2022, ജനുവരി 21, വെള്ളിയാഴ്‌ച

ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ സംസ്ഥാനത്ത് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍


കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ സംസ്ഥാനത്ത് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂവെന്നും ഉത്തരവില്‍ പറയുന്നു. കാറ്റഗറി തിരിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്. ഇന്നത്തെ നില പ്രകാരം എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ കാറ്റഗറിയില്‍ വരുന്നത്. പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളാണ് ബി കാറ്റഗറിയില്‍. സി കാറ്റഗറിയില്‍ വരുന്ന ജില്ലകള്‍ ഇപ്പോള്‍ ഇല്ല.

മാര്‍ഗനിര്‍ദേശങ്ങള്‍

  • ദീര്‍ഘദൂര ബസ്, ട്രെയിന്‍, വ്യോമ സര്‍വീസുകള്‍ അനുവദിക്കും.
  • വിനോദ സഞ്ചാര ആവശ്യത്തിനായി ഞായറാഴ്ച ദിവസത്തേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് താമസരേഖകള്‍ ഉണ്ടെങ്കില്‍ ഹോട്ടല്‍/ റിസോര്‍ട്ട് എന്നിവിടങ്ങളിലേക്ക് കാറുകളിലും ടാക്സികളിലും യാത്ര അനുവദിക്കും.
  • വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് ടെര്‍മിനല്‍/സ്റ്റോപ്/സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് പൊതുഗതാഗതം, സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവ സര്‍വീസ് നടത്താന്‍ അനുവദിക്കും. കോവിഡ് മാനദണ്ഡ പ്രകാരമുള്ള യാത്രരേഖകളോ ടിക്കറ്റോ യാത്രക്കാരുടെ കൈവശമുണ്ടെങ്കില്‍ മാത്രമേ യാത്ര അനുവദിക്കൂ.
  • റെസ്റ്റോറന്‍റുകള്‍, ബേക്കറികള്‍ എന്നിവക്ക് നേരിട്ടോ അല്ലെങ്കില്‍ ഹോം ഡെലിവറി വഴിയോ സാധനങ്ങള്‍ വില്‍ക്കുന്നതിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഒമ്പത്  വരെ  പ്രവര്‍ത്തിക്കാം.
  • ഇരുന്ന് ഭക്ഷണം കഴിക്കുമ്ബോള്‍ രോഗം പകരാതിരിക്കാന്‍ കോവിഡ് മാനദണ്ഡമനുസരിച്ച്‌ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണം. എന്നാല്‍, കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് തടസമില്ല.
  • ബീച്ചുകള്‍, തീം പാര്‍ക്കുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉറപ്പുവരുത്തണം. ഇവിടങ്ങളില്‍ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസര്‍ ലഭ്യമാക്കണം.
  • വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം. ഇതിനായി ആവശ്യാനുസരണം സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കണം.
  • അത്യാവശ്യ അറ്റകുറ്റപണികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

കാറ്റഗറി തിരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

എ കാറ്റഗറി:

  • സാമൂഹ്യ, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

ബി. കാറ്റഗറി:

  • സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

സി കാറ്റഗറി:

  • സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. 
  • മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്.
  •  വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. 
  • സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. 
  • ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ.
  •  റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല.

മറ്റ് നിര്‍ദേശങ്ങള്‍

  • സര്‍ക്കാര്‍ / സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ്. ഇവര്‍ ഡോക്‌ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്
  • മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കണം. റഫര്‍ ചെയ്യുന്ന ഗുരുതര രോഗാവസ്ഥയിലുള്ളവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയാകും. അവിടെ ഗുരുതര അവസ്ഥയില്‍ എത്തുന്നവരെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കുന്ന നില ഉണ്ടാകണം.
  • നേരത്തെ കോവിഡ് ബ്രിഗേഡില്‍ സേവനമനുഷ്ഠിച്ചവരെ ആവശ്യാനുസരണം നിയമിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം
  • സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പു വരുത്തണം. അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 108 ആംബുലന്‍സുകളുടെ ഉപയോഗം പരമാവധി ഉറപ്പു വരുത്തണം.
  • പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍പെട്ടവര്‍ക്ക് നല്‍കുന്ന ഏഴു ദിവസത്തെ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കേണ്ടതില്ല
  • സ്പെഷല്‍ സ്കൂളുകള്‍ അടച്ചിടേണ്ടതില്ല. അവിടെ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ മാത്രം അടക്കും.
  • കോവിഡിതര രോഗികളുടെ കാര്യത്തില്‍ കൃത്യമായ ക്രമീകരണം ഉണ്ടാക്കണം. സെക്രട്ടറിയേറ്റില്‍ കോവിഡ് വാര്‍ റും പ്രവര്‍ത്തിക്കും.
  • ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്ബോള്‍ അധ്യാപകര്‍ സ്കൂളില്‍ തന്നെ ഉണ്ടാകണം. അധ്യയനവര്‍ഷത്തിന്‍റെ അവസാനഘട്ടമായതിനാല്‍ ഇത് പ്രധാനമാണ്.
  • ജില്ലകളുടെ ആവശ്യമനുസരിച്ച്‌ കരുതല്‍ വാസകേന്ദ്രങ്ങള്‍ ആരംഭിക്കാവുന്നതാണ്. മരുന്നുകള്‍ക്കും ടെസ്റ്റിങ് കിറ്റുകള്‍ക്കും ദൗര്‍ലഭ്യം ഉണ്ടാവരുത്.
  • ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റ്മാരെ നിയോഗിക്കാം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ അകലം പാലിച്ച്‌ നടത്താം

0 comments: