ഹയർസെക്കൻഡറി-എസ്എസ്എൽസി പരീക്ഷകളുടെ പ്രായോഗിക പരീക്ഷകൾ എഴുത്തു പരീക്ഷക്കു ശേഷം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പാഠഭാഗങ്ങൾ അടുത്ത രണ്ടു മാസത്തിനകം കൃത്യമായി തീർക്കേണ്ടതുള്ളതിനാലാണ് പ്രായോഗിക പരീക്ഷ മാറ്റി വച്ചത്. ഫോക്കസ് ഏരിയ അനുപാതം 70:30 ആയി തുടരും. പ്രായോഗിക പരീക്ഷയുടെയും ഇൻ്റേണൽ പരീക്ഷയുടെയും മാർക്കും ഗ്രേഡ് നിശ്ചയിക്കുമ്പോൾ പരിഗണിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
ഹയർസെക്കൻഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജനുവരി 29ന് തുടങ്ങും. കൊവിഡ് പോസിറ്റീവ് ആയ കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പ്രത്യേകം മുറി സജ്ജമാക്കും. സംസ്ഥാനത്ത് എവിടെയും സ്‌കൂളുകൾ അടച്ചിടേണ്ട ആശങ്കാജനകമായ സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ശക്തിപ്പെടുത്താൻ യോഗം തീരുമാനമെടുത്തു. 1-9 വരെ ക്ലാസുകളിൽ ഓൺലൈൻ പഠനം തുടരും. 1- 7 ക്ലാസുകളിൽ വിക്ടേഴ്‌സ് ചാനൽ വഴി അധ്യയനം നടക്കും. 8- 12 ക്ലാസുകളിൽ ജി- സ്യൂട്ട് പ്ലാറ്റ്‌ഫോം വഴി അധ്യായനം നടക്കും. ഓൺലൈൻ ക്ലാസിൽ അധ്യാപകർ ഹാജർ കൃത്യമായി രേഖപ്പെടുത്തണം. ഓരോ ആഴ്‌ചയും ഹെഡ്‌മാസ്റ്റർമാരുടെയും പ്രിൻസിപ്പൽമാരുടെയും യോഗം ചേരുമെന്നും സ്‌കൂളുകളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹൈസ്‌കൂൾ വിഭാഗത്തിൽ 80 ശതമാനം കുട്ടികൾക്കും വാക്‌സിൻ നൽകി. ഹയർസെക്കൻഡറി വിഭാഗത്തിൽ 60.99, വിഎച്ച്എസ്ഇ വിഭാഗത്തിൽ 66.24 ശതമാനം കുട്ടികളും വാക്‌സിൻ സ്വീകരിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ 3005 കുട്ടികൾക്കും 2915 അധ്യാപകർക്കും 3608 അനധ്യാപകർക്കും ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
0 comments: