2022, ഫെബ്രുവരി 28, തിങ്കളാഴ്‌ച

വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടി; 'ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യും'

 സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും പൊലീസ് മേധാവിയും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി.

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞു കിടന്നാലുംകുട്ടികളെ ഇരിക്കാന്‍ അനുവദിക്കാത്തതും കമ്മീഷന്‍ ഗൗരവമായാണ് കാണുന്നത്. വിദ്യാര്‍ഥികള്‍ കൈ കാണിച്ചാല്‍ നിര്‍ത്താതെ പോകുന്നതും സീറ്റില്‍ ഇരുന്നുള്ള യാത്ര നിഷേധിക്കുന്നതും കുട്ടികളോടുള്ള കടുത്ത വിവേചനവും കുട്ടികള്‍ക്കായുള്ള ദേശീയവും അന്തര്‍ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് വിലയിരുത്തിയ കമ്മീഷന്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് നിര്‍ദ്ദേശിച്ചു.

കുട്ടികള്‍ക്ക് സ്‌കൂളിലെത്താനുള്ള ബസ്, സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നു. ബസില്‍ കയറിയാല്‍ ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായി പെരുമാറുന്നു. കുട്ടികള്‍ക്ക് പരീക്ഷകള്‍ക്ക് സമയത്തിന് എത്താന്‍ കഴിയുന്നില്ല തുടങ്ങിയ പരാതികളുന്നയിച്ച്‌ ഇടുക്കിയിലെ റ്റോം ജോസഫ് ബാലാവകാശ കമ്മീഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.

0 comments: