2022, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ഫെബ്രുവരി മുതല്‍ രാജ്യത്തെ പ്രധാനബാങ്കുകളില്‍ നിലവില്‍ വന്ന നിര്‍ണായക മാറ്റങ്ങൾ

 ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്തെ പ്രധാന ബാങ്കുകളായ എസ്.ബി.ഐ, പി.എന്‍.ബി, ബാങ്ക് ഓഫ ബറോഡ, ഐ.സി.ഐ.സി.ഐ ബാങ്കുകളില്‍ ചില നിര്‍ണായക മാറ്റങ്ങള്‍ നിലവില്‍ വരികയാണ്.ചെക്ക് പേയ്മെന്റ്, പണമിടപാടുകള്‍, വിവിധ സേവനങ്ങള്‍ക്ക് ചുമത്തുന്ന ഫീസുകള്‍ എന്നിവയിലാണ് മാറ്റം. ഫെബ്രുവരി മുതല്‍ ബാങ്കുകളില്‍ നിലവില്‍ വരുന്ന മാറ്റങ്ങളറിയാം

എസ്.ബി.ഐ

ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ ബാങ്കിങ്ങിനോട് താല്‍പര്യം വളര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഐ.എം.പി.എസ് സേവനത്തിലൂടെ സൗജന്യമായി കൈമാറാവുന്ന തുകയുടെ പരിധി എസ്.ബി.ഐ ഉയര്‍ത്തി. രണ്ട് ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമാക്കിയാണ് പരിധി ഉയര്‍ത്തിയത്. ചാര്‍ജുകളൊന്നുമില്ലാതെ അഞ്ച് ലക്ഷം രൂപ വരെ ഐ.എം.പി.എസ് സംവിധാനം വഴി എസ്.ബി.ഐയുടെ ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിങ്ങിലൂടെ കൈമാറാമെന്ന് ബാങ്ക് അറിയിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്ക്

ഇ .എം.ഐ കൃത്യമായി അടക്കാതിരുന്നാലുള്ള പിഴ പി.എന്‍.ബി ഉയര്‍ത്തി. 250 രൂപയാണ് പുതിയ പിഴ നിരക്ക്. നേരത്തെ അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ ഇ.എം.ഐ ഇടപാടുകള്‍ നടക്കാതിരുന്നാല്‍ 100 രൂപയായിരുന്നു പിഴയായി ചുമത്തിയിരുന്നത്.

ബാങ്ക് ഓഫ് ബറോഡ 

ചെക്ക് ക്ലിയറന്‍സ് നിയമത്തിലാണ് ബാങ്ക് ഓഫ് ബറോഡ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ ചെക്ക് പേയ്മെന്റിന് ബാങ്ക് ഓഫ് ബറോഡയില്‍ വെരിഫിക്കേഷന്‍ ആവശ്യമായി വരും. ഇക്കാര്യത്തില്‍ ബാങ്കിന് കണ്‍ഫര്‍മേഷന്‍ ലഭിച്ചില്ലെങ്കില്‍ ചെക്ക് ക്ലിയറാകില്ല. പോസിറ്റീവ് പേ സിസ്റ്റം എന്നാണ് ബാങ്ക് ഓഫ് ബറോഡ പുതിയ സംവിധാനത്തെ വിളിക്കുന്നത്.

ഐ.സി.ഐ.സി.ഐ ബാങ്ക്

ഫെബ്രുവരി 10 മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഉയര്‍ത്തി. ഉപയോക്താക്കള്‍ ഇനി 2.50 ശതമാനം ഇടപാട് ചാര്‍ജായി നല്‍കണം. ക്രെഡിറ്റ് കാര്‍ഡ് ബില്ലടക്കാന്‍ വൈകിയാല്‍ മൊത്തം തുകയുടെ രണ്ട് ശതമാനം പിഴയായി നല്‍കണം. ഇത് കൂടാതെ 50 രൂപയും ജി.എസ്.ടിയും ഉപയോക്താവിന്റെ സേവിങ്സ് അക്കൗണ്ടില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

0 comments: