2022, ജനുവരി 29, ശനിയാഴ്‌ച

സ്കൂളുകൾ ഇനി എന്ന് തുറക്കും? വിവിധ സംസ്ഥാനങ്ങളിൽ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് എപ്പോൾ?

 

കോവിഡ് 19 കേസുകള്‍ നേരിയ തോതില്‍ കുറഞ്ഞതോടെ, മഹാരാഷ്ട്ര , മധ്യപ്രദേശ്, തമിഴ്നാട് തുടങ്ങിയ രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് സംബന്ധിച്ച്  സംസ്ഥാനാടിസ്ഥാനത്തിലുള്ള  വിവരങ്ങള്‍ ഇതാ:

മധ്യപ്രദേശ്: കോവിഡ് -19 കേസുകളുടെ വര്‍ദ്ധനവിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും എല്ലാ ക്ലാസുകളും അടയ്ക്കുവാന്‍ ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരി 30-നോ 31-നോ ഉള്ള അവലോകന യോഗത്തിന് ശേഷം സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രിഅറിയിപ്പുകള്‍ നല്‍കും. അതുവരെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കില്ല.

മഹാരാഷ്ട്ര: മുംബൈ, പൂനെ, നാസിക്ക് എന്നിവയുള്‍പ്പെടെ സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകള്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകള്‍ ദീര്‍ഘകാലത്തേക്ക് അടച്ചിരിക്കുകയായിരുന്നു. എന്നാൽ സര്‍ക്കാര്‍ അടുത്തിടെ ഒരു അവലോകന യോഗം നടത്തുകയും ജനുവരി 24 മുതല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ അനുവദിക്കുകയും ചെയ്തു.അടുത്തിടെ നടത്തിയ പ്രസ്താവനയില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പ്രഖ്യാപിച്ചത്, ''ഫെബ്രുവരി 1 മുതല്‍ പൂനെ ജില്ലയില്‍ സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കും. 1 മുതല്‍ 8 വരെ ക്ലാസുകള്‍ക്കുള്ള സ്‌കൂള്‍ സമയക്രമം സാധാരണ സമയത്തിന്റെ പകുതിയായിരിക്കും. എന്നാല്‍ 9 മുതല്‍ 10 വരെ ക്ലാസുകളില്‍ സ്‌കൂള്‍ പതിവ് ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. കോളേജുകളും കൃത്യ സമയത്തിനനുസരിച്ച് പ്രവര്‍ത്തിക്കും.

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് എല്ലാ സ്‌കൂളുകളും അടച്ചു. വിദ്യാഭ്യാസ ഡയറക്ടറേറ്റ് (DoE - The Directorate of Education) സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡല്‍ഹി സര്‍ക്കാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 85 ശതമാനം പേര്‍ക്കും വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും തലസ്ഥാനത്ത് കോവിഡ് -19 കേസുകള്‍ കുറഞ്ഞുവരുന്നതിനാല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള നിര്‍ദ്ദേശം ഡിഡിഎംഎ-യ്ക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്നും അടുത്തിടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ഉത്തര്‍പ്രദേശ്: സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സ്‌കൂള്‍ അടച്ചുപൂട്ടല്‍ നീട്ടി. നേരിട്ടുള്ള ക്ലാസുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, ഫെബ്രുവരി 15 വരെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.അതേസമയം, വരാനിരിക്കുന്ന സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ പതിവുപോലെ തുടരുമെന്ന് ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവ്‌നിഷ് കുമാര്‍ അവസ്തി അറിയിച്ചു. 2022 ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, ഉത്തര്‍പ്രദേശ് മാധ്യമിക് ശിക്ഷാ പരിഷത്ത് 10, 12 ബോര്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് 10 ന് ശേഷം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബീഹാര്‍: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും കോച്ചിംഗ് സെന്ററുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ക്ലാസുകള്‍ ഓണ്‍ലൈനായാണ് ഇപ്പോൾ നടക്കുന്നത്. ഫെബ്രുവരി 6 വരെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.

രാജസ്ഥാന്‍: രാജസ്ഥാനില്‍ 10-12 ക്ലാസുകൾ ഫെബ്രുവരി 1 മുതലും, 6-9 ക്ലാസുകൾ ഫെബ്രുവരി 10 മുതലും തുറക്കുമെന്ന് സര്‍ക്കാര്‍ പുതിയ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ വെള്ളിയാഴ്ച അറിയിച്ചു.

തമിഴ്നാട്: തമിഴ്നാട്ടിലെ സ്‌കൂളുകള്‍ 1-12 ക്ലാസുകള്‍ക്കായി ഫെബ്രുവരി ഒന്നിന് വീണ്ടും തുറക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. പ്ലേസ്‌കൂളുകള്‍, എല്‍കെജി, യുകെജി വിദ്യാലയങ്ങള്‍ അടഞ്ഞ് തന്നെ കിടക്കും. സര്‍വകലാശാലകള്‍, കോളേജുകള്‍, പോളിടെക്നിക് സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ (കോവിഡ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നവ ഒഴികെ) എന്നിവ ഫെബ്രുവരി 1 മുതല്‍ വീണ്ടും തുറക്കാന്‍ അനുവദിക്കും.

പശ്ചിമ ബംഗാള്‍: സംസ്ഥാനത്ത് എല്ലാ ക്ലാസുകളിലും നേരിട്ടുള്ള ക്ലാസുകള്‍ നടത്തുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. സ്‌കൂളുകളും കോളേജുകളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിരിക്കുകയാണ്. ഹോസ്റ്റലുകള്‍ അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ നിന്ന് പുറത്തുപോകാന്‍ കഴിയുന്നില്ലെങ്കില്‍, ഔദ്യോഗിക അറിയിപ്പ് പ്രകാരം അയാള്‍ക്ക് / അവള്‍ക്ക് ആവശ്യമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും ഹോസ്റ്റലില്‍ തന്നെ ഉച്ചഭക്ഷണവും നല്‍കണം.


0 comments: