2022, ജനുവരി 29, ശനിയാഴ്‌ച

വാട്സ്ആപ്പ് വഴിയുള്ള തട്ടിപ്പുകൾ; അറിഞ്ഞിരിക്കാം

 വാട്സ്ആപ്പ് നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇന്ത്യയിൽ ഇതുവരെ ഏകദേശം 50 കോടി ഉപഭോക്താക്കൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. വാട്സ്ആപ്പ് ഇൻസ്റ്റലേഷൻ ചെയ്യുന്നതിനുവേണ്ടി നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ് വഴിയോ കോൾ വഴിയോ അയക്കുന്ന 6 അക്ക OTP ആവശ്യമാണ്. എന്നാൽ ഈ ആറക്ക ഒടിപി സൈബർ തട്ടിപ്പുകാർ കാൾ മുഖാന്തരവും എസ്എംഎസിലൂടെയും കരസ്ഥമാക്കി വാട്സ്ആപ്പ് നിയന്ത്രണം കൈവശപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം തട്ടിപ്പുകളിൽ വീഴാതെ നമ്മൾ ജാഗ്രത പാലിക്കേണ്ടതാണ്. 

 തട്ടിപ്പിന്റെ രീതി

കോളിലൂടെ ഒടിപി ആവശ്യപ്പെടുകയും അതിലൂടെ വാട്സ്ആപ്പിൻറെ പൂർണ്ണനിയന്ത്രണം കൈവശപ്പെടുത്തുകയും ചെയ്യുന്നു. 

◼️ ഉപഭോക്താവിന് അപരിചിതമായ ഒരു നമ്പറിൽ നിന്നും വാട്സ്ആപ്പ് സപ്പോർട്ട് സർവ്വേ എന്ന പേരിൽ ഒരു കോൾ ലഭിക്കുന്നു 

◼️ ഉപഭോക്താവുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന അതേസമയം തന്നെ തട്ടിപ്പുകാർ വാട്സ്ആപ്പ് രജിസ്ട്രേഷൻ പ്രോസസ് ചെയ്യുവാൻ വേണ്ടിയുള്ള നടപടിക്രമങ്ങൾ തങ്ങളുടെ ഭാഗത്തുനിന്നും ചെയ്യുന്നു. 

◼️ കോൾ അടിസ്ഥാനമാക്കിയുള്ള വാട്ട്സ് ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കുകയും, ചില കാരണങ്ങളാൽ ഉപഭോക്താവിനോട് തങ്ങളുടെ കോൾ ലയിപ്പിക്കുവാൻ (merge call) തട്ടിപ്പുകാർ ആവശ്യപ്പെടുകയും ചെയ്യുന്നു. 

◼️ ഇങ്ങനെ ലയിപ്പിക്കുന്ന കോളിലൂടെ തങ്ങൾക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് തട്ടിപ്പുകാർ പുതിയ ഒരു വാട്സ്ആപ്പ് അക്കൗണ്ട് നിർമ്മിക്കുന്നു 

◼️ ഇത്തരത്തിൽ തട്ടിയെടുക്കുന്ന വാട്സ്ആപ്പ് അക്കൗണ്ടിലൂടെ നിരവധി സൈബർകുറ്റകൃത്യങ്ങൾ തട്ടിപ്പുകാർ ചെയ്യുന്നു.

◼️എസ്എംഎസിലൂടെ വാട്സാപ്പിന്റെ നിയന്ത്രണം കൈവശപ്പെടുത്തുക. 

◼️ ഉപഭോക്താവിനെ തട്ടിപ്പുകാർ ഫോൺ മുഖാന്തരം ബന്ധപ്പെടുകയും തങ്ങൾക്ക് എസ്എംഎസിലൂടെ ലഭിച്ച ഒ ടി പി ഷെയർ ചെയ്യുവാനും ആവശ്യപ്പെടുന്നു 

◼️ അതിനുശേഷം തട്ടിപ്പുകാർ ഒടിപി ഉപയോഗിച്ച് വാട്സ്ആപ്പ് തങ്ങളുടെ നിയന്ത്രണത്തിൽ ആക്കുകയും വാട്ട്സാപ്പ് അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ വാട്സാപ്പിന്റെ മുഴുവൻ നിയന്ത്രണങ്ങളും തട്ടിപ്പുകാർ കൈവശപെടുത്തുന്നു. 

◼️ ഇത്തരത്തിൽ വാട്സാപ്പിലെ നിയന്ത്രണം കൈവശപ്പെടുത്തുന്ന തട്ടിപ്പുകാർ നിരവധി സാമ്പത്തിക തട്ടിപ്പുകളും മറ്റു സൈബർ കുറ്റകൃത്യങ്ങളും നടത്തുന്നു. 

◼️ ഉപഭോക്താവിനെ വ്യക്തിവിവരങ്ങളും മറ്റുമുപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നു 

◼️ സ്റ്റാറ്റസ്, മെസേജ് എന്നിവ ഇവർ പോസ്റ്റ് ചെയ്തുകൊണ്ട് ഉപഭോക്താവിനെ വ്യക്തിഹത്യ നടത്തുന്നു


എങ്ങനെ ഇത്തരം തട്ടിപ്പുകളിൽ നിന്നും നമുക്ക് രക്ഷ നേടാം? 

◼️ Two-Factor Authentication ഓൺ ചെയ്ത് വയ്ക്കുക, അതുപോലെതന്നെ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ആർക്കൊക്കെ കാണാൻ കഴിയുമെന്ന് നിങ്ങൾ ഉറപ്പുവരുത്തണം. 

◼️ സാമ്പത്തികസഹായമോ അല്ലെങ്കിൽ മറ്റു സഹായമോ നിങ്ങളുടെ പേരിൽ ആരെങ്കിലും നിങ്ങളുടെ സുഹൃത്തുക്കൾക്കോ കൂട്ടുകാർക്കോ മെസ്സേജ് അയച്ച് ആവശ്യപ്പെടുകയാണെങ്കിൽ അത് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം തിരിച്ചു മറുപടി നൽകുകയെന്നു നിങ്ങൾ അവരോട് പറഞ്ഞു മനസ്സിലാക്കേണ്ടതാണ്. 

◼️ വാട്സാപ്പുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് തന്നെ ഈമെയിൽ വഴി വാട്സ്ആപ്പ് കസ്റ്റമർ കെയറിൽ അറിയിക്കേണ്ടതാണ് 

◼️ ഇത്തരം തട്ടിപ്പിനിരയായാൽ ഉടനെ cybercrime.gov.in എന്ന വെബ് പോർട്ടലിൽ ബന്ധപ്പെടുക

0 comments: