2022, ജനുവരി 17, തിങ്കളാഴ്‌ച

പ്രധാനപ്പെട്ട ചാറ്റുകൾ വാട്‌സ്ആപ്പ് തുറക്കുമ്പോൾ മുകളിൽ കാണാനുള്ള വഴികൾ

 


ഏകദേശം 2 ബില്ലിയനിലധികം പേർ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. എസ്എംഎസ് സംവിധാനത്തെ പൂട്ടിക്കെട്ടി വാട്‌സ്ആപ്പ് എത്തിയിട്ട് വർഷങ്ങളായി. പരമ്പരാഗത മെസ്സേജിങ് സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലാത്ത പല ഫീച്ചറുകളും അവതരിപ്പിച്ചാണ് വാട്സ്ആപ്പ് ശ്രദ്ധ നേടിയത്. അതെ സമയം വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വിവിധ ഗ്രൂപ്പുകളിൽ അവർ അംഗമാണ് എന്നത്. ചിലത് കൂടുതൽ വിവരങ്ങൾ നൽകുന്ന ഗ്രൂപ്പ് ആണെങ്കിലും മിക്കതും ഫോർവേഡ് മെസ്സേജുകൾ പോസ്റ്റ് ചെയ്യാനായി മാത്രമുണ്ടാക്കിയ ഗ്രൂപ്പുകളാവും. പലപ്പോഴും നമ്മുടെ അനുവാദം ചോദിക്കാതെയാവും ഇത്തരം ഗ്രൂപ്പുകളിൽ നമ്മെ ആഡ് ചെയ്തിട്ടുണ്ടാവുക.

ഇത്തരം ഗ്രൂപ്പുകളും ഫോർവേഡ് മെസ്സേജുകൾ മാത്രമയക്കുന്ന സുഹൃത്തുക്കളും സൃഷ്ടിക്കുന്ന ഒരു പ്രശ്നം പ്രധാനപ്പെട്ട ചാറ്റുകളെ ചാറ്റ് വിൻഡോയിൽ പിന്നിലാക്കുന്നു എന്നതാണ്. ഉദാഹരണത്തിന് ദിവസവും നമ്മുടെ ജോലിസ്ഥലത്തെ വിവരങ്ങൾ നൽകുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ട് എന്ന് കരുതുക. പുലർച്ചെ നാം വാട്സ്ആപ്പ് തുറന്നു നോക്കുമ്പോൾ പല ഫോർവേഡ് മെസ്സേജുകളും വരുന്ന ഗ്രൂപ്പുകളുടെ ബാഹുല്യം കൊണ്ട് ഈ ഓഫീസിൽ ഗ്രൂപ്പ് ചാറ്റ് താഴെപോയിട്ടുണ്ടാവാം. പ്രധാനപ്പെട്ട ചില വിവരങ്ങൾ നിങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവാൻ ഇത് വഴി വച്ചേക്കും.

ഇതിനെന്താണ് പരിഹാരം? പ്രധാനപ്പെട്ട ചാറ്റുകൾ വാട്‌സ്ആപ്പ് തുറക്കുമ്പോൾ മുകളിൽ തന്നെ കാണാൻ എന്തെങ്കിലും വഴിയുണ്ടോ? വഴിയുണ്ട്. പ്രധാനപ്പെട്ട ചാറ്റ് പിൻ ചെയ്യാനുള്ള സംവിധാനം വാട്സ്ആപ്പിലുണ്ട്. പ്രധാനപ്പെട്ട 3 ചാറ്റുകളാണ് പിൻ ചെയ്യാൻ സാധിക്കുക. ഇങ്ങനെ പിൻ ചെയ്യുന്ന ചാറ്റുകൾ എപ്പോഴും വാട്സാപ്പ് വിൻഡോയുടെ മുകളിൽ തന്നെ കാണും.

ആൻഡ്രോയിഡ് ഫോണുകളിൽ ഒരു ചാറ്റ് എങ്ങനെ പിൻ ചെയ്യാം?

  • നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ വാട്സ്ആപ്പ് തുറക്കുക
  • നിങ്ങൾ പിൻ ചെയ്യാനാഗ്രഹിക്കുന്ന ചാറ്റ് അമർത്തിപ്പിടിക്കുക
  • മുകളിലെ ബാറിൽ ഒരു ചാറ്റ് പിൻ ചെയ്യാനുള്ള ഐക്കൺ പ്രത്യക്ഷപ്പെടും
  • ഈ ഐക്കണിൽ ടാപ്പ് ചെയ്യുക, നിങ്ങൾ തിരഞ്ഞെടുത്ത ചാറ്റ് മുകളിൽ പിൻ ചെയ്യും

ഐഓഎസ്സിൽ ഒരു ചാറ്റ് എങ്ങനെ പിൻ ചെയ്യാം?

  • നിങ്ങളുടെ ഐഫോണിൽ വാട്സ്ആപ്പ് തുറക്കുക
  • നിങ്ങൾ പിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റിൽ വലത്തേക്ക് സ്വൈപ്പുചെയ്യുക
  • ശേഷം പിൻ അമർത്തുക





0 comments: