2021, ഡിസംബർ 23, വ്യാഴാഴ്‌ച

ജിഎസ്ടി നിയമത്തില്‍ പുതിയ ഭേദഗതികള്‍; ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍

 ജിഎസ്ടി നികുതി വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി കേന്ദ്രം. ജനുവരി ഒന്ന് മുതല്‍ കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി) നിയമത്തില്‍ പുതിയ ഭേദഗതികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 2021-ലെ ധനകാര്യ നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആണ് പുതിയ മാറ്റങ്ങള്‍ നടപ്പാക്കുക. ജിഎസ്ടി ബാധകമായ ഉത്പന്ന വിതരണം, ടാക്‌സ് ക്രെഡിറ്റുകള്‍ക്കുള്ള യോഗ്യത, ജിഎസ്ടിയുമായി ബന്ധപ്പെട്ട ചില കേസുകളില്‍ അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമ ഭേദഗതി.

സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ബില്ലില്‍ കാണിച്ചിട്ടുള്ള ജിഎസ്ടി തുക വില്‍പ്പന നടത്തുന്ന സ്ഥാപനം സാധാരണയായി സര്‍ക്കാരിന് അടയ്ക്കും. സാധനംവാങ്ങിയ ആളുടെ ജി എസ് ടി ബാധ്യതയില്‍ തട്ടിക്കിഴിച്ച് ബാക്കി വരുന്ന തുക ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉള്ള സംസ്ഥാപനം തന്റെ ജിഎസ്ടി റിട്ടേണിലൂടെ അടയ്ക്കുന്ന സംവിധാനം ആണ് ജി എസ് ടി നിയമത്തിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ ജനുവരി ഒന്ന് മുതല്‍ ബില്ല് പ്രകാരം ലഭിച്ച ജി എസ് ടി ക്രെഡിറ്റ് വാങ്ങിയ ആള്‍ക്ക് ലഭിക്കണം എങ്കില്‍ വിറ്റ സ്ഥാപനം അവരുടെ റിട്ടേണ്‍ ഫയല്‍ ചെയ്യുകയും വാങ്ങിയ ആളുടെ സ്‌ക്രീനില്‍ അത് പ്രതിഫലിക്കുകയും വേണം.

സാധനം വാങ്ങിയപ്പോള്‍ വാങ്ങിയ ആള്‍ ജിഎസ്ടി ഉള്‍പ്പെടെയുള്ള തുക വില്‍പ്പന നടത്തിയ ആള്‍ക്ക് നല്‍കി കഴിഞ്ഞു. പിന്നീട് റിട്ടേണ്‍ ഫയല്‍ ചെയ്യ്ത് ഉത്പന്നത്തിന്റെ നികുതി അടയ്‌ക്കേണ്ട ബാധ്യത ഇപ്പോള്‍ വ്യാപാരിക്കാണെങ്കില്‍ പുതിയ മാറ്റം പ്രകാരം ഇത് സാധനങ്ങള്‍ വാങ്ങിയ ആളുടെ ഉത്തരവാദിത്വത്തിലേക്ക് വന്നിരിക്കുന്നു. അത് പോലെ ഇറക്കുമതി ചെയ്ത സാധനങ്ങള്‍ക്ക് കസ്റ്റംസില്‍ നല്‍കുന്ന ഐജിഎസ്ടി പലപ്പോഴും ജിഎസ്ടി പോര്‍ട്ടലില്‍ പ്രതിഭലിക്കാറില്ല .ഇതിന്റെ ബാധ്യതയും ഇറക്കുമതി ചെയ്ത ആളുടെ തലയില്‍ ആകുന്നതാണ് പുതിയ മാറ്റം എന്ന് ടാക്‌സ് പ്രാക്ടീഷണര്‍ സന്തോഷ് ജേക്കബ് ചൂണ്ടിക്കാട്ടുന്നു. ചെറുകിട ഇടത്തരം വാണിജ്യ വ്യവസായ മേഖലയ്ക്ക് തിരിച്ചടിയാണ് ഈ നിയമ പരിഷ്‌കാരങ്ങള്‍ എന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

കൂടാതെ, ഉദ്യോഗസ്ഥരുടെ ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കുന്നതിന് ബിസിനസ്സുകള്‍ പിഴ തുകയുടെ 25 ശതമാനം നല്‍കേണ്ടിവരും. ജനുവരി ഒന്നു മുതല്‍ ആണ് ഈ വ്യവസ്ഥയും നിലവില്‍ വരും. ചട്ടങ്ങള്‍ ലംഘിച്ച് സംഭരച്ചതോ, ചരക്കുകൈമാറ്റം നടത്തിയതോ ആയ സാധനങ്ങള്‍ പിടിച്ചെടുക്കുന്ന കേസുകളില്‍ അപ്പീല്‍ നല്‍കുമ്പോള്‍ ആണിത്.


0 comments: