് മറ്റൊരു പ്രധാന രോഗലക്ഷണം. പേശികളെയാണ് ഇത്തവണ ഒമൈക്രോണ്‍ കാര്യമായി ആക്രമിക്കുക. ശ്വാസ തടസ്സവും ചുമയുമെല്ലാം കുറവായിരിക്കും. പകരം നല്ല വേദന പേശികള്‍ക്കുണ്ടാവും. തലകറക്കവും തലവേദനയും മറ്റ് രോഗലക്ഷണങ്ങളാണ്. വാക്‌സിനുകള്‍ തീര്‍ച്ചയായും എല്ലാവരെയും സംരക്ഷിക്കും. എന്നാല്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിടുന്നത് കൊണ്ട് കാര്യമില്ലെന്ന് അഞ്ജലിക്ക പറഞ്ഞു.

0 comments: