2022, ജനുവരി 6, വ്യാഴാഴ്‌ച

ഇന്റർനെറ്റും സ്മാർട്ട്ഫോണും ഇല്ലാതെയും യുപിഐ ഇടപാടുകൾ നടത്താം, എങ്ങനെ?

 

എല്ലാം ഡിജിറ്റലായി മാറിയ ഇന്നത്തെ കാലത്ത് യുപിഐ പേയ്മെന്റുകളും മറ്റും ആളുകൾക്ക് വലിയ ഒരു സഹായം തന്നെയാണ്. ഗൂഗിൾ, ഫോൺപേ, ഭാരത്പേ  എന്നിവ പോലുള്ള യുപിഐപേയ്‌മെന്റ് ആപ്പുകൾ ഉപയോഗിക്കുന്നവരാണ് ഇന്ന് അധികവും. യുപിഐ പേയ്‌മെന്റുകൾ  നടത്താൻ ഇന്റർനെറ്റ് കണക്ഷൻ  ആവശ്യമാണെന്നാണ് ഡിജിറ്റൽ ഇടപാടുമായി ബന്ധപ്പെട്ട പൊതുവെയുള്ള ധാരണ. എന്നാൽ വാസ്തവം ഇതല്ല നിങ്ങളുടെ പ്രദേശത്ത് ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും നിങ്ങളുടെ കൈവശം ഒരു സ്‌മാർട്ട്‌ഫോൺ ഇല്ലെങ്കിൽപ്പോലും ബുദ്ധിമുട്ടില്ലാതെ യുപിഐ ഇടപാടുകൾ നടത്താം. അത് പൂർത്തിയാക്കാൻ നിങ്ങളുടെ ഫോണും ആക്ടീവായ ഒരു ബാങ്ക് അക്കൗണ്ടും മാത്രമാണ് ആവശ്യം.

സ്മാർട്ട്ഫോണുകൾ ഇല്ലാത്തതോ ഇന്റർനെറ്റ് ഇല്ലാത്തതോ ആയ ഉപയോക്താക്കൾക്കും യുപിഐ സേവനം ലഭ്യമാണ്. സേവനങ്ങൾ ലഭിക്കാൻ USSD 2.0 രീതി എന്നറിയപ്പെടുന്ന *99# ഡയൽ ചെയ്താൽ മതി. 2012 നവംബറിലാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) സ്‌മാർട്ട്‌ഫോൺ ഇതര ഉപയോക്താക്കൾ ഉൾപ്പെടെ എല്ലാ മൊബൈൽ ഫോൺ ഉപയോക്താക്കൾക്കുമായി *99# സേവനം ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ സേവനം ആദ്യം വളരെ പരിമിതമായിരുന്നു. രണ്ട് ടിഎസ്പികൾ മാത്രമാണ് ഈ സേവനം വാഗ്ദാനം ചെയ്തിരുന്നത്. എംടിഎൻഎൽ, ബിഎസ്എൻഎൽ, എന്നിവ മാത്രം. 2016 ഓഗസ്റ്റ് 25ന് ബാങ്കുകളുമായി ചേർന്ന് എൻപിസിഐ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ആരംഭിച്ചു. യുപിഐ ഐഡി അല്ലെങ്കിൽ പേയ്‌മെന്റ് വിലാസം എന്നറിയപ്പെടുന്ന ഒരു യുണീക്ക് ഐഡി ഉപയോഗിച്ച് പണം അയയ്‌ക്കാനും സ്വീകരിക്കാനും ബാങ്ക് അക്കൗണ്ട് ഉടമകളെ അനുവദിക്കുന്ന രീതിയാണിത്.

എൻസിപിഐ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യത്തുടനീളമുള്ള എല്ലാ സാധാരണക്കാരിലേക്കും ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുന്നതിനായാണ് *99# സേവനം ആരംഭിച്ചത്. ബാങ്കിംഗ് ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണിൽ *99# ഡയൽ ചെയ്തും മൊബൈൽ സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ഇന്ററാക്ടീവ് മെനുവിലൂടെയും ഇടപാട് നടത്തി ഈ സേവനം പ്രയോജനപ്പെടുത്താം. 

99# സേവനത്തിന് കീഴിൽ വാഗ്ദാനം ചെയ്യുന്ന പ്രധാന സേവനങ്ങൾ 

  • വിവിധ ബാങ്കുകളിലേയ്ക്ക് പണം അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യാം
  • ബാലൻസ് പരിശോധിക്കാം
  • യുപിഐ പിൻ ക്രമീകരിക്കാം

*99# സേവനം നിലവിൽ 83 പ്രമുഖ ബാങ്കുകളും എല്ലാ ജിഎസ്എം (GSM) സേവന ദാതാക്കളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ 13 വ്യത്യസ്ത ഭാഷകളിൽ ഈ സേവനം ലഭ്യമാണ്.

നിങ്ങളുടെ മൊബൈൽ ഫോണിൽ *99# എങ്ങനെ ഉപയോഗിക്കാം?

ഈ സേവനം ലഭ്യമാക്കുന്നതിനും ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുന്നതിനും നിങ്ങൾ ആദ്യം സർക്കാരിന്റെ ഭീം യുപിഐ (BHIM UPI) ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. *99# സേവനം ഉപയോഗിക്കുന്നതിന്, നിങ്ങൾ സ്വയം രജിസ്റ്റർ ചെയ്തതിന് ശേഷം ചുവടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക.

സ്റ്റെപ് 1: നിങ്ങളുടെ ഫോണിലെ ഡയൽ പാഡിൽ *99# എന്ന് ടൈപ്പ് ചെയ്യുക. തുടർന്ന് ഏഴ് ഓപ്ഷനുകൾ അടങ്ങുന്ന ഒരു പുതിയ മെനു തുറന്ന് വരും. 'പണം അയയ്‌ക്കുക' (Send Money), 'പണം സ്വീകരിക്കുക (Receive Money)', 'ബാലൻസ് പരിശോധിക്കുക' (Check Balance), 'മൈ പ്രൊഫൈൽ' (My Profile), 'പെൻഡിംഗ് റിക്വസ്റ്റ് (ending Requests)', 'ഇടപാടുകൾ (Transactions)', 'യുപിഐ പിൻ' (UPI PIN) തുടങ്ങിയ ഓപ്ഷനുകൾ മെനുവിൽ കാണാം

സ്റ്റെപ് 2: അടുത്തതായി ചെയ്യേണ്ടത് നിങ്ങളുടെ ഡയൽ പാഡിലെ നമ്പർ 1 അമർത്തി ‘പണം അയയ്ക്കുക’ (Send Money) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക എന്നതാണ്. നിങ്ങളുടെ ഫോൺ നമ്പർ, യുപിഐ ഐഡി അല്ലെങ്കിൽ അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവ നൽകി പണം അയയ്ക്കാം

സ്റ്റെപ് 3: വിവിധ പേയ്‌മെന്റ് രീതികളിൽ, ഒന്ന് തിരഞ്ഞെടുക്കുക. നിങ്ങൾ ഫോൺ നമ്പർ ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ പണം അയയ്‌ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ മൊബൈൽ നമ്പർ നൽകേണ്ടതുണ്ട്. നിങ്ങൾ യുപിഐ ഐഡി ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ പണം അയയ്‌ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ യുപിഐ ഐഡി നൽകേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ട് ഓപ്ഷനും ഇത് ബാധകമാണ്. ഇവിടെ നിങ്ങൾ 11 അക്ക IFSC കോഡും തുടർന്ന് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും നൽകണം.

സ്റ്റെപ് 4: അടുത്തതായി, ഗൂഗിൾ പേ അല്ലെങ്കിൽ പേടിഎമ്മിന് സമാനമായി കൈമാറാൻ ആഗ്രഹിക്കുന്ന തുക നൽകുക.

സ്റ്റെപ് 5: അവസാന ഘട്ടമായി ആറോ നാലോ അക്കങ്ങൾ നീളമുള്ള നിങ്ങളുടെ സ്വന്തം യുപിഐ പിൻ നമ്പർ നൽകേണ്ടതുണ്ട്. തുടർന്ന് സെൻഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പണം ട്രാൻസ്ഫർ ചെയ്തുകഴിഞ്ഞാൽ, ഒരു റഫറൻസ് ഐഡി സഹിതം നിങ്ങളുടെ ഫോണിൽ ഒരു ട്രാൻസ്ഫർ സ്റ്റാറ്റസ് അപ്‌ഡേറ്റ് ലഭിക്കും.

ചെറിയ മൂല്യമുള്ള യുപിഐ ഇടപാടുകൾക്ക് ഒരു പുതിയ "ഓൺ-ഡിവൈസ്" വാലറ്റ് സംവിധാനം പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ അറിയിച്ചിരുന്നു. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള യുപിഐ പേയ്‌മെന്റ് സംവിധാനമാണ് ആർബിഐ (RBI) പുറത്തിറക്കുക. ഡിസംബർ 8ന് പുറത്തിറക്കിയ 'വികസന, നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവന'യിലാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ചെറിയ മൂല്യമുള്ള ഇടപാടുകൾ നടത്തുന്നതിനും ഫീച്ചർ ഫോണുകൾ വഴിയുള്ള യുപിഐ പേയ്‌മെന്റ് ജനപ്രിയമാക്കുന്നതിനുമുള്ള നിർദ്ദേശങ്ങളാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചത്. ചെറിയ തുകയുടെ പണമിടപാടുകൾക്കും ഡിജിറ്റൽ സേവനം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാരംഭ ലക്ഷ്യങ്ങളിലൊന്നെന്നും ആർബിഐ അറിയിച്ചു.

0 comments: