പനി ലക്ഷണങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനി ലക്ഷണവുമുള്ള കുട്ടികളും മുതിര്‍ന്നവരും ഓഫീസുകളിലോ കോളജുകളിലോ സ്കൂളിലോ ഒന്നും പോകരുത്.
മറ്റ് അസുഖങ്ങളുള്ളവര്‍ പനിലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡാണോ എന്നു നിര്‍ബന്ധമായും പരിശോധിക്കണം. ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും വീട്ടിലെ മറ്റുള്ളവരുമായി സമ്ബര്‍ക്കം ഉണ്ടാകരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
'സംസ്ഥാനത്തെ മുഴുവന്‍ സാഹചര്യവും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഈ ഘട്ടത്തില്‍ ആശങ്കപ്പെടേണ്ടതില്ല. പക്ഷേ, കോവിഡ് പടര്‍ത്താതിരിക്കാനുള്ള ഉത്തരവാദിത്വം വ്യക്തിപരമായി ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം'- വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച 1,99,041 പേരില്‍ 3 ശതമാനം മാത്രമാണ് ആശുപത്രിയിലുള്ളത്. 0.7 ശതമാനത്തിനാണ് ഓക്സിജന്‍ കിടക്ക ഇപ്പോള്‍ ആവശ്യമുള്ളത്. ഐ.സി.യു ആവശ്യമുള്ളത് 0.6 ശതമാനം പേര്‍ക്കാണ്. രാവിലത്തെ കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ ആശുപത്രികളിലെ വെന്‍റിലേറ്ററുകളുടെ ആകെയുള്ള ഉപയോഗത്തില്‍ രണ്ട് ശതമാനം കുറവ് വന്നതായി കണ്ടെത്തിയിട്ടുണ്ട്.
സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ടീം
ആരോഗ്യവകുപ്പ് പുറത്തിറക്കിയ ക്ലസ്റ്റര്‍ മാനേജ്മെന്‍റ് ഗൈഡ് ലൈന്‍ അനുസരിച്ച് എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാര്‍ഗനിര്‍ദേശം സംബന്ധിച്ച് പരിശീലനം നല്‍കണം. ഇതിന് ജില്ലാ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിന്തുണ നല്‍കും.
ഒരു ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് ഈ അവബോധ നിയന്ത്രണ ടീമിന്‍റെ പ്രധാന ഉത്തരവാദിത്വം. പത്തില്‍ അധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആ സ്ഥാപനം ലാര്‍ജ് ക്ലസ്റ്റര്‍ ആകും. പത്തില്‍ അധികം ആളുകള്‍ക്ക് കോവിഡ് ബാധയേറ്റ അഞ്ച് ക്ലസ്റ്ററുകളില്‍ അധികമുണ്ടെങ്കില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ഉപദേശം അനുസരിച്ച് സ്ഥാപനം/ ഓഫീസ് അഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കാം.
സാധ്യമാകുന്നിടത്തെല്ലാം ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കണം. എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും വെന്‍റിലേറ്റഡ് സ്പെയ്സസ് ഉണ്ടെന്ന് ഉറപ്പാക്കണം. അതോടൊപ്പം ഓഫീസിനുള്ളില്‍ കൃത്യമായി മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
0 comments: