2020 മാർച്ചിലും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ആർബിഐ അവതരിപ്പിച്ചിരുന്നു. സുരക്ഷ കൂട്ടുന്നതിനായിരുന്നു മുൻഗണന നൽകിയത്. ഇതിനായി ഉപഭോക്താക്കളുടെ കാർഡ് വിശദാംശങ്ങൾ സേവ് ചെയ്യുന്നതിൽ നിന്നും വ്യാപാരികളെ പരിമിതപ്പെടുത്തുന്ന മാർഗനിർദേശങ്ങൾ ആർബിഐ പുറത്തിറക്കിയിരുന്നു. 2020 സെപ്റ്റംബറിലും സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കാർഡ് ടോക്കണൈസേഷൻ സേവനങ്ങളിൽ അടക്കം റെഗുലേറ്ററി ബോഡിയായ ആർബിഐ മാർഗനിർദേശങ്ങൾ വീണ്ടും പരിഷ്കരിക്കുകയുണ്ടായി. "ഉപഭോക്താവിന്റെ സമ്മതത്തോടെ, അഡീഷണൽ ഫാക്റ്റർ ഓഫ് ഓതന്റിക്കേഷൻ (എഎഫ്എ) ഫീച്ചറിന്റെ സഹായത്തോടെയാണ് കാർഡ് ഡാറ്റയുടെ ടോക്കണൈസേഷൻ നടത്തേണ്ടത്," ആർബിഐ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
മാസ്റ്റർകാർഡും വിസ ഇഷ്യൂഡ് കാർഡുകളും മാത്രമേ ഇപ്പോൾ ടോക്കണൈസ് ചെയ്യാൻ കഴിയൂ. കാർഡ് വിശദാംശങ്ങൾ വെളിപ്പെടുത്താതെ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്താൻ അനുവദിക്കുന്ന ഒരു തനതായ അൽഗോരിതം-ജനറേറ്റഡ് കോഡ് അല്ലെങ്കിൽ ടോക്കൺ ഉപയോഗിച്ച് കാർഡ് വിശദാംശങ്ങൾ മാറ്റി സ്ഥാപിക്കാൻ ടോക്കണൈസേഷൻ സഹായിക്കുന്നു. എന്തായാലും പുതിയ നിയന്ത്രണം ഇ കൊമേഴ്സ് മേഖലയെ ആകെ ബാധിക്കുമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ ആർബിഐയുടെ പുതിയ മാർഗനിർദേശങ്ങൾ സാധാരണ ഉപയോക്താക്കളെ ഏത് വിധത്തിലാവും ബാധിക്കുക. നിയന്ത്രണങ്ങൾ ഉപയോക്താവിന് ഗുണം ചെയ്യുമോ അതോ മോശമായി ബാധിക്കുമോ.
ആർബിഐയുടെ പുതിയ നിർദേശങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പോയിന്റുകൾ .
ഓൺലൈൻ ഇടപാട്
2022 ജനുവരി 1 മുതൽ, ഉപഭോക്താക്കൾക്ക് അവരുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ഏതെങ്കിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ സേവ് ചെയ്യാൻ കഴിയില്ല.ഓരോ തവണയും ഓൺലൈൻ ഇടപാട് നടത്തുമ്പോൾ ഉപഭോക്താക്കൾ കാർഡ് വിശദാംശങ്ങൾ വീണ്ടും വീണ്ടും നൽകേണ്ടി വരും.ഇത് എപ്പോഴും ആവർത്തിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ, ഉപഭോക്താക്കൾക്ക് അവരുടെ കാർഡുകൾ "ടോക്കണൈസ്" ചെയ്യാൻ ഇ-കൊമേഴ്‌സ് കമ്പനികൾക്ക് പെർമിഷൻ നൽകാൻ കഴിയും.
ഫാക്റ്റർ ഓഫ് ഓതന്റിക്കേഷൻ
ഉപഭോക്താവിന്റെ സമ്മതം ലഭിച്ച ശേഷം, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ കാർഡ് നെറ്റ്‌വർക്കിനോട് ആവശ്യാനുസരണം അഡീഷണൽ ഫാക്റ്റർ ഓഫ് ഓതന്റിക്കേഷൻ അടക്കം നൽകി കാർഡ് വിശദാംശങ്ങൾ എൻക്രിപ്റ്റ് ചെയ്യാൻ ആവശ്യപ്പെടും.ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന് എൻക്രിപ്റ്റ് ചെയ്‌ത വിശദാംശങ്ങൾ ലഭിച്ച് കഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് ഭാവി ഇടപാടുകൾക്കായി ആ കാർഡ് സേവ് ചെയ്യാൻ കഴിയും.
ഇപ്പോൾ, മിക്ക പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കും മാസ്റ്റർ കാർഡും വിസയും നൽകുന്ന കാർഡുകൾ മാത്രമേ ടോക്കണൈസ് ചെയ്യാൻ കഴിയൂ. മറ്റ് സാമ്പത്തിക സേവനങ്ങളിൽ നിന്നുള്ള കാർഡുകൾ ഉടൻ ടോക്കണൈസ് ചെയ്യാൻ കഴിയുമെന്ന് കരുതാം.
ടോക്കണൈസേഷൻ
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും പുതിയ ആർബിഐ മാർഗനിർദേശങ്ങൾ ബാധകമാണ്.അന്താരാഷ്ട്ര ഇടപാടുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ ബാധകമല്ല. ഗാർഹിക കാർഡുകളും ഇടപാടുകളും മാത്രമാണ് പുതിയ ആർബിഐ മാർഗനിർദേശങ്ങളുടെ പരിധിയിൽ വരുന്നത്.
കാർഡുകളുടെ ടോക്കണൈസേഷനായി ഉപഭോക്താക്കൾ അധിക ചാർജൊന്നും നൽകേണ്ടതില്ല.ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ടോക്കണൈസ് ചെയ്‌ത കാർഡുകളുടെ അവസാന നാല് അക്കങ്ങളും ഇഷ്യൂ ചെയ്യുന്ന ബാങ്കിന്റെയും കാർഡ് നെറ്റ്‌വർക്കിന്റെയും പേരും ഡിസ്പ്ലേ ചെയ്യും. വേഗത്തിലുള്ള ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് അവരുടെ കാർഡുകൾ ടോക്കണൈസ് ചെയ്യുന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം അല്ലെങ്കിൽ കാർഡ് വിശദാംശങ്ങൾ നൽകി ഇടപാടുകൾ നടത്തുകയും ചെയ്യാം.
0 comments: