2022, ജനുവരി 19, ബുധനാഴ്‌ച

വാരാന്ത്യ ലോക്ക്ഡൗൺ, രാത്രി കർഫ്യൂ ? സംസ്ഥാനത്ത് നിയന്ത്രണങ്ങളെന്തെല്ലാം? ഇന്ന് നിർണായക യോ​ഗം

 

കൊവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കൂടുതൽ നിയന്ത്രണം  കൊണ്ട് വരും. വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് അവലോകന യോഗമാണ് അന്തിമ തീരുമാനം എടുക്കുന്നത്. കോളേജുകൾ അടച്ചിട്ടേക്കും. പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികൾ വന്നേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം 50ൽ നിന്ന് കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യൂവും സജീവ പരിഗണനയിലുണ്ട്.

നിയന്ത്രണം കടുപ്പിക്കുമ്പോഴും സമ്പൂർണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്.  സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 0ശതമാനത്തിനും മേൽ പോകാനും സാധ്യതയേറിയിട്ടുള്ള അവസ്ഥയാണിപ്പോൾ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അടക്കം ആശുപത്രികൾ പലതും രോ​ഗികളാൽ നിറഞ്ഞത് ചികിത്സയിലും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.  

വരാനിരിക്കുന്നത് ഒമിക്രോൺ സാമൂഹിക വ്യാപനത്തിന്‍റെ പ്രതിഫലനമാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. രോ​ഗികളുടെ എണ്ണം കൂടുന്നതിൽ മാത്രമല്ല ആശങ്കയുള്ളത്. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കൂടുന്നതാണ് പ്രതിസന്ധി. ഇപ്പോൾ തന്നെ കോഴിക്കോട് അടക്കം മെഡിക്കൽ കോളജ് ആശുപത്രി രോ​ഗികളാൽ നിറഞ്ഞു. തിരുവനന്തപുരത്ത് കിടത്തി ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണവും കൂടുന്നുണ്ട്.  കൊവിഡിനൊപ്പം മറ്റ് ചെറിയ ആരോ​ഗ്യപ്രശ്നങ്ങളും ഉള്ളവരെയെല്ലാം താഴേത്തട്ടിലുള്ള ആശുപത്രികൾ മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്.

സി കാറ്റ​ഗറി അതായത് ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികളെ മാത്രം മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്താൽ മതിയെന്ന് നിർദേശം നൽകണമെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃ‌തർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 192 ശതമാനമാണ് ആവർധന. ‌ആരോ​ഗ്യവകുപ്പ് പ്രതീക്ഷിച്ചതിലും ഇരട്ടിയാണ് ഈ സംഖ്യ.

ഒമിക്രോൺ സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ രോ​ഗികൾ ആശുപത്രികളിലെത്തുമെന്നുറപ്പ്. താഴേത്തട്ടിലുള്ള ആശുപത്രികളിലെ കൊവിഡ് ചികിത്സയും രണ്ടാം തരം​ഗത്തിന്‍റെ തുടക്കത്തിൽ ഉണ്ടായിരുന്നത് പോലെ സിഎഫ്എൽടിസികളും വ്യാപകമാകമാക്കിയില്ലെങ്കിൽ മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനം താറുമാറാകും. നിലവിൽ കൊവിഡിതര ചികിത്സകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ആലോചനയുണ്ട്.


0 comments: