2022, ഫെബ്രുവരി 20, ഞായറാഴ്‌ച

ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ, ഇ-റുപ്പിയിൽ ഡിജിറ്റല്‍ ഇടപാടുകള്‍ എങ്ങനെ നടത്താം?

 രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച സംവിധാനമാണ് ഇ-റുപ്പി. ക്രമക്കേടുകൾ ഇല്ലാതെ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ സംവിധാനത്തിനുണ്ട്. ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കി തയാറാക്കിയിരിക്കുന്ന ഈ സംവിധാനം നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷനാണ് വികസിപ്പിച്ചിരിക്കുന്നത്. ഇ-റുപ്പിയിലൂടെ കറൻസി ഉപയോ​ഗിക്കാതെ ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ ഉപയോക്താക്കൾക്ക് സാധിക്കും. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യു ആര്‍ കോഡ് അല്ലെങ്കില്‍ എസ് എം എസ് അധിഷ്ഠിത ഇ-റുപ്പി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. 

നിലവിൽ ഇ-റുപ്പി സംവിധാനം കൂടുതൽ പ്രായോ​ഗികമാക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്രം. നേരത്തെ ആർബിഐ പ്രീ-പെയ്ഡ് ഡിജിറ്റൽ വൗച്ചറുകളുടെ പരിധി 10,000 രൂപയായിരുന്നു. ഇതിനെ ഒരു ലക്ഷം രൂപയായി ഉയർത്താനാണ് സർക്കാർ തീരുമാനച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ വൗച്ചറിന്റെ പൂർണ്ണമായ മൂല്യം വീണ്ടെടുക്കുന്നത് വരെ അത് ഒന്നിലധികം തവണ ഉപയോഗിക്കുവാനും അനുവദിച്ചിട്ടുണ്ട്. ആർബിഐ അടുത്തിടെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഉപയോക്താക്കൾക്ക് ഇ-റുപ്പി നൽകാൻ കഴിയും എന്നത് ഈ സംവിധാനത്തിന്റെ ഒരു പ്രത്യേകതയാണ്. ഇന്റർനെറ്റ് സൗകര്യവും ഇതിന് ആവശ്യമില്ല. ഈ സേവനത്തിന് സ്മാർട്ട് ഫോൺ വേണമെന്നില്ല. സാധാരണ ഫോൺ ഉപയോഗിച്ചും ഇ-റുപ്പിയുടെ സൗകര്യം പ്രയോജനപ്പെടുത്താം. ഡിജിറ്റല്‍ പെയ്‌മെന്റ് അപ്ലിക്കേഷനുകള്‍, പെയ്‌മെന്റ് കാര്‍ഡുകള്‍ ,ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവിടെ സഹായമില്ലാതെതന്നെ ഒരു ഉപഭോക്താവിന് ഇടപാടുകള്‍ നടത്താന്‍ സാധിക്കും.വിവിധ സർക്കാർ പദ്ധതികൾക്കും മരുന്ന് ലഭ്യമാക്കുന്നിതിനുമെല്ലാം ഇ-റുപ്പി ഉപയോ​ഗിക്കാം. മാതൃ ശിശു ക്ഷേമ പദ്ധതികള്‍, ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍, വളം സബ്‌സിഡി തുടങ്ങിയ സേവനങ്ങള്‍ക്കായി പദ്ധതി വിനിയോ​ഗിക്കാം. ഇ-റുപ്പി വിതരണം ചെയ്യുന്നത് രാജ്യത്തെ പൊതുമേഖല -സ്വകാര്യ ബാങ്കുകള്‍ ആണ്. ബാങ്കുകളെ സമീപിച്ചാൽ ​ഗുണഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും. അതേസമയം ഇതിനായി ആധാര്‍ നമ്പര്‍ നിര്‍ബന്ധമില്ല .മൊബൈല്‍ നമ്പര്‍ മാത്രം മതി.


0 comments: